ഐഒസി (യു കെ) സംഘടിപ്പിച്ച 75-ാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം പ്രൗഡഗംഭീരമായി

ഐഒസി (യു കെ) – ഐഒസി വിമൻസ് വിംഗ് സംയുക്തമായി സംഘടിപ്പിച്ച 75-ാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം പ്രൗഡഗംഭീരമായി. ഇന്ത്യൻ വംശജനും മുതിർന്ന ലേബർ പാർട്ടി എം പിയുമായ വീരേന്ദ്ര ശർമ മുഖ്യാഥിതിയായി പങ്കെടുത്ത മാതൃരാജ്യ സ്നേഹം സ്പുരിച്ചു നിന്ന ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ യു കെയിലെ വിവിധ മേഖലകളിൽ നിന്നുമുള്ള പൗര പ്രമുഖരും വിവിധ ഇടങ്ങളിൽ നിന്നുമുള്ള ഐഒസി പ്രവർത്തകരും ഒത്തുകൂടി.

ഐഒസി സീനിയർ വൈസ് പ്രസിഡന്റും യൂറോപ് വനിത വിംഗ് കോർഡിനേറ്ററുമായ ഗുമിന്ദർ രന്ധ്വാ ചടങ്ങിൽ മുഖ്യാതിഥി ആയി പങ്കെടുത്ത എം പി വീരേന്ദ്ര ശർമ്മയെ ഷാൾ അണിയിച്ചു സ്വീകരിച്ചു. ഐഒസി സീനിയർ ലീഡർ നച്ചത്തർ ഖൽസി ആഘോഷ പരിപാടികൾക്ക് അധ്യക്ഷത വഹിച്ചു.

രാജ്യത്തിന്റെ പരോമോന്നത നീതി ന്യായ നിയമ സംഹിത നടപ്പിൽ വരുത്തിയ ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാനെത്തിയവരെ ഐഒസി (യു കെ) കേരള ചാപ്റ്റർ വക്താവ് അജിത് മുതയിൽ സ്വാഗതം ചെയ്തു. പ്രവാസത്തിലും മാതൃരാജ്യ സ്നേഹം ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്നതിന്റെ തെളിവാണ് ചടങ്ങിൽ ദൃശ്യമായ ജനപങ്കാളിത്തം എന്ന് അദ്ദേഹം സ്വാഗതം പ്രസംഗത്തിൽ പറഞ്ഞു.

വ്യത്യസ്ത ജാതികളും, മതങ്ങളും, പശ്ചാത്തലങ്ങളും നിറങ്ങളുമുള്ള ആളുകള്‍ ദേശീയത എന്ന ഒറ്റനൂലില്‍ ഒന്നിച്ചു കോര്‍ത്തെടുക്കുന്ന മുത്തുകള്‍ പോലെ ചേരുർന്നുകൊണ്ട്, വളരെ ആവേശത്തോടെയും ഉത്സാഹത്തോടെയും നമ്മുടെ പൂര്‍വ്വികരുടെ ത്യാഗത്തേയും സമര്‍പ്പണത്തേയും സ്വാതന്ത്ര്യവാഞ്ഛയേയും ഓര്‍മ്മിക്കാനും ആഘോഷിക്കാനും ഈ ദിനം നമ്മെ ഒരുമിച്ചു ചേര്‍ക്കുന്നു എന്ന് ചടങ്ങുകൾ ഉൽഘാടനം ചെയ്തുകൊണ്ട് എം പി വീരേന്ദ്ര ശർമ പറഞ്ഞു.

ഐഒസി (യു കെ) തമിഴ്നാട് ചാപ്റ്റർ പ്രസിഡന്റ്‌ ഖലീൽ മുഹമ്മദ്‌ ചടങ്ങിന് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ഐഒസി വനിത വിംഗ് ജനറൽ സെക്രട്ടറി അശ്വതി നായർ, യൂത്ത് വിംഗ് എക്സിക്യൂട്ടീവ് മെമ്പർ വിഷ്ണു ദാസ് എന്നിവർ മുഖ്യാതിഥി എം പി വീരേന്ദ്ര ശർമ്മക്ക് പൂക്കൾ നൽകി ആദരിച്ചു. ആഷിർ റഹ്മാൻ, അജി ജോർജ് തുടങ്ങിയവർ ഐഒസി (യു കെ) കേരള ചാപ്റ്ററിനെ പ്രതിനിധീകരിച്ച് ചടങ്ങുകളിൽ പങ്കെടുത്തു.

പ്രതികൂല കാലാവസ്ഥയിലും തിരക്കുകളെല്ലാം മാറ്റിവെച്ചു ചടങ്ങിൽ സംബന്ധിച്ച എല്ലാവർക്കും ഐഒസി സീനിയർ വൈസ് പ്രസിഡന്റ് ഗുമിന്ദർ രന്ധ്വാ നന്ദി അർപ്പിച്ചതോടു കൂടി ചടങ്ങുകൾക്ക് സമാപനം കുറിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News