തെലങ്കാനയിൽ അദാനിയുടെ നിക്ഷേപം: തെലങ്കാന മുഖ്യമന്ത്രി മോദിയുടെ പാവയെപ്പോലെ പ്രവർത്തിക്കുന്നുവെന്ന് ബിആർഎസ്

ഹൈദരാബാദ്: ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ (ഡബ്ല്യുഇഎഫ്) തെലങ്കാനയിൽ അദാനി നിക്ഷേപം പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കളിപ്പാവയെപ്പോലെയാണ് പെരുമാറിയതെന്ന് ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവ് ഡോ ദാസോജു ശ്രവൺ വിമർശിച്ചു.

“കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഗൗതം അദാനിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധത്തെയും ലക്ഷ്യം വയ്ക്കുമ്പോൾ, കോൺഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തെലങ്കാനയിൽ അദാനി ഗ്രൂപ്പിന് ചുവപ്പ് പരവതാനി വിരിക്കുന്നു. കോൺഗ്രസ് പാർട്ടി അദാനിയെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കണം,” രേവന്ത് റെഡ്ഡി ന്യൂഡൽഹിയിൽ പ്രധാനമന്ത്രി മോദിയെ കണ്ടതിന് ശേഷം തെലങ്കാനയിൽ വൻ നിക്ഷേപം അദാനി പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടി ഡോ ദാസോജു ശ്രവണ്‍ പറഞ്ഞു.

ജനുവരി 20 ശനിയാഴ്ച തെലങ്കാന ഭവനിൽ പാർട്ടി നേതാവ് മന്നെ കൃശാങ്കിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ ശ്രാവൺ പറഞ്ഞു, രേവന്ത് റെഡ്ഡി അധികാരത്തിൽ വന്നത് നുണകളുടെ അടിസ്ഥാനത്തിലാണ്, ഇപ്പോഴും അതേ നുണകള്‍ തുടരുന്നു.

“മൊത്തം നിക്ഷേപത്തിന്റെ (40,000 കോടി) ഏതാണ്ട് 30% (12,400 കോടി) ഗൗതം അദാനിയുടെ വകയാണ്. തെലങ്കാനയിലെ ഗുഡ് അദാനിയോടും ഡൽഹിയിലെ ബാഡ് അദാനിയോടും ഉള്ള ‘ഡൽഹി ലോ ഖുസ്തി, ഗല്ലി ലോ ദോസ്തി’ (‘ഡൽഹിയിൽ ഗുസ്തി, തെരുവിൽ സൗഹൃദം.’) എന്നതാണോ അതിനര്‍ത്ഥം?,” അദ്ദേഹം ചോദിച്ചു.

ഗൗതം അദാനിയെ വിമർശിക്കുകയും മോദി സർക്കാരുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ച് പാർലമെന്റിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പും ശ്രാവൺ പ്ലേ ചെയ്തു.

“രാഹുൽ ഗാന്ധി അദാനിയെ ദേശീയ വഞ്ചകനെന്ന് വിളിക്കുന്നു. നടന്നുകൊണ്ടിരിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ രാഹുൽ ഗാന്ധി ഇപ്പോഴും അദാനിയെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്തുകൊണ്ടാണ് രാഹുൽ അദാനിയെ ഡൽഹിയിൽ ആക്രമിക്കുന്നത്, എന്തിനാണ് രേവന്ത് റെഡ്ഡി അദ്ദേഹത്തെ പ്രമോട്ട് ചെയ്യുന്നതെന്ന് കോൺഗ്രസ് വ്യക്തമാക്കണം,” അദ്ദേഹം പറഞ്ഞു.

അതുപോലെ, ഗോഡി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 8,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചതിനെക്കുറിച്ചും അദ്ദേഹം ചോദ്യങ്ങൾ ഉന്നയിച്ചു.

“അതിന്റെ അംഗീകൃത ഓഹരി മൂലധനം വെറും 1.5 കോടി രൂപയും പണമടച്ച മൂലധനം 75 ലക്ഷം രൂപയിൽ താഴെയുമാണ്. വാർഷിക ലാഭം/നഷ്ടം വെറും 27 ലക്ഷം രൂപ. ഈ കമ്പനിക്ക് 8,000 കോടി രൂപ നിക്ഷേപിക്കാൻ എങ്ങനെ സാധിക്കും?,” ശ്രാവൺ ചോദിച്ചു.

“2022-ൽ, ജെഎസ്ഡബ്ല്യു എനർജിയും തെലങ്കാന സർക്കാരും ഒരു ഹൈഡ്രോ പമ്പ്ഡ് സ്റ്റോറേജ് പ്ലാന്റിനായി ധാരണാപത്രത്തിൽ ഒപ്പു വെച്ചിരുന്നു. ഡബ്ല്യുഇഎഫ്, ദാവോസിൽ ജെഎസ്ഡബ്ല്യു ഇതേ ധാരണാപത്രത്തിൽ ഒപ്പുവെച്ചതായി കോൺഗ്രസ് അവകാശപ്പെടുന്നു. C4IR പ്രഖ്യാപനം നേരത്തെ തന്നെ കെടിആർ നടത്തിയിരുന്നു. Aragen Life Sciences & WebWerks പോലുള്ള മറ്റ് നിക്ഷേപങ്ങൾ വിപുലീകരണ/നിക്ഷേപത്തിനായി BRS ഗവൺമെന്റുമായി ചർച്ച ചെയ്തു,” ദസോജു ശ്രവൺ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News