ഭരണകൂടത്തിന്റെ ശ്രദ്ധയാകർഷിക്കാൻ ദമ്പതികള്‍ മാലിന്യക്കൂമ്പാരത്തിന് സമീപം വിവാഹ വാർഷികം ആഘോഷിച്ചു

ആഗ്ര: ജില്ലാ ഭരണകൂടത്തിൻ്റെ ശ്രദ്ധ ആകർഷിക്കുന്നതിനായി ദമ്പതികളുടെ വ്യത്യസ്ഥ സമീപനം. ഉത്തർപ്രദേശിലെ ആഗ്രയില്‍ നാഗാല കാളി പ്രദേശത്തുള്ള റോഡിലെ അഴുക്കും മാലിന്യക്കൂമ്പാരങ്ങള്‍ക്കുമിടയിലാണ് വധൂവരന്മാരുടെ വേഷം ധരിച്ച ദമ്പതികൾ തങ്ങളുടെ 17-ാം വിവാഹ വാർഷികം ആഘോഷിച്ചത്.

റോഡും ഓടയും ശരിയായ രീതിയിൽ പരിപാലിച്ചില്ലെങ്കില്‍ വോട്ട് ചെയ്യില്ലെന്ന പ്ലക്കാർഡുകൾ പിടിച്ചു നിന്നിരുന്ന ദമ്പതികള്‍ക്ക് നാട്ടുകാർ മാല ചാർത്തി.

15 വർഷമായി ഈ പ്രശ്‌നം നിലനിൽക്കുന്നുണ്ടെങ്കിലും കഴിഞ്ഞ എട്ട് മാസമായി റോഡ് മലിനമായ ഓടയായി മാറിയതിനാൽ പ്രദേശത്തെ ജനങ്ങൾക്ക് സഞ്ചരിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു. മുപ്പതിലധികം കോളനികളിലെ ജനങ്ങൾ ഈ റോഡാണ് ഉപയോഗിക്കുന്നത്. എന്നാൽ, വൃത്തിഹീനമായ സാഹചര്യം കാരണം പ്രദേശവാസികൾക്ക് ഇപ്പോൾ രണ്ട് കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്.

‘വികസനമില്ല, വോട്ടില്ല’ എന്ന പോസ്റ്ററുകളും പ്രദേശത്തെ ഒരു ഡസനോളം കോളനികൾക്ക് പുറത്ത് ഒട്ടിച്ചെങ്കിലും ഫലമുണ്ടായില്ല.

നിരവധി ആവശ്യങ്ങളുന്നയിച്ചിട്ടും ജനപ്രതിനിധികൾ നടപടിയെടുക്കാത്തതിനെ തുടർന്നാണ് ഭാര്യ ഉമാ ശർമയ്‌ക്കൊപ്പം ഈ അനന്യമായ പ്രതിഷേധം സംഘടിപ്പിക്കാൻ ഭഗവാൻ ശർമ തീരുമാനിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

“കഴിഞ്ഞ 15 വർഷമായി ഞങ്ങൾ തുടർച്ചയായ ശ്രമങ്ങൾ നടത്തിവരികയാണ്. ഞങ്ങൾ എല്ലാ ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട അധികാരികളുടെയും അടുത്ത് പോയിട്ടുണ്ട്. ഒരു നടപടിയും ഉണ്ടാകാത്തതിനാൽ, ഞങ്ങൾ ഇത്തരത്തിൽ പ്രതിഷേധിക്കാൻ നിർബന്ധിതരായി,” ദമ്പതികള്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News