ന്യൂയോര്‍ക്ക് ഹാര്‍ലെമില്‍ അപ്പാര്‍ട്ട്മെന്റില്‍ തീപിടിത്തം; ഇന്ത്യന്‍ യുവാവ് മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ന്യൂയോര്‍ക്ക്: ന്യൂയോർക്കിലെ ഹാര്‍ലെമിലുണ്ടായ തീപിടിത്തത്തിൽ 27 കാരനായ ഫാസില്‍ ഖാന്‍ എന്ന ഇന്ത്യൻ പൗരൻ മരിച്ചു. ന്യൂയോർക്കിലെ ഇന്ത്യൻ എംബസി പിന്തുണ നൽകുകയും ഖാൻ്റെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും എംബസി ബന്ധപ്പെടുന്നുണ്ടെന്നും അറിയിച്ചു.

“ന്യൂയോർക്കിലെ ഹാർലെമിലെ ഒരു അപ്പാർട്ട്മെൻ്റ് കെട്ടിടത്തിലുണ്ടായ നിർഭാഗ്യകരമായ തീപിടിത്തത്തിൽ 27 വയസ്സുള്ള ഇന്ത്യൻ പൗരനായ ഫാസിൽ ഖാൻ മരിച്ച വിവരം അറിഞ്ഞതിൽ ദുഃഖമുണ്ട്. അന്തരിച്ച ഫാസിൽ ഖാൻ്റെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഞങ്ങൾ ബന്ധപ്പെടുന്നുണ്ട്. സാധ്യമായ എല്ലാ സഹായങ്ങളും ഞങ്ങൾ തുടർന്നും നൽകും,” ന്യൂയോർക്കിലെ ഇന്ത്യൻ കോണ്‍സുലേറ്റ് എക്‌സിൽ പോസ്റ്റ് ചെയ്തു.

സംഭവത്തില്‍ 17 പേർക്ക് പൊള്ളലേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. 18 പേരെ രക്ഷപ്പെടുത്തിയതായി ന്യൂയോര്‍ക്ക് സിറ്റി അഗ്നിശമനസേന ഉദ്യോഗസ്ഥർ അറിയിച്ചു. നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുമുണ്ട്.

സംഭവമറിഞ്ഞ് എത്തിയ ഫയർഫോഴ്‌സ് സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരന്‍റെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ന്യൂയോർക്കിലെ ഇന്ത്യൻ എംബസി ബന്ധപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.

കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ടീച്ചേഴ്‌സ് കോളേജ് അടിസ്ഥാനമാക്കിയുള്ള ഹെച്ചിംഗർ റിപ്പോർട്ടിൻ്റെ ഡാറ്റ റിപ്പോർട്ടറായിരുന്നു ഫാസിൽ ഖാൻ. അദ്ദേഹത്തിൻ്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ അനുസരിച്ച്, ഖാൻ കൊളംബിയ ജേണലിസം സ്കൂളിൽ നിന്ന് ബിരുദം നേടി, സ്കൂളിൻ്റെ ഗ്ലോബൽ മൈഗ്രേഷൻ പ്രോജക്റ്റിലേക്ക് ബിരുദാനന്തര ബിരുദധാരിയായി തിരഞ്ഞെടുക്കപ്പെട്ടു.

2018ൽ ബിസിനസ് സ്റ്റാൻഡേർഡിൽ കോപ്പി എഡിറ്ററായാണ് അദ്ദേഹം തൻ്റെ കരിയർ ആരംഭിച്ചത്. ഡൽഹിയിൽ CNN-News18 ൻ്റെ ലേഖകനായും പ്രവർത്തിച്ചിട്ടുണ്ട്. 2020-ൽ ഉന്നത വിദ്യാഭ്യാസത്തിനായി ഖാൻ ന്യൂയോർക്കിലേക്ക് താമസം മാറ്റി.

അപ്പാർട്ട്‌മെന്‍റ്‌ കെട്ടിടത്തിൽ, ലിഥിയം അയേൺ ബാറ്ററിയാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് വിവരം. സംഭവത്തെത്തുടർന്ന്, കെട്ടിടനിർമ്മാണ വകുപ്പ് അപ്പാര്‍ട്ട്‌മെന്‍റിലുള്ളവരെല്ലാം അടിയന്തരമായി ഒഴിയണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. സമീപത്തെ ഒരു സ്‌കൂളിൽ പാര്‍പ്പിച്ചിരിക്കുന്നവര്‍ക്ക് റെഡ് ക്രോസാണ് സഹായങ്ങള്‍ എത്തിക്കുന്നത്.

2023ൽ ലിഥിയം അയേൺ ബാറ്ററികൾ നഗരത്തിൽ 267 തീപിടിത്തങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. 18 മരണങ്ങള്‍ക്കും 150 പേര്‍ക്ക് പരിക്കേല്‍ക്കാനും ഇത് ഇടയാക്കിയതായും ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് അറിയിച്ചു. തിങ്കളാഴ്ച വരെ, ഈ വർഷം ഇതുവരെ 24 ലിഥിയം-അയൺ ബാറ്ററി അഗ്നിബാധ അന്വേഷണങ്ങളും എട്ട് പരിക്കുകളും ഉണ്ടായതായും അവര്‍ പറഞ്ഞു.

അതേസമയം 18 പേരെ രക്ഷപ്പെടുത്തിയതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥർ അറിയിച്ചു. കൂടാതെ, 12 പേരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു, നാല് ഇരകളുടെ നില ഗുരുതരമായി തുടരുന്നു.

Print Friendly, PDF & Email

Leave a Comment

More News