ഗോവ ഗവർണറുടെ വാഹനവ്യൂഹം തടസ്സപ്പെടുത്തിയ സംഭവം: പ്രതികരണവുമായി കെ സുരേന്ദ്രൻ

കോഴിക്കോട് : ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ളയുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഇടിച്ചുകയറ്റാന്‍ ശ്രമിച്ച സംഭവത്തിൽ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഐ (എം) യിലെ ഉന്നതരുമായുള്ള ബന്ധമാണ് കുറ്റം ചെയ്ത വ്യക്തിയെ വെറും പിഴയടപ്പിച്ച് വെറുതെ വിട്ടതെന്ന് അഭിപ്രായപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.

“ഈ സംഭവത്തിന് ആയിരം രൂപ പിഴ മതിയോ? പിഴയടച്ച് കേസെടുക്കാൻ പോലീസിന് ആരാണ് അധികാരം നൽകിയത്? അത് ശരിക്കും നിയമലംഘനമാണ്. ഭരണഘടനാ പദവികൾ വഹിക്കുന്നവർക്ക് കേരളത്തിൽ സുരക്ഷയില്ല. മുഖ്യമന്ത്രി പിണറായിക്കും സംഘത്തിനും മാത്രമാണ് പൊലീസ് സുരക്ഷയൊരുക്കുന്നത്. കേരളത്തിലെ ക്രമസമാധാന നില തകരുകയാണ്,” സുരേന്ദ്രൻ പറഞ്ഞു.

ഞായറാഴ്ച വൈകിട്ട് 7.50ന് മാവൂർ റോഡിൽ മൊഫ്യൂസിൽ ബസ് സ്റ്റാൻഡിന് സമീപം ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള സ്വവസതിയിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. ഗോവ ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് സിപിഐഎം നേതാവിൻ്റെ മകൻ കാർ ഓടിച്ചുകയറ്റാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി യുവാവിനെയും കാറും കസ്റ്റഡിയിലെടുത്തെങ്കിലും ജില്ലയിലെ മുതിർന്ന സിപിഐഎം നേതാവിൻ്റെ മകനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 1000 രൂപ പിഴ ഈടാക്കി വിട്ടയക്കുകയും ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News