വിസയും ടിക്കറ്റും പാസ്‌പോർട്ടും ഇല്ലാതെ അമേരിക്കയിലേക്ക് പറന്ന റഷ്യക്കാരന്‍ കുറ്റക്കാരനെന്ന് കോടതി

ലോസ് ഏഞ്ചല്‍സ്: 2023 നവംബർ 4 ന് കോപ്പൻഹേഗനിൽ നിന്ന് ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഒരു സ്കാൻഡിനേവിയൻ എയർലൈൻസ് വിമാനത്തിൽ നുഴഞ്ഞുകയറിയതിന് റഷ്യക്കാരനായ സെർജി വ്‌ളാഡിമിറോവിച്ച് ഒച്ചിഗാവ (46) കുറ്റക്കാരനാണെന്ന് വെള്ളിയാഴ്ച കാലിഫോർണിയ കോടതി. ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.

ഒച്ചിഗാവ വിമാനത്തിൽ നുഴഞ്ഞു കയറിയവനാണെന്ന് കോടതി കണ്ടെത്തി. പരമാവധി അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

യാത്രാ രേഖകളില്ലാതെ വിമാനത്താവളത്തില്‍ ചുറ്റിക്കറങ്ങിയപ്പോഴാണ് യു എസ് ഇമിഗ്രേഷന്‍ അധികൃതർ ഒച്ചിഗാവയെ പിടികൂടിയത്. വിസയോ ടിക്കറ്റോ പാസ്പോര്‍ട്ടോ ഇയാളുടെ കൈവശമുണ്ടായിരുന്നില്ല.

അറസ്റ്റിന് തൊട്ടുപിന്നാലെ ലോസ് ഏഞ്ചൽസ് ഫെഡറൽ കോടതിയിൽ സമർപ്പിച്ച പരാതിയിൽ, വിമാനയാത്രയ്ക്കിടയിലുള്ള കൂടുതൽ സംഭവങ്ങൾ വിശദീകരിച്ചു. 11 മണിക്കൂർ ഫ്ലൈറ്റിനിടെ, ആളൊഴിഞ്ഞ സീറ്റുകൾക്കിടയിലേക്ക് ഇയാള്‍ മാറുന്നത് ക്യാബിൻ ക്രൂ അംഗങ്ങൾ നിരീക്ഷിച്ചിരുന്നു. ക്യാബിനിൽ ചുറ്റിക്കറങ്ങി, തന്നെ അവഗണിച്ച സഹയാത്രികരുമായി ഇടപഴകാൻ ഇയാള്‍ ശ്രമിച്ചു. കൂടാതെ, ഓരോ പ്രാവശ്യവും ഭക്ഷണ സമയത്ത് രണ്ട് പേര്‍ക്കുള്ള ഭക്ഷണം പോലും ആവശ്യപ്പെട്ടതായി ക്യാബിന്‍ ക്രൂ വെളിപ്പെടുത്തി. ഒരു ഘട്ടത്തിൽ, ക്യാബിൻ ക്രൂവിന് കരുതിയിട്ടുള്ള ചോക്ലേറ്റ് പോലും കഴിക്കാൻ ശ്രമിച്ചതായും പറഞ്ഞു.

നവംബർ 4 ന് ലോസ് ഏഞ്ചൽസിൽ ഇറങ്ങിയപ്പോഴാണ് ഒച്ചിഗാവയെ യുഎസ് ബോര്‍ഡര്‍ പട്രോള്‍ ഏജൻ്റുമാർ പിടികൂടിയത്. എന്നാല്‍, സ്കാൻഡിനേവിയൻ എയർലൈൻസ് വിമാനത്തിലോ മറ്റേതെങ്കിലും വിമാനത്തിലോ ഇയാളുടെ ഔദ്യോഗിക രേഖകൾ കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല.

അമേരിക്കയിലേക്കുള്ള തൻ്റെ യാത്രയെക്കുറിച്ച് തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങളാണ് ഇയാള്‍ നൽകിയെന്ന് ഉദ്യോഗസ്ഥർ ആരോപിച്ചു. വിമാനത്തിൽ വച്ച് തൻ്റെ പാസ്‌പോർട്ട് മറന്നുപോയതായി ഒച്ചിഗാവ ആദ്യം അവകാശപ്പെട്ടു. എന്നാൽ, കൂടുതൽ അന്വേഷണത്തിൽ ഔദ്യോഗിക യാത്രാ രേഖകളൊന്നും ഇല്ലെന്ന് കണ്ടെത്തി.

ചോദ്യം ചെയ്യലിനിടെ, വിമാന ടിക്കറ്റ് കൈവശമില്ലായിരുന്നു എന്ന് ഒച്ചിഗാവ സമ്മതിക്കുകയും മൂന്നു ദിവസമായി ഉറങ്ങിയിട്ടില്ലെന്നും, താന്‍ എങ്ങനെയാണ് വിമാനത്തിൽ കയറിയതെന്ന് ഓർമ്മയില്ലെന്നും പറഞ്ഞു.

വിസയോ പാസ്‌പോർട്ടോ ആവശ്യമായ ഏതെങ്കിലും യാത്രാ രേഖയോ ഹാജരാക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് ഇയാളുടെ റഷ്യൻ, ഇസ്രയേലി ഐഡി കാർഡുകൾ അധികൃതര്‍ കണ്ടെത്തിയത്.

 

Print Friendly, PDF & Email

Leave a Comment

More News