മർകസ് സെന്‍ട്രല്‍ ഖുർആൻ ഫെസ്റ്റ്: ലോഗോ പ്രകാശിതമായി

കോഴിക്കോട്: മർകസ് ഹിഫ്ളുൽ ഖുർആൻ അക്കാദമിയിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന 25 സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ മാറ്റുരക്കുന്ന ‘അൽ ഖലം ഖുർആൻ ഫെസ്റ്റ് 24’ ന്റെ ലോഗോ പ്രകാശനം ചെയ്തു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍ നേതൃത്വം നല്‍കി. കലാ സാഹിത്യരംഗം മൂല്യശോഷണം നേരിടുന്ന പുതിയ കാലത്ത് മത മൂല്യങ്ങളില്‍ ഉറച്ച് നിന്ന് കലാവിഷ്കാരം നടത്തുക, ഖുര്‍ആൻ അനുബന്ധ മത്സരങ്ങൾ പരിശീലിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്നിവയാണ് അൽ ഖലമിലൂടെ ലക്ഷ്യമിടുന്നത്.

മർകസ് സെൻട്രൽ ക്യാമ്പസിലും അഫിലിയേറ്റഡ് ക്യാമ്പസുകളിലുമായി എഴുന്നൂറിലധികം കുട്ടികൾ ഖുർആൻ മനഃപ്പാഠമാക്കുന്നുണ്ട്. നാല് വർഷത്തെ പഠനത്തിലൂടെ പാരായണ നിയമമനുസരിച്ച് ഖുർആൻ പൂർണമായി ഹൃദിസ്ഥമാക്കുകയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് പഠിതാക്കളെ ഉയർത്തിക്കൊണ്ട് വരുകയും ചെയ്യുന്ന പഠന രീതിയാണ് മർകസ് ആവിഷ്കരിച്ചിട്ടുള്ളത്.

വിശുദ്ധ ഖുർആനുമായി ബന്ധപ്പെട്ട 28 ഇനങ്ങളിലാണ് അൽഖലം ഫെസ്റ്റ് നടക്കുന്നത്. മർകസ് ഖുർആൻ അക്കാദമി കാരന്തൂർ, ബദ്റുൽ ഹുദാ ഹിഫ്ള് അക്കാദമി പനമരം, മർകസ് ഹിഫ്ള് അക്കാദമി പെരളശ്ശേരി, സൈൻ ഖുർആൻ അക്കാദമി കൂരിയാട് എന്നിവിടങ്ങളിലെ സെക്ടർ തല ഫെസ്റ്റുകളിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചവരാണ് ജനുവരി 27, 28 തിയ്യതികളിൽ മർകസിൽ നടക്കുന്ന സെൻട്രൽ ഫെസ്റ്റിൽ മാറ്റുരക്കുക. ലോഗോ പ്രകാശന ചടങ്ങിൽ ഖാരിഅ് മുഹമ്മദ് ഹനീഫ് സഖാഫി, അഡ്വ. മുഹമ്മദ് ശരീഫ്, അക്ബര്‍ ബാദുഷ സഖാഫി, ഹനീഫ സഖാഫി, ഹാഫിള് അബ്ദുസമദ് സഖാഫി, ഹാഫിള് അബ്ദുന്നാസിര്‍ സഖാഫി സംബന്ധിച്ചു.

Print Friendly, PDF & Email

Leave a Comment

More News