യോസെമെറ്റി നാഷണൽ പാർക്ക് (യാത്രാവിവരണം): സന്തോഷ് പിള്ള

കാലിഫോർണിയയിലെ, സാൻ ഹൊസെയിൽ നിന്നും ജൂലൈ മാസത്തിലെ ഒരു മധ്യാഹ്നത്തിൽ മൂന്നര മണിക്കൂർ യാത്ര ചെയ്യേണ്ട, യോസെമെറ്റി നാഷണൽ പാർക്കിലേക്ക് ഞങ്ങൾ യാത്ര പുറപ്പെട്ടു. ഒരുമണിക്കൂർ യാത്ര കഴിഞ്ഞപ്പോൾ പാതക്കിരുവശവും നിരനിരയായി നിലനിൽക്കുന്ന തവിട്ടു നിറത്തിലുള്ള മൊട്ട കുന്നുകൾ കാണാറായി. എന്തുകൊണ്ടായിരിക്കും വൃക്ഷ ലതാതികൾ ഒന്നും തന്നെ ഈ കുന്നുകളിൽ വളരാത്തത്? പുഴകളും മലകളും പർവ്വതങ്ങളുമുള്ള ഈപ്രദേശത്തിന്റെ ചരിത്രം അറിയാനായി വിവര സാങ്കേതിക ജാലകത്തിൽ പരതിനോക്കി.

നാനൂറ് മൈൽ നീളത്തിലും അമ്പതു മൈൽ വീതിയിലും തെക്ക് വടക്കായി നീണ്ട് കിടക്കുന്ന കാലിഫോർണിയയിലെ സിയേറ നെവാദ പർവ്വത നിരകളിലെ അത്യാകർഷകമായ വിനോദ സഞ്ചാരകേന്ദ്രമാണ് യൊസെമെറ്റി നാഷണൽപാർക്ക്. നൂറ് മില്ല്യൺ (പത്തു കോടി) വർഷങ്ങൾക്ക് മുമ്പ് ഭൂമിയുടെ അന്തർഭാഗത്ത് ഗ്രാനൈറ്റ് പാറകൾ രൂപപ്പെട്ടു. അഞ്ചു മില്ല്യൺ വർഷങ്ങൾക്കു മുമ്പ് ഗ്രാനൈറ്റ് പാറകൾക്കടിയിൽ സ്ഥിതിചെയ്തിരുന്ന പ്ലേറ്റുകൾ നീങ്ങാൻ തുടങ്ങുകയും ഗ്രാനൈറ്റിനെ ഭൂമിക്ക് മുകളിലേക്ക് ഉയർത്തികൊണ്ടുവരുകയും ചെയ്തു. ചില പ്രദേശങ്ങളിൽ ഗ്രാനൈറ്റിനോടൊപ്പം സ്വർണ്ണവും മുകളിലേക്ക് ഉയർന്നുവന്നു. ഇതിന്റെ ഫലമായി ആയിരക്കണക്കിന് അടി ഉയരത്തിൽ പർവ്വതങ്ങൾ രൂപപ്പെട്ടു. ഭൂമിയുടെ ഉപരിതലത്തിലൂടെ ഉയർന്നുവന്നതുമൂലം, മലകളുടെ മുകളിൽ ആദ്യകാലങ്ങളിൽ മേൽമണ്ണ് നിലനിന്നിരുന്നു. അതിനുമുകളിൽ ശൈത്യ കാലത്ത് മഞ്ഞുപാളികൾ രൂപപ്പെടുകയും, വേനലാകുമ്പോൾ മഞ്ഞുപാളികൾ ഉരുകി താഴേക്ക് പതിക്കുകയുമുണ്ടായി. ഈ പ്രക്രിയ ആയിരക്കണക്കിന് വർഷങ്ങൾ തുടർന്നു പോന്നപ്പോൾ മേൽമണ്ണ് മുഴുവൻ ഒഴുകിപോവുകയും, പർവതങ്ങളുടെ മുകൾവശം ഗ്രാനൈറ്റ് പാറകൾ മാത്രമായിതതീരുകയും ചെയ്തു. 14505 അടി ഉയരത്തിലുള്ള മൗണ്ട് വിറ്റ്നിയാണ് ഈ മേഖലയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതം.

കൂടുതൽ വിവരങ്ങൾ ശേഖരിച്ചുകൊണ്ട്‌, മൈലുകൾ വീണ്ടും സഞ്ചരിച്ചു കഴിഞ്ഞപ്പോൾ, ചില മലകൾക്കു മുകളിൽ, മനുഷ്യർ അവിടെ എത്തിച്ചേർന്നിട്ടുണ്ട് എന്ന് വിളിച്ചറിയിക്കാനായി, മേഘ പടലങ്ങളിലേക്ക് എത്തിനോക്കിനില്കുന്ന വിദ്യുച്ഛക്തി ടവറുകൾ കാണാൻ സാധിച്ചു . വീണ്ടും യാത്ര തുടർന്നപ്പോൾ, മലയിടക്കുകൾക്കിടയിലെ താഴ്വാരത്തിലൂടെ വളഞ്ഞു പുളഞ്ഞു മന്ദം മന്ദം നീങ്ങുന്ന ഒരു നദി. വിസ്തൃതമായ അടിവാരത്തിൽ ഇടക്കിടക്ക് വലിയ തടാകങ്ങൾ. തടാകങ്ങൾ ഉള്ള പ്രദേശങ്ങളിൽ ചെറിയ അണക്കെട്ടുകളും വൈദ്യുതി നിലയങ്ങളും.

കുത്തനെ ചരിവുകളുള്ള മലകളിൽ അമ്പതുമീറ്ററോളം വീതിയിൽ മലയുടെ മുകളിൽ നിന്നും താഴേവരെ കോൺക്രീറ്റ് ചെയ്തിട്ടിരിക്കുന്നു. പൊടുന്നനെ പേമാരികൾ സംഭവിക്കുമ്പോൾ വെള്ളത്തിന്റെ കുത്തൊഴുക്കിൽ ഉരുൾപൊട്ടൽ ഉണ്ടാവാതിരിക്കാനാണ് മലയുടെ പാർശ്വങ്ങൾ ബലപ്പെടുത്തിയിരിക്കുന്നത്. തടസ്സം കൂടാതെ മലമുകളിൽ നിന്നും വെള്ളം താഴേക്കൊഴുകിയെത്താനും ഈ കോൺക്രീറ്റ് മാർഗ്ഗങ്ങൾ സഹായിക്കുന്നു.

സമതലങ്ങളായി കാണപ്പെടുന്ന ചില പ്രദേശങ്ങളിൽ കോൺക്രീറ്റിനാൽ നിർമ്മിക്കപ്പെട്ട ചതുരാകൃതിയിലുള്ള വലിയ കുളങ്ങൾ. മഴസമയത്ത് മാത്രം ഈ കുളങ്ങളിൽ ജലം വന്നു നിറയുകയും അവിടെ നിന്നും ചെറിയ അളവിൽ വെള്ളം താഴേക്ക് ഒഴുകുകയും ചെയ്യും. പെട്ടെന്നുണ്ടാകാൻ സാധ്യതയുള്ള പ്രളയത്തെ നിയന്ത്രിക്കാനാണ് ഇടക്കിടെ ജലസംഭരണികൾ നിർമ്മിച്ചിരിക്കുന്നത്. അന്നത്തെ യാത്ര മതിയാക്കി ദേശീയ ഉദ്യാനത്തിനടുത്തുള്ള ഹോട്ടലിൽ സന്ധ്യ സമയത്ത് ചേക്കേറുമ്പോഴും, പ്രകൃതി ദുരന്തങ്ങളെ നേരിടാൻ അമേരിക്കക്കാർ എടുക്കുന്ന മുൻകരുതലുകളെ കുറിച്ചോർത്ത് അത്ഭുതപ്പെട്ടുകൊണ്ടേയിരുന്നു.

അതിരാവിലെ ഹോട്ടലിനോട് വിടപറയുമ്പോൾ രണ്ട് പ്രദേശ വാസികൾ (കരടി കളുടെ പ്രതിമകൾ) ഞങ്ങൾ ആ ഹോട്ടലിൽ താമസിച്ചതിന് നന്ദി അറിയിച്ചു കൊണ്ട് പുറത്തേക്കുള്ള റോഡിനരികിൽ നില്കുന്നു. കരടികളോട് യാത്രപറഞ്ഞ്, പാർക്കിനുള്ളിലേക്കുള്ള യാത്ര ഞങ്ങൾ ആരംഭിച്ചു. രണ്ടു ടണലുകൾക്കുള്ളിലൂടെ പോകുന്ന പാത, മലഞ്ചരുവുകളിൽ വിനോദ സഞ്ചാരികളെ എതിരേൽക്കാൻ നിൽക്കുന്ന പൈൻ മരങ്ങൾ.

താഴ്വാരത്തിൽ കാണപ്പെടുന്ന പുൽമേടുകൾ, എല്ലാം വിവരണാതീതമായ അനുഭൂതി പകർന്നുനൽകി.

റോഡുപണി നടക്കുന്നതുകൊണ്ട് പതിനഞ്ചു മിനിറ്റോളം വാഹനം നിർത്തിയിടേണ്ടതായി വന്നു. റോഡിൽ നിന്നും താഴ്വാരത്തിലേക്ക് കണ്ണോടിച്ചപ്പോൾ, വിണ്ണിലെ അജ്ഞാത വാസം കഴിഞ്ഞ്, പ്രഭാത സവാരിക്കിറങ്ങിയ ഒരു മഴവില്ല്, ഞങ്ങൾക്ക് സ്വാഗതം ഓതികൊണ്ട്, താഴ്വാരത്തിൽ, പരന്നുകിടക്കുന്ന പുൽപ്പരപ്പിനുമുകളിൽ കണ്ണുപൊത്തി കളിക്കുന്നു. അപൂർവമായി കാണാൻ സാധിക്കുന്ന മാരിവില്ലിന്റെ ദർശനം, ബാല്യകാലത്തിൽ കേട്ടുമറന്ന, പൂവച്ചൽ ഖാദർ രചിച്ച സിനിമാ ഗാനത്തെ ഓർമ്മയിലേക്ക് ഓടിയെത്തിച്ചു.

“മഴവില്ലിനജ്ഞാത വാസം കഴിഞ്ഞു
മണി മുകിൽ തേരിലിറങ്ങീ
മരതക കിങ്ങിണി കാടുകൾ പുളകത്തിൻ
മലരാട ചുറ്റിയൊരുങ്ങി”

പ്രകൃതി പകർന്നു നിൽകിയ അനുഭൂതിക്കനുയോജ്യമായ വരികൾ ആവോളം നുണഞ്ഞുകൊണ്ട് വീണ്ടും യാത്ര തുടർന്നു. റോഡു പണിനടക്കുന്ന സ്ഥലത്തുകൂടി വാഹനം മെല്ലെ കടന്നുപോകുമ്പോൾ ട്രാഫിക് നിയന്ത്രിക്കാനായി നിൽക്കുന്ന റോഡുപണിക്കാരൻ വളരെ സന്തോഷത്തോടെ “സഞ്ചാരികൾക്ക് പാർക്കിലേക്ക് സ്വാഗതം” എന്ന് വിളിച്ചുപറയുന്നു.

ഏഴ് സ്‌ക്വയർ മൈലിൽ വ്യാപിച്ചു കിടക്കുന്ന പാർക്കിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളിൽ അനേകം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലങ്ങൾ ഉണ്ടാക്കിയിരിക്കുന്നു. ഒഴിവുള്ള ഒരു പാർക്കിങ്ങ് സ്ഥലം കണ്ടെത്തി. വാഹനം പാർക്ക് ചെയ്തതിനുശേഷം അവിടെനിന്നും ഷട്ടിൽ ബസിൽ, “വെർണൽ ഫാൾ” എന്ന ചെറിയ ഒരു വെള്ളച്ചാട്ടം കാണുവാനായി പുറപ്പെട്ടു. ഒന്നര മൈൽ കാട്ടരുവിയുടെ ഓരത്തിലൂടെ, ബാഷ്പ കണങ്ങളാൽ ആവരണം ചെയ്യപ്പെട്ട കാട്ടുപാതയിലൂടെയുള്ള കയറ്റം ഒരു നൂതന അനുഭവമായിരുന്നു,

വലതുവശത്തുകൂടെ മദം പൊട്ടി ആർത്തട്ടഹസിച്ച് അതിവേഗത്തിൽ പായുന്ന നദി. കഴിഞ്ഞ ദിവസങ്ങളിൽ തകർത്തു പെയ്ത മഴയാണ് അരുവിയെ അട്ടഹസിക്കുന്ന നദിയാക്കി മാറ്റിയത്. മലയിടുക്കുകളിലൂടെ ഒഴുകുന്ന നദികളിൽ കാണപ്പെടുന്ന വലിയ പാറകൾക്ക്, ഉരുണ്ട രൂപമായിരിക്കും. അനേകായിരം വർഷങ്ങളിലൂടെയുള്ള കുത്തൊഴുക്കിനാൽ, പാറകളുടെ കൂർത്തുമൂർത്ത പ്രതലം അടർന്നടർന്ന് മിനുസപ്പെട്ട വൃത്താകൃതിയിലാവുന്നു. വെർണൽ ഫാളിൽ നിന്നും ഉൽഭവിക്കുന്ന നദിയിൽ വളരെ അധികം മൂർച്ചയേറിയ പ്രതലങ്ങളുള്ള പാറക്കഷണങ്ങൾ കാണപ്പെട്ടു. അടുത്തസമയത്ത് ഉരുൾ പൊട്ടലുണ്ടായി നദിയിൽ പതിച്ചതു കൊണ്ടായിരിക്കാം പാറകളുടെ പ്രതലങ്ങൾ ഇപ്പോഴും പരുപരുത്തിരിക്കുന്നത്. “മിസ്ററ് ട്രെയിൽ” എന്നറിയപ്പെടുന്ന 400 അടി ഉയരത്തിലേക്കുള്ള കാട്ടുപാതയിൽ ഒന്നര മൈൽ കയറികഴിയുമ്പോൾ ഒരു മരപ്പാലം ഉണ്ടെന്നും, അവിടെ നിന്നും വെർണൽ ഫാളിന്റെ ദൃശ്യങ്ങൾ കാണാൻ സാധിക്കും എന്നും പാർക്കിൽ നിന്നും ലഭിച്ച ലഘുലേഖയിൽ സൂചിപ്പിച്ചിരുന്നു. ഇടക്കിടെ വിശ്രമം എടുത്ത്, ഏന്തിയും വലിഞ്ഞും ഒരുവിധത്തിൽ പാലത്തിൽ എത്തിച്ചേർന്നു. വെള്ളച്ചാട്ടത്തിൻറെ സമ്പൂർണ ദൃശ്യം, പൈൻ മരശാഖകൾകിടയിലൂടെ ഇടക്കിടെ എത്തുന്ന ശീത കാറ്റ് കാട്ടിത്തന്നു. അല്പസമയം പാലത്തിൽ നിന്നപ്പോൾ മേൽവസ്ത്രങ്ങളിൽ നിന്നും ജലകണങ്ങൾ ഇറ്റിറ്റു പതിക്കുവാൻ ആരംഭിച്ചു. നദിയിൽ കാണപ്പെട്ട ശുദ്ധമായ വെള്ള നിറം, ഒഴുകുന്നത് ജലം തന്നെയോ, അതോ പാൽ നുര പതയോ എന്ന സംശയം ജനിപ്പിച്ചു. മലയുടെ മുകളിൽ നിന്നും ആവേശത്തോടെ ഓടി എത്തി, പാറകൾക്കു മുകളിലൂടെ ബാഷ്പകണങ്ങളായി ഉയർന്ന്, പാലത്തിൽ നില്കുന്നു സന്ദർശകരെ ആശ്ലേഷിച്ച്, നാണം കുണുങ്ങി, താഴെയുള്ള വലിയ കല്ലിൽ തടഞ്ഞ് ചുഴികൾ സൃഷ്ടിച്ച്, ഒളികണ്ണാൽ സന്ദർശകരെ തിരിഞ്ഞു നോക്കി, വിടപറയാൻ മടിയോടെ താഴേക്ക് ഗമിക്കുന്ന സുന്ദരിയായ കാട്ടരുവി!. പിന്നീട്,ചുറ്റുപാടുമുള്ള മലനിരകളിൽ നിന്നും നിരവധി നീർച്ചാലുകൾ വന്നുചേർന്ന് കുത്തനെയുള്ള ഭാഗങ്ങളിൽ എത്തുമ്പോൾ രൗദ്ര ഭാവം പൂണ്ട് അറഞ്ഞു തുള്ളുന്ന ഘോര രൂപിണിയായി മാറുന്നു. താഴേക്കിറങ്ങിയപ്പോൾ കാട്ടുപ്പാതയുടെ വശങ്ങളിലെ പാറകളും, മരത്തടികളും വിശ്രമ കേന്ദ്രങ്ങളാക്കി.

അങ്ങനെ, സമതലത്തിലെത്തിയപ്പോൾ അധികം ഉയരത്തിലേക്ക് കയറ്റമില്ലാത്ത, മറ്റൊരു ആകർഷണ കേന്ദ്രമായ, കണ്ണാടി തടാകത്തിലേക്ക് (മിറർ ലേക്ക്) അടുത്തയാത്ര ആരംഭിച്ചു. ഷട്ടിൽ ബസ്സ് സ്റ്റോപ്പിൽ നിന്നും ടെനയാ അരുവിയുടെ, അരികിലൂടെയുള്ള നടപ്പാതയിലൂടെ ഒരുമൈൽ ദൂരം പോയാൽ കണ്ണാടി തടാകം കാണുവാൻ സാധിക്കും. അധികവും നിരപ്പായ പ്രദേശത്തുകൂടിയാണ് നടപ്പാത നിർമിച്ചിരിക്കുന്നത്. അവിടെ എത്തി തടാകത്തിലെ പ്രതിബിംബത്തിലേക്ക് നോക്കിയപ്പോൾ,

“കണ്ണാടി ആദ്യമായെൻ ബാഹ്യരൂപം സ്വന്തമാക്കി”

എന്ന പരിഭവവുമായി “ഹാഫ് ഡോം” പർവതത്തിൻറെ പ്രതിച്ഛായ ഞങ്ങളെ ഒളികണ്ണാൽ നോക്കുന്നു. പാർക്കിൽ നിന്നും ലഭിച്ച ലഘു ലേഖയിൽ, പ്രദേശമാകെ നിറഞ്ഞു നിന്നിരുന്ന വലിയ തടാകമായിരുന്ന “മിറർ ലേക്ക്” എന്നും, മണ്ണിടിച്ചൽ മൂലം ആഴം കുറഞ്ഞ്, കുറഞ്ഞ്, വേനൽകാലത്ത് വറ്റിപോകുന്ന ഒരു ചെറിയ ജലാശയമായി മാറി എന്നും എഴുതിയിരിക്കുന്നു. ചുറ്റുപാടുമുള്ള മലകളെ പൂർണരൂപത്തിൽ പ്രതിഫലിപ്പിക്കുന്നത് കൊണ്ട് പത്താം നൂറ്റാണ്ടിലാണ് ഈ ജലാശയത്തിന് കണ്ണാടി തടാകം എന്ന്, തദ്ദേശ്ശ വാസികൾ നാമകരണം ചെയ്തത്. തടാകതീരത്ത് “ഹാഫ് ഡോം” പർവതത്തെ ഇമവെട്ടാതെ നോക്കിയിരുന്നപ്പോൾ ആണ് അതുസംഭവിച്ചത്. ഹാഫ് ഡോമിന്റെ നിറം മദ്ധ്യാഹ്ന സൂര്യകിരണങ്ങളാൽ സ്വർണ്ണ വർണ്ണമാകുന്നു. കാലിഫോർണിയ സംസ്ഥാനം അറിയപ്പെടുന്നത് “ഗോൾഡൻ സ്റ്റേറ്റ് “എന്നാകുന്നു. 1849 ലാണ് സ്വർണ്ണം കരസ്ഥമാക്കാൻ വളരെയേറെ ഭാഗ്യാന്വേഷികൾ കാലിഫോർണിയയിൽ എത്തിച്ചേർന്നത്. എന്തായാലും ഹാഫ് ഡോമിൽ ശരിക്കും സ്വർണ്ണമുണ്ടായിരുന്നു എങ്കിൽ അവർ സ്വർണ്ണം മുഴുവൻ പണ്ടേ കടത്തുമായിരുന്നു. ഇപ്പോൾ കാണുന്ന സ്വർണ്ണ നിറം സൂര്യകിരണങ്ങൾ മല മുകളിൽ പതിപ്പിക്കുന്ന നിറഭേദം ആകുന്നു.

അടുത്തതായി പാർക്കിലെ ഏറ്റവും പ്രശസ്തമായ യോസെമെറ്റി വെള്ളച്ചാട്ടം കാണുവാനായി യാത്ര തിരിച്ചു. സമുദ്ര നിരപ്പിൽ നിന്നും 7500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ദേവലോകം. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം മനം മയക്കുന്ന ദൃശ്യങ്ങൾ മാത്രം. അനുഭവിച്ചറിയുന്ന ദൃശ്യ ചാരുത വിവരിക്കാൻ വാക്കുകളില്ലാതാവുന്നു. ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലം.

കവികൾ ക്രാന്ത ദർശികർ തന്നെ.

1976 ൽ യൂസഫലി കേച്ചേരി എങ്ങനെയാണ് അമേരിക്കയിലെ ഈ പ്രകൃതി സൗന്ദര്യം, ഒപ്പിയെടുത്ത വരികൾ എഴുതിയത്?

“സ്വർഗ്ഗം താണിറങ്ങി വന്നതോ
സ്വപ്നം പീലി നീർത്തി നിന്നതോ
ഈശ്വരന്റെ സൃഷ്ടിയിൽ
അഴകെഴുന്നതത്രെയും
ഇവിടെയൊന്നു ചേർന്നലിഞ്ഞതോ. “
————————
“മനമറിയാതെ എൻ തനുവറിയാതെ
ഒരു ലഹരിയിലൊഴുകിടുന്നു ഞാൻ
ഒരു ലഹരിയിലൊഴുകിടുന്നു ഞാൻ”

അതെ— ഈ പ്രകൃതി സൗന്ദര്യം, ലഹരിപിടിപ്പിച്ച് മനസ്സിനെ ഒരു ഉന്മാദ അവസ്ഥയിലേക്ക് എത്തിക്കുന്നു. ശരീരമനോബുദ്ധിഅഹങ്കാരങ്ങൾക്കപ്പുറത്ത്, പ്രകൃതിയിൽ അലിഞ്ഞു ചേരുന്നു. താൻ തന്നെയാണ് ഈ കാണുന്ന പ്രകൃതി എന്ന അവസ്ഥ.

ദൃഷ്ടിയും ദൃഷ്ടാവും ഒന്നാവുന്നു.

കണ്ണുകൾ അടച്ച് വെള്ളചാട്ടത്തിന്റെ ഹുങ്കാര ശബ്ദം ശ്രവിച്ച് ഒരു ധ്യാനാവസ്ഥയിൽ എത്ര സമയം നിന്നു എന്ന് നിശ്ചയമില്ല.

വെള്ളച്ചാട്ടത്തിന്റെ ഉൽഭവസ്ഥാനത്തിന് മുകളിൽ, മുന്നിലും, പിന്നിലുമൊക്കെയായി അനേകം മേഘശകലങ്ങൾ കൂട്ടം കൂടി നില്കുന്നു.

“മലയെടുത്തു മടിയിൽ വെച്ച മേഘങ്ങൾ”

മേഘങ്ങൾ, ഹിമ ഗിരി ശൃംഗത്തി നെ മടിയിലിരുത്തി അമൃതജലം പാനം ചെയ്യിക്കുകയാണോ?

അതോ, നദിയാകുന്ന പുത്രിക്ക് ജന്മം കൊടുക്കാൻ തുടങ്ങുന്ന മലയുടെ പേറ്റുനോവിനെ മടിയിലിരുത്തി ആശ്വസിപ്പിക്കു കയാണോ?

വെള്ളച്ചാട്ടത്തിന്റെ താഴ്‌വാരത്തിൽ, ആയിരക്കണക്കിനടി താഴേക്കു വീണ് ചിന്നിച്ചിതറി തെറിച്ചുവരുന്ന ജലകണങ്ങൾ.ശരീരമാകെ നനയിച്ചു.

പൈൻ മരങ്ങളുടെ ഇലകളെ ചലിപ്പിച്ചുകൊണ്ട് വെള്ളച്ചാട്ടത്തിനപ്പുറം മറഞ്ഞിരുന്ന കൊച്ചുതെന്നൽ, അടുത്തെത്തി കൂടുതൽ കുളിർ പകർന്നപ്പോൾ , യൂസഫലി കേച്ചേരിയുടെ വരികൾ സംപൂർണ്ണമായി.

“കൊച്ചുതെന്നലേ മണിപ്പൂന്തെന്നലേ
കുളിരലകളിലൊഴുകി വരൂ നീ
കുളിരലകളിലൊഴുകി വരൂ നീ”

2425 അടിയാണ് വെള്ളച്ചാട്ടത്തിന്റെ ദൈർഘ്യം.1430 അടി ആദ്യത്തേതും 675 അടി നടുവിലും, 320 അടി താഴത്തേതും. പക്ഷെ താഴ്വാരത്തിൽ നിന്നും നോക്കുമ്പോൾ രണ്ടു ഭാഗങ്ങളായി മാത്രമേ കാണുവാൻ സാധിക്കൂ.

വേനൽകാലാവസാനത്തിൽ വെള്ളച്ചാട്ടത്തിലെ നീരുറവ നേർത്തുവരുകയും മഞ്ഞുകാലമാവുമ്പുഴേക്കും ജല പാത മുഴുവൻ മഞ്ഞുകട്ടകളാൽ നിശ്ചലമാവുകയും ചെയ്യും. വസന്ത കാലത്തിലെ അവസാന നാളുകളിൽ ആണ് വെള്ളച്ചാട്ടം അതിന്റെ ഏറ്റവും തീവ്രമായ രൗദ്ര ഭാവം പുറത്തെടുക്കുക.

വെള്ളച്ചാട്ടത്തിന്റെ ഉത്ഭവസ്ഥാനം കാണുവാൻ, നാലുമൈലോളം, രണ്ടായിരത്തി നാനൂറു അടി ഉയരത്തിൽ കയറണമെന്ന് അവിടെ എഴുതിവെച്ചിരിക്കുന്നു. എട്ടു മണിക്കൂർ കൊണ്ടേ യാത്ര പൂർത്തിയാക്കാൻ സാധിക്കൂ. ആ സാഹസിക യാത്ര വരും തലമുറക്ക് വിട്ടുകൊടുത്തു.

ആഗോള താപനം മൂലം, മലമുകളിൽ കുറഞ്ഞുവരുന്ന മഞ്ഞുപാളികളും, അടുത്തിടെ ഉണ്ടാവുന്ന പേമാരികളും, സമീപ പ്രദേശങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങളും, ഈ ദേശീയ ഉദ്യാനത്തിലെ ചാരു ശില്പങ്ങളിൽ മാറ്റം വരുത്തികൊണ്ടിരിക്കുന്നു.

രണ്ട് ദിവസത്തെ സന്ദർശനത്തിനു ശേഷം യോസെമെറ്റി നാഷണൽ പാർക്കിനോട് ദുഃഖത്തോടെയാണ് വിടപറഞ്ഞത്. അവിടെ ജോലിചെയ്യുന്ന പാർക്ക് റേഞ്ചേഴ്സ് എത്ര ഭാഗ്യവാൻമ്മാർ.

പ്രപഞ്ച ശില്പി, പണിതിട്ടും, പണിതിട്ടും, പണിതീരാത്ത അതിമോനോഹരമായ ഈ പ്രപഞ്ച മന്ദിരം, ദിവസവും ആസ്വദിക്കാൻ വേണ്ടിയാണല്ലോ അവർ ഇവിടെ ജോലിചെയ്യാൻ സന്നദ്ധരായത്!

Print Friendly, PDF & Email

Leave a Comment