അമേരിക്കയില്‍ മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി; ഒരാഴ്ചയ്ക്കുള്ളിൽ ഇത് മൂന്നാമത്തെ കേസ്

ന്യൂയോർക്ക്: അമേരിക്കയില്‍ മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രേയസ് റെഡ്ഡി എന്ന വിദ്യാര്‍ത്ഥിയെയാണ് ഒഹായോയിലെ സിൻസിനാറ്റിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരാഴ്ചയ്ക്കുള്ളിൽ ഇത് മൂന്നാമത്തെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയാണ് മരണപ്പെടുന്നത്.

ലിൻഡർ സ്കൂൾ ഓഫ് ബിസിനസിലെ വിദ്യാർത്ഥിയായിരുന്നു റെഡ്ഡി എന്നാണ് റിപ്പോർട്ടുകൾ. മരണ കാരണം ഇതുവരെ അജ്ഞാതമായി തുടരുന്നു.

ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും വിദ്യാര്‍ത്ഥിയുടെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും അവർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും അറിയിച്ചു.

“യുഎസിലെ ഒഹിയോയിലുള്ള ഇന്ത്യൻ വംശജനായ വിദ്യാർത്ഥി ശ്രേയസ് റെഡ്ഡി ബെനിഗേരിയുടെ നിർഭാഗ്യകരമായ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പോലീസ് അന്വേഷണം നടക്കുകയാണ്. ഈ ഘട്ടത്തിൽ, സംശയാസ്പദമായ യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കോൺസുലേറ്റ് കുടുംബവുമായി ബന്ധം തുടരുകയും അവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുകയും ചെയ്യുന്നു,” ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ഒരു പോസ്റ്റിൽ പറഞ്ഞു.

കേസിൽ കൂടുതൽ വിശദാംശങ്ങൾ കാത്തിരിക്കുകയാണ്.

ജനുവരി 30 ന്, പർഡ്യൂ സർവകലാശാലയിലെ വിദ്യാർത്ഥിയായ നീല്‍ ആചാര്യയെ കോളേജ് ക്യാമ്പസില്‍ മരിച്ചതായി കണ്ടെത്തിയിരുന്നു.

ജനുവരി 29 ന്, ജോർജിയയിലെ ലിത്തോണിയയിൽ ഒരു കടയ്ക്കുള്ളിൽ വെച്ച് മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥിയായ വിവേക് സെയ്നിയെ ഒരു ഭവനരഹിതനും മയക്കുമരുന്നിന് അടിമയുമായ ഒരാൾ ചുറ്റിക കൊണ്ട് ക്രൂരമായി കൊലപ്പെടുത്തിയിരുന്നു.

Print Friendly, PDF & Email

Leave a Comment

More News