മലയാള കവി എൻ കെ ദേശം (87) അന്തരിച്ചു

കൊച്ചി: പ്രശസ്ത കവിയും നിരൂപകനുമായ എൻ കെ ദേശം (87) ഫെബ്രുവരി നാലിന് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു.

ആലുവ ദേശം സ്വദേശിയായ അദ്ദേഹം കൊടുങ്ങല്ലൂരിലെ മകളുടെ വീട്ടിലായിരുന്നു താമസം. ശവസംസ്‌കാരം ഫെബ്രുവരി അഞ്ചിന് ഉച്ചകഴിഞ്ഞ് മൂന്നിന് അങ്കമാലി കോതകുളങ്ങരയിലെ വസതിയിൽ.

1936 ഒക്ടോബർ 31-ന് ദേശത്ത് നാരായണപിള്ളയുടെയും അമ്മുക്കുട്ടിയമ്മയുടെയും മകനായി ജനിച്ച അദ്ദേഹം ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ലിമിറ്റഡിലെ ഉദ്യോഗസ്ഥനായിരുന്നു.

പത്തിലധികം കവിതാ സമാഹാരങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. നിരവധി കവിതകളും നിരുപണകൃതികളും വിവർത്തനങ്ങളും അദ്ദേഹത്തിന്റെതായുണ്ട്. 1973ൽ ആദ്യ സമാഹാരമായ അന്തിമലരി പ്രസിദ്ധീകരിച്ചു. കന്യാഹൃദയം, അപ്പൂപ്പൻതാടി, ചൊട്ടയിലെ ശീലം, പവിഴമല്ലി, ഉല്ലേഖം, അൻപത്തൊന്നരക്ഷരാളി, എലിമീശ, കാവ്യകേളി, മുദ്ര, മഴത്തുള്ളികൾ, ടാഗോറിന്റെ ഗീതാഞ്ജലിയുടെ വിവർത്തനം എന്നിവയാണു പ്രധാന കൃതികൾ. ടാഗോറിന്റെ ഗീതാഞ്ജലിക്ക് നടത്തിയ വിവർത്തനം സാഹിത്യലോകത്ത് ശ്രദ്ധേയമാണ്.

2009-ൽ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.രബീന്ദ്രനാഥ ടാഗോറിൻ്റെ ‘ഗീതാഞ്ജലി’യുടെ വിവർത്തനത്തിന് 2016-ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ഇടശ്ശേരി, ഓടക്കുഴൽ പുരസ്‌കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 2021 ഒക്ടോബറിൽ അദ്ദേഹത്തിൻ്റെ 85 -ാം ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിൻ്റെ കവിതകളുടെ ഒരു കൂട്ടായ വാല്യം ‘ദേശികം’ പ്രസിദ്ധീകരിച്ചു .

Print Friendly, PDF & Email

Leave a Comment

More News