ടിപി വധക്കേസിലെ പ്രതികൾക്ക് ഇളവ് നൽകാതെ ഇരട്ട ജീവപര്യന്തം

കൊച്ചി: ടിപി ചന്ദ്രശേഖരൻ വധക്കേസ് ഹീനവും പ്രാകൃതവുമാണെന്ന് വിശേഷിപ്പിച്ച കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച്, കേസിൽ ശിക്ഷിക്കപ്പെട്ട ഒമ്പത് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷയിൽ ഇളവില്ലാതെ 20 വർഷം വരെ ജീവപര്യന്തം ശിക്ഷ വിധിച്ചു.

രാജ്യത്തെ ജനങ്ങൾ ഒന്നടങ്കം ഭരിക്കാൻ തിരഞ്ഞെടുത്ത ജനാധിപത്യ തത്വങ്ങളെ തുരങ്കം വയ്ക്കുന്നത് ഭീഷണിപ്പെടുത്തുന്ന ഒന്നാണിതെന്ന് ജസ്റ്റിസ് എ.ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് കൗസർ ഇടപ്പഗത്തും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു.

1,2,3,4,5,7 പ്രതികള്‍ക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ. പ്രതികളായ എംസി അനൂപ്, മനോജ് കുമാര്‍ (കിര്‍മാണി മനോജ്), എന്‍കെ സുനില്‍ കുമാര്‍ (കൊടി സുനി), ടികെ രജീഷ്, എംകെ മുഹമ്മദ് ഷാഫി എന്നിവരുടെയും ഏഴാം പ്രതിയായ കെ.ഷിനോജിന്‍റെയും ശിക്ഷയാണ് ഹൈക്കോടതി ഉയര്‍ത്തിയത്. ഇവര്‍ക്കെതിരെ കൊലപാതക കുറ്റത്തിന് പുറമെ ഗൂഢാലോചന കുറ്റം കൂടി ചുമത്തിയാണ് ഹൈക്കോടതി ഇരട്ട ജീവപര്യന്തമായി ഉയര്‍ത്തിയത്. അതേസമയം കേസിലെ ആറാം പ്രതിക്ക് ജീവപര്യന്തത്തിന് പുറമെ ആറ് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്‌ഷന്‍ 120 ബി പ്രകാരവും ഇവർ കുറ്റക്കാരാണെന്ന് ഹൈക്കോടതി വിധിച്ചു. കേസില്‍ അടുത്തിടെ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കെകെ കൃഷ്‌ണനും ജ്യോതി ബാബുവിനും ജീവപര്യന്തമാണ് ശിക്ഷ വിധിച്ചത്. അങ്ങേയറ്റം പ്രാകൃതമായ കൊലപാതകമാണെങ്കിലും പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി പ്രഖ്യാപിച്ചത്. 1 മുതല്‍ 7 വരെയുള്ള പ്രതികള്‍ക്ക് ശിക്ഷ കാലയളവില്‍ ഇളവുകള്‍ നല്‍കരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു.

20 വര്‍ഷത്തേക്കാണ് യാതൊരു ഇളവുകളും നല്‍കരുതെന്ന് കോടതി നിര്‍ദേശിച്ചത്. എന്നാല്‍ കേസിലെ പ്രതികളായ പ്രതി കെകെ കൃഷ്‌ണന്‍, ജ്യോതി ബാബു എന്നിവര്‍ക്ക് പരോളിനായി അപേക്ഷിക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ഇരുവരുടെയും പ്രായവും ആരോഗ്യ പ്രശ്‌നങ്ങളും കണക്കിലെടുത്താണ് കോടതി നടപടി.

ടിപി വധക്കേസ് ജനാധിപത്യത്തിനും നിയമ വാഴ്‌ചക്കും നേരെയുണ്ടായ ആക്രമണമാണെന്ന് പ്രതികളുടെ ശിക്ഷ ഉയർത്തുന്നതുമായി ബന്ധപ്പെട്ട വാദത്തിനിടെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശത്തിന് നേരെയുണ്ടായ കടന്നാക്രമണമാണ്. ഇത്തരം രാഷ്‌ട്രീയ കൊലപാതകങ്ങള്‍ ഗൗരവതരമാണെന്നും കോടതി പറഞ്ഞു. എന്നാല്‍, രാഷ്‌ട്രീയ കൊലപാതകങ്ങള്‍ കേരളത്തില്‍ അസാധാരണ സംഭവമല്ലെന്ന് പ്രതിഭാഗം കോടതിയില്‍ പറഞ്ഞു.

തനിക്കെതിരെ ഭീഷണിയില്ലാത്ത രീതിയില്‍ വിധി പ്രഖ്യാപിക്കണമെന്നായിരുന്നു കെകെ രമയുടെ ആവശ്യം. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതികളോട് വധശിക്ഷ നല്‍കാതിരിക്കാന്‍ കാരണം എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ആരാഞ്ഞിരുന്നു. തങ്ങള്‍ നിരപരാധികളാണെന്നും കുടുംബത്തോടൊപ്പം ജീവിക്കാന്‍ അവസരം നല്‍കണമെന്നും ശിക്ഷയില്‍ ഇളവ് നല്‍കണമെന്നുമാണ് പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.

പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷനും കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം പ്രതികളുടെ ശാരീരിക മാനസിക ആരോഗ്യം അടക്കം പരിശോധിച്ച് ജയില്‍ അധികൃതര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കോടതി മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്.

പ്രതികൾക്കെതിരെ ചുമത്തിയ പിഴ തുക 50,000 രൂപയിൽ നിന്ന് ഒരു ലക്ഷമായി ഉയർത്തിയ കോടതി പിഴ തുകയിൽ 7,50,000 രൂപ മരിച്ച ആർഎംപി നേതാവിൻ്റെ ഭാര്യക്കും 5,00,000 രൂപ മകനും നൽകാനും ഉത്തരവിട്ടു.

ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച നേതാവിൻ്റെ ഭാര്യ കെകെ രമയും സംസ്ഥാന സർക്കാരും നൽകിയ അപ്പീലുകൾ ഭാഗികമായി അനുവദിച്ച ബെഞ്ച്, “അപൂർവങ്ങളിൽ അപൂർവമായ” കേസുകളിൽ മാത്രമേ വധശിക്ഷ നിക്ഷിപ്‌തമാക്കിയിട്ടുള്ളൂവെന്ന് നിരീക്ഷിച്ചു.

“വസ്‌തുതകളും സാഹചര്യങ്ങളും അവരുടെ വെറുപ്പുളവാക്കുന്നതും നിന്ദ്യവുമായ പെരുമാറ്റത്തിലേക്ക് വ്യക്തമായി വിരൽ ചൂണ്ടുന്നുണ്ടെങ്കിലും, കുറ്റാരോപിതർക്ക് വധശിക്ഷ വിധിക്കുന്നതിനായി അതിനെ “അപൂർവങ്ങളിൽ അപൂർവ്വം” എന്ന് തരംതിരിക്കാൻ ഞങ്ങൾ പോകില്ല. കഠിനമായ ജീവപര്യന്തം തടവുശിക്ഷ, കുറ്റാരോപിതരുടെയും പൊതുസമൂഹത്തിൻ്റെയും പരസ്പരവിരുദ്ധമായ താൽപ്പര്യങ്ങൾക്കിടയിൽ ശരിയായ സന്തുലിതാവസ്ഥ ഉണ്ടാക്കുകയും നമ്മുടെ നിയമവ്യവസ്ഥയിൽ പൊതുജനവിശ്വാസം നിലനിർത്തുന്നതിന് വളരെയധികം മുന്നോട്ട് പോകുകയും ചെയ്യും.

കേസിൽ കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി വിധിച്ച ശിക്ഷ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ അപ്പീൽ കോടതി തള്ളി.

Print Friendly, PDF & Email

Leave a Comment

More News