ശബരിമലയിൽ ഭക്തജനങ്ങളുടെ വൻ തിരക്ക്; സുരക്ഷാ, ക്രൗഡ് മാനേജ്‌മെന്റ് ചുമതലകൾ ഏറ്റെടുക്കാൻ തുടങ്ങി

പത്തനം‌തിട്ട: ശബരിമലയിലേക്കുള്ള ഭക്തരുടെ വരവ് നിയന്ത്രിക്കാൻ ആരംഭിക്കുന്നതിനു ഒരു ദിവസം മാത്രം ബാക്കി നിൽക്കെ, തീർത്ഥാടകരുടെ വന്‍ തിരക്കാണ് ചൊവ്വാഴ്ച പുണ്യമലയിൽ അനുഭവപ്പെട്ടത്.

അയ്യപ്പക്ഷേത്രത്തിലേക്കുള്ള തിരക്ക് രൂക്ഷമായതിനാൽ സന്നിധാനത്ത് തീർഥാടകരെ കടത്തിവിടുന്ന മേൽപ്പാലത്തിന്റെ കൈവരി തിരക്ക് കാരണം തകർന്നു. ചില തീർത്ഥാടകർ താഴെ വീണെങ്കിലും ആളപായമില്ല.

ഔദ്യോഗിക കണക്ക് പ്രകാരം ഡിസംബർ 30-ന് ക്ഷേത്രം വീണ്ടും തുറന്നതു മുതൽ പ്രതിദിനം ശരാശരി ഒരു ലക്ഷം ഭക്തർ ദർശനം നടത്തുന്നുണ്ട്. മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചുള്ള തിരക്ക് കുറയ്ക്കാൻ വെർച്വൽ ക്യൂ ബുക്കിംഗിന്റെ പരിധി അധികൃതർ കുറച്ചു.

തിരുവാഭരണ ഘോഷയാത്രയോടനുബന്ധിച്ച് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണം വഹിച്ചുകൊണ്ടുള്ള മൂന്ന് ദിവസത്തെ ഘോഷയാത്ര ജനുവരി 13ന് ആരംഭിക്കും.

അതേസമയം, കഴിഞ്ഞ ബാച്ചിലെ 50 ശതമാനം പോലീസുകാരെയും നിലനിർത്തിക്കൊണ്ട് പുതിയ ബാച്ച് പോലീസ് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച ഘട്ടംഘട്ടമായി ശബരിമലയിലെ സുരക്ഷാ, ക്രൗഡ് മാനേജ്‌മെന്റ് ചുമതലകൾ ഏറ്റെടുക്കാൻ തുടങ്ങി.

സന്നിധാനത്തെ പുതിയ സ്‌പെഷ്യല്‍ ഓഫിസറായി എസ്‌ സുജിത് ദാസാണ് ചുമതലേറ്റത്. മുൻ മലപ്പുറം എസ്‌പിയായിരുന്ന അദ്ദേഹം നിലവിൽ ആന്‍റി നക്‌സൽ സ്ക്വാഡ് തലവനാണ്. മകരവിളക്ക് ദർശനത്തിന് എത്തുന്ന മുഴുവന്‍ അയ്യപ്പഭക്തർക്കും സുഗമമായ ദർശനവും സഹായവും നൽകാൻ പൊലീസ് പ്രതിജ്ഞാബദ്ധമായിരിക്കണമെന്ന് പുതിയ ബാച്ചിനെ വലിയ നടപ്പന്തലിൽ നടന്ന ചടങ്ങിൽ അഭിസംബോധന ചെയ്‌ത് കൊണ്ട് നിലവിലെ സന്നിധാനം സ്പെഷ്യൽ ഓഫിസറായ ആർ ആനന്ദ് പറഞ്ഞു. മകരവിളക്കിനോട് അനുബന്ധിച്ച് പ്രത്യേക സുരക്ഷ ക്രമീകരണങ്ങൾ ഉണ്ടാകും. വിമർശനങ്ങൾക്ക് ഇടനൽകാതെ ഭക്തർക്ക് നല്ലൊരു മകരവിളക്ക് ദര്‍ശനം ഉറപ്പാക്കുവാൻ എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് സേനയുടെ ആറാമത് ബാച്ചാണ് ശബരിമലയിൽ ചുമതല ഏറ്റെടുത്തത്. കഴിഞ്ഞ ബാച്ചിലെ 50 ശതമാനം പൊലീസ് ഉദ്യോഗസ്ഥരെ നിലനിർത്തിക്കൊണ്ട് ഘട്ടം ഘട്ടമായാണ് പുതിയ ബാച്ച് ചുമതല ഏറ്റെടുക്കുക. സന്നിധാനത്ത് പുതുതായി ചുമതലയേറ്റ് ബാച്ചിൽ ആദ്യഘട്ടത്തിൽ 10 ഡിവൈഎസ്‌പിമാർ, 20 സിഐമാർ, 75 എസ്ഐ, എഎസ്ഐമാർ, 950 പൊലീസുകാർ എന്നിവർ ഉൾപ്പെടുന്നു.

രണ്ടാം ഘട്ടത്തിൽ ബാക്കിയുള്ള 50 ശതമാനം പൊലീസുദ്യോഗസ്ഥർക്ക് പകരം വ്യാഴാഴ്‌ച 20 സിഐമാർ, 75 എസ്ഐ, എഎസ്ഐമാർ, 950 പൊലീസുകാർ എന്നിവരും ഡ്യൂട്ടിക്കായി എത്തും. മകര വിളക്കിന് കൂടുതൽ ക്രമീകരണങ്ങൾ ഒരുക്കുന്നതിന്‍റെ ഭാഗമായി ജനുവരി 13ന് ആറ് ഡിവൈഎസ്‌പിമാർ, 15 സിഐമാർ, 25 എസ്ഐ, എഎസ്ഐമാർ, 350 പൊലീസുകാരും ശബരിമല ഡ്യൂട്ടിയിൽ പ്രവേശിക്കും. മകരവിളക്ക് മഹോത്സവ സമയത്ത് 2500 ഓളം പൊലീസുദ്യോഗസ്ഥരാണ് സന്നിധാനത്ത് സുരക്ഷ ഒരുക്കുക. പുതിയ ബാച്ച് ജനുവരി 20 വരെയാണ് ഡ്യൂട്ടിയില്‍ ഉണ്ടാകുക.

 

 

 

 

Print Friendly, PDF & Email

Leave a Comment

More News