കോസ്റ്റ് ഗാർഡുകളായി സ്ത്രീകൾക്ക് സ്ഥിരം കമ്മീഷൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം; കേന്ദ്രത്തോട് സുപ്രീം കോടതി

ന്യൂഡൽഹി: സ്ത്രീകളെ ഒഴിവാക്കാനാവില്ലെന്ന് പ്രഖ്യാപിച്ച സുപ്രീം കോടതി ഫെബ്രുവരി 26 തിങ്കളാഴ്ച, ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ സ്ത്രീകൾക്ക് സ്ഥിരം കമ്മീഷൻ അനുവദിക്കുന്നത് ഉറപ്പാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അത് ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ അത് ചെയ്യുമെന്നും കോടതി പറഞ്ഞു.

ഷോർട്ട് സർവീസ് കമ്മീഷൻ ഓഫീസർമാർക്ക് (എസ്എസ്‌സിഒ) സ്ഥിരം കമ്മീഷനുകൾ നൽകുന്നതിൽ ചില പ്രവർത്തനപരമായ ബുദ്ധിമുട്ടുകളുണ്ടെന്ന അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയുടെ സബ്‌മിഷനുകൾ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമര്‍ശം.

പ്രശ്‌നങ്ങൾ പരിശോധിക്കാൻ ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) ഒരു ബോർഡ് സ്ഥാപിച്ചിട്ടുണ്ടെന്നും അറ്റോർണി ജനറൽ ബെഞ്ചിനെ അറിയിച്ചു.

“നിങ്ങൾക്ക് കപ്പലിൽ സ്ത്രീകളുണ്ടാകണം,” ബെഞ്ച് പറഞ്ഞു, തിങ്കളാഴ്ച സമയക്കുറവ് കാരണം വിഷയം പരിഗണിക്കാൻ കഴിയാത്തതിനാൽ വെള്ളിയാഴ്ച വാദം കേൾക്കാൻ തീരുമാനിച്ചു. സ്ത്രീകളോട് നീതിപൂർവ്വം പെരുമാറുന്ന നയം നാവികസേന കൊണ്ടുവരണമെന്ന് ബെഞ്ച് നേരത്തെ പറഞ്ഞിരുന്നു.

സേനയിലെ യോഗ്യരായ വനിതാ ഷോർട്ട് സർവീസ് കമ്മീഷൻ ഉദ്യോഗസ്ഥകള്‍ക്ക് സ്ഥിരം കമ്മീഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഓഫീസർ പ്രിയങ്ക ത്യാഗി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

“നിങ്ങൾ ‘നാരി ശക്തി’ (സ്ത്രീ ശക്തി) യെക്കുറിച്ച് ഘോരഘോരം വിളിച്ചു പറയുന്നു. എന്നാല്‍, അത് പ്രവര്‍ത്തിയില്‍ കാണിക്കുന്നില്ല. ഇപ്പോൾ അത് ഇവിടെ കാണിക്കൂ. സ്ത്രീകളോട് നീതി പുലർത്തുന്ന ഒരു നയം നിങ്ങൾ കൊണ്ടുവരണം,” ബെഞ്ച് പറഞ്ഞു.

കരസേന, വ്യോമസേന, നാവികസേന എന്നീ മൂന്ന് സായുധ സേനകളിലെ വനിതാ ഉദ്യോഗസ്ഥർക്ക് സ്ഥിരം കമ്മീഷൻ അനുവദിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതിയുടെ വിധികൾ ഉണ്ടായിട്ടും യൂണിയൻ ഇപ്പോഴും “പുരുഷാധിപത്യ സമീപനമാണോ” സ്വീകരിക്കുന്നതെന്നും കോടതി ചോദിച്ചു.

“നിങ്ങൾ എന്തിനാണ് ഇത്ര പുരുഷാധിപത്യം കാണിക്കുന്നത്? കോസ്റ്റ് ഗാർഡില്‍ സ്ത്രീകളുടെ മുഖം കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല എന്നാണോ,” നേരത്തെ ഐസിജിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ വിക്രംജിത് ബാനർജിയോട് ബെഞ്ച് ചോദിച്ചിരുന്നു.

പെർമനൻ്റ് കമ്മീഷനായി തിരഞ്ഞെടുക്കുന്ന ഏക ഷോർട്ട് സർവീസ് കമ്മീഷൻ വനിതാ ഓഫീസർ ഹരജിക്കാരിയാണെന്നും അവരുടെ കേസ് പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്നും ബെഞ്ച് ചോദിച്ചു. ആയതിനാല്‍ ഇപ്പോൾ കോസ്റ്റ് ഗാർഡ് ഒരു നയം കൊണ്ടുവരണമെന്നും ബെഞ്ച് പറഞ്ഞു.

മൂന്ന് ഡിഫൻസ് സർവീസുകളിലെ വനിതാ ഉദ്യോഗസ്ഥർക്ക് സ്ഥിരം കമ്മീഷനുകൾ അനുവദിച്ചുകൊണ്ടുള്ള വിധികൾ പരിശോധിക്കാൻ നേരത്തെ നിയമ ഓഫീസറോട് ആവശ്യപ്പെട്ടിരുന്നു. കോസ്റ്റ് ഗാർഡിൽ വനിതകൾക്കായി സ്ഥിരം കമ്മീഷൻ എന്ന വ്യവസ്ഥയുണ്ടോയെന്നും ബെഞ്ച് ആരാഞ്ഞിരുന്നു.

വനിതാ ഓഫീസർമാർക്ക് 10 ശതമാനം പെർമനൻ്റ് കമ്മീഷൻ അനുവദിക്കാമെന്ന് പറഞ്ഞപ്പോൾ, “എന്തുകൊണ്ടാണ് 10 ശതമാനം… സ്ത്രീകൾ മനുഷ്യരിൽ പെട്ടവരല്ലേ?” എന്ന് ബെഞ്ച് ചോദിച്ചു.

ഇന്ത്യൻ നാവികസേനയായിരിക്കെ എന്തുകൊണ്ടാണ് ഐസിജി സ്ത്രീകൾക്ക് സ്ഥിരം കമ്മീഷനുകൾ അനുവദിക്കാത്തതെന്ന് ചോദിച്ചിരുന്നു. വിഷയത്തിൽ ലിംഗ-നിഷ്പക്ഷ നയം കൊണ്ടുവരാനും കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചിരുന്നു.

Print Friendly, PDF & Email

Leave a Comment

More News