കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി

മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി

UST CSR Volunteers with people of Oorukary Kuttanad during the switch on event

തിരുവനന്തപുരം, ജനുവരി 16, 2024: ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്‌ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി രണ്ട് ഗ്രാമങ്ങളില്‍ ജലശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു. വൻ ജനാവലിയെ സാക്ഷി നിർത്തി മിത്രക്കരി, ഊരുക്കരി എന്നീ ഗ്രാമങ്ങളിലെ പ്ലാന്റുകൾ ഉദ്ഘാടനം ചെയ്തു.

പത്ത് വര്‍ഷത്തിലേറെയായി കുട്ടനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കമ്പനി ഇത്തരത്തിലൊരു പ്രവര്‍ത്തനത്തിനു തുടക്കമിട്ടത്. ശുദ്ധജലം ലഭ്യമല്ലാത്ത അവസ്ഥ മിത്രക്കരി, ഊരുക്കരി എന്നീ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ഈ രണ്ടു ഗ്രാമങ്ങളിലും സ്ഥാപിച്ച ജല ശുദ്ധീകരണ പ്ലാന്റുകളുടെ ഉദ്ഘാടനം രണ്ട് ചടങ്ങുകളിലായി നടന്നു. അഡോപ്റ്റ് എ വില്ലേജ് പദ്ധതിയുടെ ഭാഗമായി, യുഎസ് ടി കൊച്ചി കേന്ദ്രത്തിലെ സിഎസ്ആര്‍ ടീമിന്റെ നേതൃത്വത്തിലാണ് ജലശുദ്ധീകരണ പ്ലാന്റുകള്‍ ആരംഭിച്ച് തദ്ദേശവാസികളായ ജനങ്ങൾക്ക് സമർപ്പിച്ചത്.

വലിയ തോതില്‍ കുടിവെള്ള ക്ഷാമം നേരിടുന്ന രണ്ട് ഗ്രാമങ്ങളിലെയും ധാരാളം ഗുണഭോക്താക്കള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. പ്ലാന്റുകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച പ്രാദേശിക കമ്മിറ്റികള്‍ക്ക് യു എസ് ടി കൊച്ചി സി എസ് ആര്‍ ടീം പ്രവര്‍ത്തന ചുമതല കൈമാറി. മിത്രക്കരിയിലെ 5000 ത്തോളം താമസക്കാരടങ്ങുന്ന 1000 കുടുംബങ്ങള്‍ക്കും, ഊരുക്കരിയിലെ 2500 ഓളം പ്രദേശവാസികള്‍ ഉള്‍പ്പെടുന്ന 500 കുടുംബങ്ങള്‍ക്കും കുടിവെള്ളത്തിനും പാചകത്തിനും മറ്റ് വീട്ടാവശ്യങ്ങള്‍ക്കും ഈ പ്ലാന്റുകള്‍ ജലസ്രോതസ്സാകും.

യു എസ് ടി കൊച്ചി സി എസ് ആര്‍ അംബാസഡര്‍ പ്രശാന്ത് സുബ്രഹ്മണ്യന്‍, മറ്റ് ഭാരവാഹികളായ ദീപാ ചന്ദ്രന്‍, ഷൈന്‍ വര്‍ഗീസ്, ദീപേഷ് ചന്ദ്രന്‍, മനോജ് മുരളീധരന്‍ എന്നിവര്‍ സ്വിച്ച് ഓൺ ചടങ്ങില്‍ സന്നിഹിതരായിരുന്നു. രണ്ട് ഗ്രാമങ്ങളിലെയും ചടങ്ങുകളില്‍ മിത്രക്കരി, ഊരുക്കരി പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു. കുട്ടനാട്ടിലെ സാമൂഹ്യ പ്രവര്‍ത്തകരും പദ്ധതിക്ക് പിന്തുണ നല്‍കുകയും പരിപാടിയുടെ ഭാഗമാകുകയും ചെയ്തു.

UST CSR Volunteers with people of Mithrakary Kuttanad during the switch on event

“ഒരു ദശാബ്ദത്തിലേറെയായി മിത്രക്കരിയിലെയും ഊരുക്കരിയിലെയും ജനങ്ങൾ നേരിടുന്ന രൂക്ഷമായ ജലക്ഷാമ പ്രതിസന്ധിയിൽ നിന്ന് കരകയറാനുതകുന്ന ഈ സംരംഭം വിഭാവനം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യാന്‍ കഴിഞ്ഞിരിക്കുകയാണ്. കുടിവെള്ളം ലഭ്യമല്ലാത്തത് മിത്രക്കരി, ഊരുക്കരി എന്നീ കുട്ടനാടൻ ഗ്രാമങ്ങളിലെ ജനങ്ങൾ നേരിടുന്ന പ്രശ്‌നമായിരുന്നു, മാത്രമല്ല, അതുമൂലം പല ആരോഗ്യ പ്രശ്‌നങ്ങളും ഉടലെടുത്തിട്ടുമുണ്ട്. യു എസ് ടി യുടെ ചീഫ് വാല്യൂസ് ഓഫീസർ സുനിൽ ബാലകൃഷ്ണന്റെയും ആഗോള സി എസ് ആർ മേധാവി സ്മിത ശർമയുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സി എസ് ആർ ടീമിന്റെ ശ്രമങ്ങൾ രണ്ടു ഗ്രാമങ്ങളിലെയും കുടുംബങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് പ്രായോഗികമായ പരിഹാരം കണ്ടെത്താൻ സഹായിക്കുമെന്നതിൽ യു എസ് ടിയ്ക്ക് ചാരിതാർഥ്യമുണ്ട്,” യു എസ് ടി കൊച്ചി സിഎസ്ആര്‍ അംബാസഡര്‍ പ്രശാന്ത് സുബ്രഹ്മണ്യന്‍ പറഞ്ഞു. യു എസ് ടി കൊച്ചിയിലെ സി എസ് ആര്‍ ലീഡര്‍ ദീപാ ചന്ദ്രനും രണ്ട് ഗ്രാമങ്ങളിലെ സമ്മേളനങ്ങളെ അഭിസംബോധന ചെയ്തു.

കിണര്‍, പ്രീ-ഫില്‍ട്ടറേഷന്‍, ക്ലോറിനേഷന്‍ ടാങ്ക്, ഇരുമ്പ് തുടങ്ങിയ ധാതുക്കൾ ഫില്‍ട്ടര്‍ ചെയ്യുന്ന സംവിധാനം, കാര്‍ബണ്‍ ഫില്‍ട്ടര്‍, യുവി ഫില്‍ട്ടര്‍, വിതരണ ടാങ്ക് എന്നിവ മിത്രക്കരി ഗ്രാമത്തിലെ ജലശുദ്ധീകരണ പ്ലാന്റില്‍ ഉള്‍പ്പെടുന്നു. കിണര്‍, പ്രീ-ഫില്‍ട്ടറേഷന്‍ ടാങ്ക്, ഇരുമ്പ് ഫില്‍ട്ടര്‍, കാര്‍ബണ്‍ ഫില്‍ട്ടര്‍, ആര്‍ ഒ പ്രോസസ്, യുവി ഫില്‍ട്ടര്‍, സപ്ലൈ ടാങ്ക്, വാട്ടര്‍ പമ്പ് റൂം എന്നിവ ഉള്‍പ്പെടുന്നതാണ് ഊരുക്കരി വില്ലേജിലെ പ്ലാന്റ്.

UST CSR Volunteers handover first pot of water at Oorukary

പുതിയ രണ്ട് ജലശുദ്ധീകരണ പ്ലാന്റുകള്‍ ലഭിച്ചതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് പ്രദേശവാസികള്‍ അറിയിച്ചു. “ദീര്‍ഘകാലമായി ഞങ്ങളനുഭവിക്കുന്ന പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കണ്ടെത്തിയെന്നും അവര്‍ ചൂണ്ടിക്കാട്ടി. മിത്രക്കരി, ഊരുക്കരി ഗ്രാമങ്ങളിലെ നിരവധി കുടുംബങ്ങളെ അലട്ടുന്ന പ്രശ്‌നം പരിഹരിക്കാന്‍ യുഎസ്ടിയും സിഎസ്ആര്‍ ടീമും സ്വീകരിച്ച നടപടികളോട് ഞങ്ങള്‍ക്ക് ഏറെ നന്ദിയുണ്ടെന്നും പറഞ്ഞു.

ആരോഗ്യ ക്യാമ്പുകളും വിദ്യാഭ്യാസ സഹായങ്ങളും മറ്റും നല്‍കിക്കൊണ്ട് രണ്ട് ഗ്രാമങ്ങളിലെ ജനങ്ങൾക്ക് തുടര്‍ന്നും പിന്തുണ നല്‍കുന്നതിനുള്ള നടപടികളും യു എസ് ടി മുന്നോട്ട് വച്ചിട്ടുണ്ട്. മിത്രക്കരി, ഊരുക്കരി ഗ്രാമങ്ങള്‍ക്ക് പുറമെ കുട്ടനാട്ടിലെ കൂടുതല്‍ പഞ്ചായത്തുകളും യു എസ് ടിയുടെ സിഎസ്ആര്‍ പദ്ധതിയിലൂടെ സഹായ പ്രവർത്തനങ്ങൾ നടപ്പിലാക്കും.

Print Friendly, PDF & Email

Leave a Comment

More News