മാസപ്പടി വിവാദം: വീണാ വിജയന്റെ കമ്പനിക്കെതിരെ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്‌സലോജിക് കമ്പനിക്കെതിരെ കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്.

വിശദമായ അന്വേഷണത്തിന് മൂന്നംഗ ഉന്നത സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കർണാടക ഡെപ്യൂട്ടി രജിസ്ട്രാർ ഓഫ് കമ്പനീസ് വരുൺ ബിഎസ്, ചെന്നൈ ഡെപ്യൂട്ടി ഡയറക്ടർ കെ എം ശങ്കര നാരായണൻ, പോണ്ടിച്ചേരി ആർഒസി, എ., ഗോകുൽനാഥ് എന്നിവർക്കാണ് അന്വേഷണ ചുമതല. സെൻട്രൽ കമ്പനി അഫയേഴ്സ് മന്ത്രലം ജോയിന്റ് ഡയറക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നാലു മാസത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കണം. മാസപ്പടി വിവാദത്തിൽ ആദായ നികുതി ബോർഡിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. 2013ലെ കമ്പനി നിയമത്തിലെ 210.1.സി വകുപ്പ് പ്രകാരമാണ് അന്വേഷണം നടക്കുന്നത്.

കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിനെതിരെയും പൊതുമേഖലാ സ്ഥാപനമായ വ്യവസായ വികസന കോർപറേഷനെതിരെയും അന്വേഷണമുണ്ട്. എക്സാലോജിക് കമ്പനി നിരവധി നിയമ ലംഘനങ്ങൾ നടത്തിയെന്ന് ഉത്തരവിൽ പറയുന്നു

എക്‌സാലോജിക്കും സിഎംആർഎല്ലുമായുള്ള ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ രജിസ്ട്രാർ ഓഫ് കമ്പനീസിന് പരാതി ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുമായുള്ള ബന്ധത്തിന്റെ പേരിൽ എക്‌സാലോജിക്കിന് സിഎംആർഎൽ 1.72 കോടി രൂപ അനധികൃതമായി നൽകിയെന്ന് നേരത്തെ ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരുന്നു. ചെയ്യാത്ത സേവനത്തിനാണ് എക്‌സാലോജിക്ക് ഈ പണം കൈപ്പറ്റിയതെന്നായിരുന്നു കണ്ടെത്തൽ.

Print Friendly, PDF & Email

Leave a Comment

More News