ഖുർആൻ പഠിതാക്കൾക്ക് നിർവഹിക്കാനുള്ളത് വലിയ ദൗത്യം: കാന്തപുരം

മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസ് പൂർവ്വ വിദ്യാർഥി സംഗമത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സംസാരിക്കുന്നു.

കോഴിക്കോട്: വിശുദ്ധ ഖുർആൻ പഠിതാക്കൾക്ക് സമൂഹത്തിൽ വലിയ ദൗത്യങ്ങൾ നിർവഹിക്കാനുണ്ടെന്ന് മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ഖുർആൻ ഹൃദിസ്ഥമാക്കുന്നതോടൊപ്പം അതിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാനും നന്മയിലധിഷ്ഠിതമായി സമൂഹത്തെ നയിക്കാനും ഹാഫിളുകൾ മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു. മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസ് അലുംനൈ കൂട്ടായ്മ അത്ഖ സംഘടിപ്പിച്ച സമ്പൂർണ പൂർവ്വ വിദ്യാർഥി സംഗമം ‘കോൺഫാബി’ൽ സംസാരിക്കുകയായിരുന്നു.

ജാമിഅ മർകസ് റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ അധ്യക്ഷത വഹിച്ചു. സംഗമത്തിൽ ഹിഫ്ള് പഠനകാലത്തെ മനോഹരമായ ഓർമകൾ പങ്കുവെച്ച് ആയിരത്തോളം ഹാഫിളുകൾ പങ്കെടുത്തു. ഖുർആനിക സന്ദേശ പ്രചരണ പ്രവർത്തന രംഗത്ത് പുതിയ ആലോചനകൾക്കും കർമ പദ്ധതികൾക്കും ചടങ്ങിൽ രൂപം നൽകി. സമൂഹത്തിൽ ഹാഫിളുകൾക്കുള്ള സ്ഥാനവും സാധ്യതകളും വിളംബരം ചെയ്താണ് കോൺഫാബ് സമാപിച്ചത്.

സയ്യിദ് അലി ബാഫഖി തങ്ങൾ സമാപന പ്രാർഥനക്ക് നേതൃത്വം നൽകി. ചിയ്യൂർ മുഹമ്മദ് മുസ്‌ലിയാർ, ഖാരിഅ് ഹനീഫ് സഖാഫി, സി പി ഉബൈദുല്ല സഖാഫി, സ്വാദിഖ് കൽപ്പള്ളി, സി കെ മുഹമ്മദ് ഇരിങ്ങണ്ണൂർ പ്രസംഗിച്ചു. അത്ഖ ജനറൽ സെക്രട്ടറി ഹാഫിള് അബ്ദുസ്സമദ് സഖാഫി മൂർക്കനാട് വിഷൻ അവതരിപ്പിച്ചു. വിന്നേഴ്സ് ടോക്കിൽ ഹാഫിള് ശമീർ അസ്ഹരി, ഹാഫിള് ഉബൈദ് ഇസ്മാഈല്‍ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News