സര്‍ക്കാരിനു വേണ്ടി കേരള ഗാനം എഴുതിപ്പിച്ച് സാഹിത്യ അക്കാദമി തന്നെ അപമാനിച്ചു: ശ്രീകുമാരന്‍ തമ്പി

തിരുവനന്തപുരം: കവി ബാലചന്ദ്രൻ ചുള്ളിക്കാടിന് സാഹിത്യ അക്കാദമിയില്‍ നിന്നുണ്ടായ ദുരനുഭവത്തിനു പിന്നാലെ പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയും തന്റെ അനുഭവം ഫെയ്സ്ബുക്കിലൂടെ പങ്കു വെച്ചു.

സർക്കാരിന് വേണ്ടി കേരള ഗാനം എഴുതിപ്പിച്ചാണ് തന്നെ അപമാനിച്ചതെന്നും, തൻ്റെ ഗാനം സ്വീകരിച്ചോ നിരസിച്ചോ എന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അക്കാദമി സെക്രട്ടറി സി പി അബൂബക്കറിൽ നിന്നാണ് തനിക്ക് ദുരനുഭവമുണ്ടായതെന്നും സാംസ്കാരിക മന്ത്രി സജി ചെറിയാൻ മറുപടി പറയണമെന്നും ശ്രീകുമാരൻ തമ്പി പറയുന്നു.

ഫേസ്‌ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം: കേരളസാഹിത്യ അക്കാദമിയിൽ നിന്നും പ്രശസ്‌ത കവിയും പ്രഭാഷകനുമായ ബാലചന്ദ്രൻ ചുള്ളിക്കാടിനുണ്ടായ അനുഭവം അറിഞ്ഞപ്പോൾ മാസങ്ങൾക്കുമുമ്പ് എനിക്ക് കേരളസാഹിത്യ അക്കാദമിയിൽ നിന്നുണ്ടായ ഒരു ദുരനുഭവം ഓർമ്മ വന്നു. കേരള ഗവൺമെന്‍റിന് എവിടെയും എല്ലാകാലത്തും ഉപയോഗിക്കാൻ പാകത്തിൽ ഒരു കേരളഗാനം എഴുതിക്കൊടുക്കണമെന്ന് അക്കാദമി സെക്രട്ടറിയായ ശ്രീ അബൂബക്കർ എന്നോട് ആവശ്യപ്പെട്ടു. ആദ്യം ഞാൻ ആ ക്ഷണം നിരസിച്ചു.

കേരളസാഹിത്യ അക്കാദമി ഇന്നേവരെ എന്‍റെ ഒരു പുസ്‌തകത്തിനും അവാർഡ് നൽകിയിട്ടില്ല. സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരമോ ഫെലോഷിപ്പോ നൽകിയിട്ടില്ല. ഞാൻ പിന്തുണ ആവശ്യപ്പെട്ട് ആരുടേയും പിന്നാലെ നടന്നിട്ടുമില്ല. അതുകൊണ്ടുതന്നെ എനിക്ക് അക്കാദമിയോട് പ്രത്യേക കടപ്പാടോ വിധേയത്വമോ ഇല്ല. അതുകൊണ്ടാണ് ഈ പാട്ടെഴുത്തിൽ നിന്ന് പിന്മാറാൻ ഞാൻ തീരുമാനിച്ചത്. (എന്തിന്? ഇപ്പോൾ നടന്ന പുസ്‌തകോത്സവത്തിനുപോലും എന്നെ ക്ഷണിച്ചിട്ടില്ല).

ശ്രീ. അബൂബക്കറും ശ്രീ. സച്ചിദാനന്ദനും വീണ്ടും നിർബന്ധിച്ചപ്പോൾ സാമാന്യ മര്യാദയുടെ പേരിൽ ഞാൻ സമ്മതിച്ചു. അബൂബക്കർ എന്നോട് ചോദിച്ചു. “താങ്കളല്ലാതെ മറ്റാര്?” എന്ന്. “ചെറിയ ക്ലാസിലെ കുട്ടിക്കുപോലും മനസ്സിലാകുന്ന രീതിയിലായിരിക്കണം പാട്ട്” എന്ന് പ്രത്യേകം നിർദ്ദേശിച്ചിരുന്നു. അതുകൊണ്ട് രചനാശൈലി ഞാൻ ലളിതമാക്കി. ഒരാഴ്‌ചയ്ക്കു‌ള്ളിൽ ഞാൻ പാട്ട് എഴുതി അയച്ചു.

“എനിക്ക് തൃപ്‌തിയായില്ല” എന്ന് അബൂബക്കറിൽ നിന്ന് മെസ്സേജ് വന്നു. ഞാൻ “എങ്കിൽ എന്നെ ഒഴിവാക്കണം” എന്ന് പറഞ്ഞു. വീണ്ടും സച്ചിദാനന്ദൻ എനിക്ക് മെസ്സേജ് അയച്ചു. “താങ്കൾക്ക് എഴുതാൻ കഴിയും” എന്നുപറഞ്ഞു. ആദ്യ വരികൾ (പല്ലവി) മാത്രം മാറ്റിയാൽ മതി. പാട്ടിന്‍റെ രണ്ടാം ഭാഗം മനോഹരമാണ് എന്നും അബൂബക്കർ പറഞ്ഞു.

ഞാൻ പല്ലവി മാറ്റിയെഴുതിക്കൊടുത്തു. അതിനുശേഷം സച്ചിദാനന്ദനിൽ നിന്ന് “നന്ദി” എന്ന ഒറ്റവാക്ക് മെസ്സേജ് ആയി വന്നു. എന്‍റെ പാട്ട് സ്വീകരിച്ചോ നിരാകരിച്ചോ എന്ന്‌ ഇപ്പോഴും അറിയില്ല. അക്കാദമിയിൽ നിന്ന് അനുകൂലമായോ പ്രതികൂലമായോ ഔദ്യോഗികമായി ഒരു അറിയിപ്പും കിട്ടിയിട്ടില്ല. ഒരാഴ്‌ച കഴിഞ്ഞപ്പോൾ “സാഹിത്യ അക്കാദമി കവികളിൽ നിന്നും കേരളഗാനം ക്ഷണിക്കുന്നു” എന്നുകാണിക്കുന്ന ഒരു പരസ്യം സ്വകാര്യ ചാനലുകളിൽ വന്നത് എന്‍റെ ശ്രദ്ധയിൽപ്പെട്ടു.

എന്‍റെ പാട്ട് അവർ നിരാകരിച്ചു എന്നാണല്ലോ ഇതിനർത്ഥം. മൂവായിരത്തിലധികം പാട്ടുകളെഴുതിയ എനിക്ക് കെ.സി അബൂബക്കർ എന്ന ഗദ്യകവിയുടെ മുമ്പിൽ അപമാനിതനാകേണ്ടി വന്നു. ഇതിന് ഉത്തരം പറയേണ്ടത് നമ്മുടെ സാംസ്‌കാരിക മന്ത്രി സഖാവ് സജി ചെറിയാനും എന്‍റെ പാട്ടുകൾ ഇഷ്‌ടപ്പെടുന്ന ആസ്വാദകരുമാണ്.

ഞാനെഴുതിയ ഈ പുതിയ കേരളഗാനം എന്‍റെ ചിലവിൽ റെക്കോർഡ് ചെയ്‌ത് ഞാൻ ലോകത്തുള്ള എല്ലാ മലയാളികൾക്കും വേണ്ടി യൂട്യൂബിൽ അധികം വൈകാതെ അപ്‌ലോഡ് ചെയ്യും. എല്ലാ മലയാളികളുടെയും സ്വത്തായിരിക്കും ആ പാട്ട്. എനിക്ക് പകർപ്പവകാശം വേണ്ട. വിദ്യാലയങ്ങൾക്കും സാംസ്‌കാരിക സംഘടനകൾക്കും കുട്ടികൾക്കും ആ പാട്ട് ഇഷ്‌ടം പോലെ ഉപയോഗിക്കാം. കേരളത്തെക്കുറിച്ചും മലയാള ഭാഷയെക്കുറിച്ചും ഏറ്റവുമധികം ഗാനങ്ങളും കവിതകളും എഴുതിയിട്ടുള്ള എഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് ചെയ്യാൻ കഴിയുന്നത് ഇത് മാത്രമാണ്.

https://www.facebook.com/photo.php?fbid=7134796873223872&set=a.171668502870112&type=3&ref=embed_post

 

Leave a Comment

More News