ഇന്‍ഷ്വറന്‍സ് തുക നേടാന്‍ മകന്‍ അമ്മയെ കൊന്നു; ക്രൂര കൃത്യം ചെയ്തത് ഓൺലൈൻ ഗെയിം കളിച്ച് കടം വീട്ടാന്‍

ഫത്തേപൂര്‍ (യുപി): ഫത്തേപൂരിൽ നിന്നുള്ള ഓൺലൈൻ ഗെയിമിംഗിന് അടിമയായ യുവാവ് ഇൻഷുറൻസ് തുക ഉപയോഗിച്ച് കടം വീട്ടാൻ വേണ്ടി അമ്മയെ കൊന്നു.

50 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക ക്ലെയിം ചെയ്യാനായി അമ്മയെ കൊലപ്പെടുത്തി മൃതദേഹം യമുനാ നദീതീരത്ത് സംസ്കരിച്ച ഹിമാൻഷുവിനെ ഫത്തേപൂർ പൊലീസ് അറസ്റ്റ് ചെയ്തു.

ജനപ്രിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ സുപീയിലെ ഗെയിമിംഗിന് ഹിമാൻഷു അടിമയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഓണ്‍ലൈന്‍ ഗെയിമിംഗില്‍ യുവാവിന്റെ ആസക്തി ആവർത്തിച്ചുള്ള നഷ്ടങ്ങളിലേക്ക് നയിക്കുകയും, അതിൻ്റെ ഫലമായി കളി തുടരാൻ പണം കടം വാങ്ങല്‍ പതിവാകുകയും ചെയ്തു. ഒടുവിൽ, കടക്കാർക്ക് ഏകദേശം 4 ലക്ഷം രൂപ കുടിശികയായി. കടം വീട്ടാന്‍ മറ്റു മാര്‍ഗമൊന്നും കാണാതായപ്പോഴാണ് ഹിമാന്‍ഷു ഈ ക്രൂരമായ പ്രവര്‍ത്തി ചെയ്തതെന്ന് പോലീസ് പറഞ്ഞു.

ഹിമാൻഷു തൻ്റെ പിതൃസഹോദരിയുടെ ആഭരണങ്ങൾ മോഷ്ടിക്കുകയും അതിൽ നിന്ന് ലഭിച്ച തുക ഉപയോഗിച്ച് മാതാപിതാക്കൾക്കായി 50 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസികൾ വാങ്ങുകയും ചെയ്തതായി പോലീസ് പറഞ്ഞു. തുടർന്ന്, അച്ഛൻ ഇല്ലാത്ത സമയത്ത് അമ്മ പ്രഭയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ചണച്ചാക്കിനുള്ളിലാക്കി തൻ്റെ ട്രാക്ടറില്‍ യമുനാ നദീതീരത്തേക്ക് കൊണ്ടുപോയി.

ക്ഷേത്രത്തിൽ നിന്ന് മടങ്ങിയെത്തിയ ഹിമാൻഷുവിൻ്റെ പിതാവ് റോഷൻ സിംഗ് തൻ്റെ ഭാര്യയെയും മകനെയും കാണാനില്ലെന്ന് കണ്ടെത്തി. അയൽപക്കങ്ങളില്‍ അന്വേഷിച്ചെങ്കിലും ഇരുവരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍, ഹിമാൻഷു നദിക്ക് സമീപം ട്രാക്ടർ ഓടിക്കുന്നത് കണ്ടതായി അയൽവാസികളിലൊരാളില്‍ നിന്ന് അറിഞ്ഞു.

ഉടന്‍ പോലീസിൽ വിവരമറിയിക്കുകയും മൃതദേഹം യമുന നദിക്ക് സമീപത്തു നിന്ന് കണ്ടെടുക്കുകയും ചെയ്തു. അറസ്റ്റു ചെയ്ത ഹിമാൻഷുവിനെ ചോദ്യം ചെയ്തപ്പോഴാണ് കടബാധ്യത തീര്‍ക്കാന്‍ അമ്മയെ കൊലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കിയതെന്ന് പോലീസിനോട് സമ്മതിച്ചത്.

Print Friendly, PDF & Email

Leave a Comment

More News