പർഡ്യൂ സർവകലാശാലയിൽ നിന്ന് കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

നീൽ ആചാര്യ (ഫോട്ടോ/X@AcharyaGoury)

ഇന്ത്യാന: ഞായറാഴ്ച മുതൽ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ട പർഡ്യൂ സർവകലാശാലയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥി നീല്‍ ആചാര്യ മരിച്ചതായി ടിപ്പെക്കനോ കൗണ്ടി കൊറോണർ സ്ഥിരീകരിച്ചു.

ഞായറാഴ്ച രാവിലെ 11:30 ഓടെയാണ് വെസ്റ്റ് ലഫായെറ്റിലെ 500 ആലിസൺ റോഡിലുള്ള പര്‍ഡ്യൂ കാമ്പസില്‍ ചലനമറ്റ രീതിയില്‍ ഒരാളെ കണ്ടതായി പോലീസിന് വിവരം ലഭിച്ചതെന്ന് കൗണ്ടി കൊറോണര്‍ ഓഫീസ് പറഞ്ഞു. അവിടെ എത്തിയപ്പോഴാണ് ആളെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും അവര്‍ പറഞ്ഞു.

ഞായറാഴ്ച, മരിച്ച വിദ്യാർത്ഥിയുടെ അമ്മ ഗൗരി ആചാര്യ, എക്‌സിലെ ഒരു പോസ്റ്റിൽ അഭ്യര്‍ത്ഥന നടത്തിയിരുന്നു. “ഞങ്ങളുടെ മകൻ നീൽ ആചാര്യയെ ജനുവരി 28 മുതൽ കാണാനില്ല. അവൻ യുഎസിലെ പർഡ്യൂ സർവകലാശാലയിലാണ് പഠിക്കുന്നത്. പർഡ്യൂ സർവകലാശാലയിൽ അവനെ ഇറക്കിയ ഊബർ ഡ്രൈവറാണ് അവനെ അവസാനമായി കണ്ടത്. ഞങ്ങൾ അവനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അന്വേഷിക്കുകയാണ്. നിങ്ങൾക്ക് എന്തെങ്കിലും അറിയാമെങ്കിൽ ദയവായി ഞങ്ങളെ സഹായിക്കൂ,” അഭ്യര്‍ത്ഥനയില്‍ പറയുന്നു.

ചിക്കാഗോയിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ X-ല്‍ അവരുടെ പോസ്റ്റിന് മറുപടി നൽകി, “കോൺസുലേറ്റ് പർഡ്യൂ യൂണിവേഴ്സിറ്റി അധികൃതരുമായും നീലിൻ്റെ കുടുംബവുമായും ബന്ധപ്പെടുന്നുണ്ട്. കോൺസുലേറ്റ് സാധ്യമായ എല്ലാ പിന്തുണയും സഹായവും നൽകും.”

യൂണിവേഴ്‌സിറ്റിയിൽ നിന്ന് സ്വതന്ത്രമായ മൾട്ടിമീഡിയ ഏജൻസിയായ പർഡ്യൂ എക്‌സ്‌പോണൻ്റ് പറയുന്നതനുസരിച്ച്, സർവകലാശാലയുടെ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്‌മെൻ്റിന് തിങ്കളാഴ്ച എഴുതിയ ഇമെയിലിൽ, ഇടക്കാല സിഎസ് മേധാവി ക്രിസ് ക്ലിഫ്‌ടൺ നീൽ ആചാര്യയുടെ മരണം വിദ്യാർത്ഥികളെയും അദ്ധ്യാപകരേയും അറിയിച്ചിട്ടുണ്ട്.

ഈ ആഴ്ച ആദ്യം, ജോർജിയയിലെ ലിത്തോണിയയില്‍ ഒരു കടയ്ക്കുള്ളിൽ ഭവനരഹിതനായ ഒരാളുടെ ചുറ്റിക കൊണ്ടുള്ള അടിയേറ്റ് മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥി ക്രൂരമായി കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായെങ്കിലും സംഭവം നടന്ന തീയതി സ്ഥിരീകരിക്കാനായിട്ടില്ല.

Print Friendly, PDF & Email

Leave a Comment

More News