രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്കുള്ള ക്ഷണം സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അഡാർ പൂനാവാല സ്വീകരിച്ചു

ജനുവരി 22 ന് നടക്കുന്ന അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) ചീഫ് അഡാർ പൂനാവാല സ്വീകരിച്ചു. മുതിർന്ന ആർ‌എസ്‌എസ് ഉദ്യോഗസ്ഥർ വഴി നൽകിയ ക്ഷണത്തിന് നന്ദി അറിയിച്ചുകൊണ്ട് പൂനാവാല സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ വാർത്ത പങ്കിട്ടു.

“ശ്രീ മനോജ് പോച്ചാട്ട്, പ്രചാരക് ശ്രീ കേദാർ കുൽക്കർണി, ശ്രീ പ്രസാദ് ലാവലേക്കർ തുടങ്ങിയ മുതിർന്ന ആർഎസ്എസ് ഭാരവാഹികൾ മുഖേന അയോദ്ധ്യയിലെ പ്രഭു ശ്രീ രാം ലല്ല മന്ദിറിലേക്കുള്ള ക്ഷണം സ്വീകരിക്കുന്നതിൽ ഞാൻ വിനീതനാണ്. പൂർണ്ണഹൃദയത്തോടെ ഞാൻ ക്ഷണം സ്വീകരിച്ചു, ശ്രീരാമ മന്ദിർ സന്ദർശിക്കുന്നത് ഒരു ബഹുമതിയാണ്,” അദ്ദേഹം കുറിച്ചു.

മുകേഷ് അംബാനി, അനിൽ അംബാനി, രത്തൻ ടാറ്റ, ഗൗതം അദാനി, കല്യാണ്‍ ജ്വല്ലേഴ്‌സ് എംഡി ടി എസ് കല്യാണരാമൻ എന്നിവരും അതിഥി ലിസ്റ്റിലെ മറ്റ് പ്രമുഖ വ്യവസായികളാണ്.

രാഷ്ട്രീയമായി, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) തലവൻ ശരദ് പവാറും കോൺഗ്രസ് പാർട്ടിയും ചടങ്ങ് ഒഴിവാക്കാൻ തീരുമാനിച്ചു. രാം ജന്മഭൂമി തീർഥ ക്ഷേത്ര ജനറൽ സെക്രട്ടറി ചമ്പത് റായിക്ക് അയച്ച കത്തിൽ പവാർ, പരിപാടിക്ക് ശേഷം “ദർശനത്തിനായി” അയോദ്ദ്ധ്യ സന്ദർശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.

ഭാരതീയ ജനതാ പാർട്ടി (ബിജെപി) രാമക്ഷേത്ര ഉദ്ഘാടനത്തെ ഒരു “രാഷ്ട്രീയ പദ്ധതി” ആക്കി മാറ്റിയെന്നും അതിന്റെ ഫലമായി പ്രാൺ പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും കോൺഗ്രസ് പാർട്ടി ആരോപിച്ചു.

സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് ചടങ്ങിൽ പങ്കെടുക്കുന്നതായി സ്ഥിരീകരിച്ചു, അതിനുശേഷം കുടുംബത്തോടൊപ്പം ക്ഷേത്രം സന്ദർശിക്കാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു.

മഹാക്ഷേത്രത്തിൽ രാംലല്ല വിഗ്രഹം സ്ഥാപിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കാനിരിക്കെ ജനുവരി 22 ന് ‘പ്രാണ്‍ പ്രതിഷ്ഠ’ ചടങ്ങ് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ജനുവരി 16 ന് ആരംഭിച്ച് ഏഴ് ദിവസം നീണ്ടുനിൽക്കുന്ന ചടങ്ങിൽ ആയിരക്കണക്കിന് വിഐപി അതിഥികൾക്ക് ക്ഷണം നൽകിയിട്ടുണ്ട്. രാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ആഘോഷത്തിന്റെ ഭാഗമായി പങ്കെടുക്കുന്നവരെ സ്വാഗതം ചെയ്യുന്നതിനും ആദരിക്കുന്നതിനും പ്രത്യേക ‘രാം രാജ്’ സമ്മാനങ്ങൾ നൽകുന്നതിനും ദേശി നെയ്യിൽ നിർമ്മിച്ച ‘മോട്ടിച്ചൂർ ലഡ്ഡു’ പ്രസാദമായി വിതരണം ചെയ്യുന്നതിനും വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാമക്ഷേത്രത്തിന്റെ 15 മീറ്റർ ചിത്രം സമ്മാനിക്കുമെന്ന് ട്രസ്റ്റ് അംഗം പറഞ്ഞു. രാജ്യവ്യാപകമായി 11,000-ലധികം അതിഥികൾക്ക് ക്ഷണങ്ങൾ ലഭിച്ചിട്ടുണ്ട്. പങ്കെടുക്കുന്ന എല്ലാവർക്കും അവിസ്മരണീയമായ സമ്മാനങ്ങൾ നൽകുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News