ഗോഡ്‌സെ പരാമര്‍ശം: എൻഐടി-കാലിക്കറ്റ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൊഫസർ ചോദ്യം ചെയ്യലിന് ഹാജരായില്ല

കോഴിക്കോട്: കാലിക്കറ്റ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (എൻഐടി-സി) പ്രൊഫസറായ ഷൈജ ആണ്ടവനെ  ഇന്ന് (ഫെബ്രുവരി 13 ചൊവ്വാഴ്‌ച) കുന്നമംഗലം പോലീസ് സ്‌റ്റേഷനിൽ ഒരു കേസുമായി ബന്ധപ്പെട്ട് വിശദമായ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചെങ്കിലും അവര്‍ ഹാജരായില്ല. മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്‌സെയെ പ്രകീർത്തിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പരാമർശം നടത്തിയതിനാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. ആരോഗ്യപരമായ കാരണങ്ങളാൽ അഞ്ച് ദിവസത്തേക്ക് അവധി ആവശ്യപ്പെട്ടതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.

ഫെബ്രുവരി 11 ന് കുന്നമംഗലം പോലീസിൻ്റെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷമാണ് പ്രൊഫസര്‍ക്ക് സമൻസ് അയച്ചത്.

ഗോഡ്‌സെയുടെ ഫോട്ടോയും ‘ഹിന്ദു മഹാസഭ പ്രവർത്തകൻ നാഥുറാം വിനായക് ഗോഡ്‌സെ, ഇന്ത്യയിലെ പലരുടെയും നായകൻ’ എന്ന അടിക്കുറിപ്പോടെയാണ് കൃഷ്ണരാജ് എന്ന അഭിഭാഷകൻ്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് പ്രൊഫ. ഷൈജ അഭിപ്രായം എഴുതിയത്. ഇത് വിവാദമായതോടെ അവര്‍ തൻ്റെ അഭിപ്രായം ഡിലീറ്റ് ചെയ്തു.

മഹാത്മാഗാന്ധി ഉയർത്തിപ്പിടിച്ച തത്വങ്ങൾക്കും മൂല്യങ്ങൾക്കും വിരുദ്ധമായ ഒരു അഭിപ്രായവും സ്ഥാപനം അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് എൻഐടി-സി വ്യക്തമാക്കി. സംഭവത്തിൻ്റെ വിവിധ വശങ്ങൾ സമിതി പരിശോധിച്ച് സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കുമെന്നും കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും എൻഐടി-സിയുടെ പ്രസ്താവനയിൽ പറയുന്നു.

അതിനിടെ, സ്റ്റുഡൻ്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ, കേരള സ്റ്റുഡൻ്റ്‌സ് യൂണിയൻ, മുസ്‌ലിം സ്റ്റുഡൻ്റ്‌സ് ഫെഡറേഷൻ തുടങ്ങിയ വിദ്യാർത്ഥി സംഘടനകൾ പ്രൊഫ. ഷൈജയ്‌ക്കെതിരെ നിരവധി പോലീസ് സ്‌റ്റേഷനുകളിൽ ഒന്നിലധികം പരാതികൾ നൽകി. ഇന്ത്യൻ പീനൽ കോഡിൻ്റെ (ഐപിസി) കലാപം ഉണ്ടാക്കാൻ ഉദ്ദേശിച്ചുള്ള പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി.

പ്രൊഫ.ഷൈജയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തും (എബിവിപി) എസ്എഫ്ഐയും ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾ ചാത്തമംഗലം എൻഐടി-സി കാമ്പസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.

 

Print Friendly, PDF & Email

Leave a Comment

More News