ഖരമാലിന്യ സംസ്‌കരണ പദ്ധതി: ആദ്യഘട്ട ഫയർ അസസ്‌മെൻ്റ് നടത്തുന്നതിനുള്ള ധാരണാപത്രം ഒപ്പു വെച്ചു

കെഎസ്‌ഡബ്ല്യുഎംപി പ്രോജക്ട് ഡയറക്‌ടർ ദിവ്യ എസ് അയ്യരും ഐഎഫ്ഇസി ചീഫ് എക്‌സിക്യൂട്ടീവ് കൺസൾട്ടൻ്റ് സി. അരുണഗിരിയും തിരുവനന്തപുരത്തെ ഖരമാലിന്യ സംസ്‌കരണത്തിൻ്റെ ആദ്യഘട്ട ഫയർ അസസ്‌മെൻ്റ് നടത്തുന്നതിനുള്ള ധാരണാപത്രം കൈമാറുന്നു

തിരുവനന്തപുരം: സംസ്ഥാനത്തുടനീളമുള്ള ഖരമാലിന്യ സംസ്‌കരണ സൗകര്യങ്ങളുടെ സമഗ്രമായ അഗ്നി സുരക്ഷാ വിലയിരുത്തൽ നടത്തുന്നതിന് ചെന്നൈ ആസ്ഥാനമായുള്ള ഇൻ്റർനാഷണൽ ഫയർ എൻജിനീയറിംഗ് കൺസൾട്ടൻ്റുമായി (ഐഎഫ്ഇസി) കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതി (കെഎസ്‌ഡബ്ല്യുഎംപി) ധാരണാപത്രം ഒപ്പുവച്ചു.

ഖരമാലിന്യ സംസ്‌കരണത്തിൻ്റെ ആദ്യഘട്ട ഫയർ അസസ്‌മെൻ്റ് നടത്തുന്നതിനുള്ള ധാരണാപത്രത്തിൽ കെഎസ്‌ഡബ്ല്യുഎംപി പ്രൊജക്‌റ്റ് ഡയറക്‌ടർ ദിവ്യ എസ് അയ്യരും ഐഎഫ്ഇസി ചീഫ് എക്‌സിക്യൂട്ടീവ് കൺസൾട്ടൻ്റ് സി. അരുണഗിരിയും ഒപ്പുവച്ചു.

ലോക ബാങ്ക് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിന് തൊട്ടുപിന്നാലെയാണ് ധാരണാപത്രം ഒപ്പു വെച്ചത്. മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളുടെ ദൈനംദിന പ്രവർത്തനവുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന തീപിടിത്ത സാധ്യതകൾ തിരിച്ചറിയാൻ സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തുന്നത് സഹായിക്കുമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.

സമഗ്രമായ വിലയിരുത്തൽ തീപിടുത്ത അപകടങ്ങൾ കുറയ്ക്കുന്നതിനും ഫയർ സുരക്ഷാ നിയമങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും അനുസൃതമായി സൗകര്യങ്ങൾ ഉണ്ടാക്കുന്നതിനും ഫൂൾ പ്രൂഫ് സുരക്ഷാ നടപടികൾ സ്ഥാപിക്കുന്നതിനുള്ള ശുപാർശകൾക്കും ഇത് കാരണമാകും.

കരാർ പ്രകാരം, തിരഞ്ഞെടുത്ത ഖരമാലിന്യ സംസ്കരണ സൗകര്യങ്ങളുടെ ഘടനാപരവും വ്യവസ്ഥാപിതവുമായ പരിശോധനയെ അടിസ്ഥാനമാക്കി കൺസൾട്ടൻ്റ് സമഗ്രമായ അഗ്നിസാധ്യത വിലയിരുത്തൽ നടത്തും.

“ഐഎഫ്ഇസി പോലുള്ള ആഗോള സർട്ടിഫൈഡ് കമ്പനിയിൽ ചേരുന്നതോടെ സൗകര്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സജീവമായ നടപടിയാണിത്. മാലിന്യ ശേഖരണ കേന്ദ്രങ്ങളിലെ അനിഷ്ട സംഭവങ്ങൾ തടയാൻ ഇത് സഹായകമാകും,” ഡോ. ദിവ്യ പറഞ്ഞു.

ആദ്യഘട്ടത്തിൽ 25 ലെഗസി ഡംപ് സൈറ്റുകൾ, ഗ്രാമപഞ്ചായത്തുകളിലെ 64 മാലിന്യ നിർമാർജന കേന്ദ്രങ്ങൾ, നഗര തദ്ദേശ സ്ഥാപനങ്ങളിലെ 74 മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികൾ (എംസിഎഫ്) എന്നിവയുടെ ഫയർ ഓഡിറ്റ് ടെൻഡർ നടത്തും.

 

Print Friendly, PDF & Email

Leave a Comment

More News