അരിസോണയിൽ ആറ്റുകാൽ പൊങ്കാല മഹോത്സവം – ഫെബ്രുവരി 24 ന്

ഫീനിക്സ് : ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവം അരിസോണയിലെ ദേവി ഭക്തർ ആചരിക്കുന്നു. അരിസോണയിലെ ഹൈന്ദവ കൂട്ടായ്മയായ കേരള ഹിന്ദുസ് ഓഫ് അരിസോണയുടെ നേതൃത്വത്തിലാണ് ഈ പൊങ്കാല മഹോത്സവം സംഘടിപ്പിക്കുന്നത്. ആറ്റുകാലമ്മയുടെ ഭക്തരുടെ നിരന്തരമായ അഭ്യർഥനയെ മാനിച്ചുകൊണ്ട് ഈ വരുന്ന ഫെബ്രുവരിമാസം 24-നു ശനിയാഴ്ച മഹാഗണപതി ക്ഷേത്രത്തിൽ വച്ചാണ് വിപുലമായ പൊങ്കാല ആഘോഷങ്ങൾ നടക്കുന്നത്.

സ്ത്രീ ജനങ്ങളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ അതിപ്രധാനമായ ഉത്സവമാണ് കുംഭമാസത്തിലെ പൊങ്കാല. ആറ്റുകാലമ്മയ്ക്ക് ഭക്തരര്‍പ്പിക്കുന്ന ഏറ്റവും വലിയ നൈവേദ്യമാണ് പൊങ്കാല. കുംഭമാസത്തിലെ പൂരം നാളിലാണു അറ്റുകാല്‍ ദേവീക്ഷേത്രത്തിലെ പൊങ്കാല നടക്കുന്നത്.

ആറ്റുകാൽ പൊങ്കാലയുടെ തനിമ ഒട്ടും ചോരാതെ, അതെ ചിട്ടവട്ടങ്ങളും ആചാരാനുഷ്ടാനങ്ങളോടുകൂടി തന്നെയാണ് ഈ പൊങ്കാല കർമങ്ങൾ നടക്കുകയെന്ന് സംഘാടകർ അറിയിച്ചു. പൊങ്കാലയുടെ രെജിസ്ട്രേഷൻ ആരംഭിച്ചു, മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നു പൊങ്കാല ആഘോഷകമ്മറ്റി ഭാരവാഹികളായ കിരൺ മോഹൻ , നീതു കിരൺ എന്നിവർ അറിയിച്ചു.

രാവിലെ ഗണപതി ഹോമം, വൃക്ഷ പൂജ, ദേവി പൂജ എന്നിവക്ക് ശേഷം 10.00-ന് പൊങ്കാല അടുപ്പിൽ ക്ഷേത്ര മേൽശാന്തി തീ പകരും. 12.00-ന് പൊങ്കാല നിവേദ്യവും, തുടർന്ന് തൂശനിലയിൽ പ്രത്യക വിഭവങ്ങളോട് കൂടിയ പൊങ്കാല സദ്യയും ഉണ്ടായിരിക്കും.

ഗണപതി ഹോമം, ദേവി പൂജ, അർച്ചന എന്നിവക്കും ഭക്തർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 602-628-8979 / 602-715-0627.

Print Friendly, PDF & Email

Leave a Comment