ക്യാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനവുമായി സേവാഭാരതിയുടെ ‘ശബരിഗിരീശ സേവാ നിലയം’

കോട്ടയം: ക്യാന്‍സര്‍ രോഗികൾക്ക് സൗജന്യ താമസവും ഭക്ഷണവും നൽകുന്നതിനായി കോട്ടയം മെഡിക്കൽ കോളേജിന് സമീപം സേവാഭാരതിയുടെ ‘ശബരിഗിരീശ സേവാ നിലയം’  തയ്യാറായി.

രോഗികൾക്കും കൂട്ടിരിപ്പുകാര്‍ക്കും സാന്ത്വനമേകാൻ കോട്ടയം മെഡിക്കൽ കോളേജിന് സമീപം ഗാന്ധിനഗർ കെഎസ്‌ഇബി സബ്‌സ്റ്റേഷനു എതിർവശത്തായി 12,000 ചതുരശ്ര അടി വിസ്തീർണമുള്ള ശബരിഗിരീശ സേവനിലയം എന്ന മൂന്നുനില കെട്ടിടം കാൻസർ രോഗികൾക്കും സമീപവാസികൾക്കും സൗജന്യമായി താമസസൗകര്യം ഒരുക്കുന്നതിനായാണ് സേവാഭാരതി നിർമ്മിച്ചിരിക്കുന്നത്.

ദൂരസ്ഥലങ്ങളിൽ നിന്ന് വരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ താമസവും ഭക്ഷണവും സേവാഭാരതി ഇവിടെ ഒരുക്കുന്നുണ്ട്. 36 മുറികൾ ലഭ്യമാണെങ്കിൽ, ഇരട്ട കിടക്കകളുള്ള 30 മുറികൾ ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. ദിവസവും 300 പേർക്ക് ഭക്ഷണം തയ്യാറാക്കാനുള്ള സൗകര്യവുമുണ്ട്.

ശബരിഗിരീശ സേവനിലയത്തിന്റെ ഉദ്ഘാടനം ഈ മാസം 15-ന് നടക്കും. മൂന്നര കോടി രൂപ ചെലവിലാണ് ഈ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. കോട്ടയം മെഡിക്കൽ കോളജ് കേന്ദ്രീകരിച്ചുള്ള സേവാഭാരതിയുടെ പ്രവർത്തനങ്ങൾ സമർപ്പിത സേവനത്തിന്റെ കാൽനൂറ്റാണ്ട് പിന്നിടുന്ന വേളയിലാണ് ഈ പുതിയ സംരംഭം യാഥാർഥ്യമാകുന്നത്.

കോട്ടയം മെഡിക്കൽ കോളേജിൽ പ്രാതൽ വിതരണം, രക്തദാനം, ആംബുലൻസ് സൗകര്യങ്ങൾ, സാന്ത്വന പരിചരണം, ശവസംസ്‌കാര സേവനങ്ങൾ, ശബരിമല മണ്ഡലകാലത്ത് ഹെൽപ്പ് ഡെസ്‌ക് തുടങ്ങി നിരവധി സേവനങ്ങൾ സേവാഭാരതി നൽകുന്നുണ്ട്.

Print Friendly, PDF & Email

Leave a Comment

More News