അർജുന അവാർഡ് ജേതാവ് ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യർ കേരള ഒളിമ്പിക് അസോസിയേഷൻ ജോ. സെക്രട്ടറി

തിരുവനന്തപുരം/എടത്വ :അർജുന അവാർഡ് ജേതാവ് ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യറിനെ കേരള ഒളിമ്പിക് അസോസിസിയേഷൻ ജോ. സെക്രട്ടറിയായി നിയമിച്ചു.

ഒരു പതിറ്റാണ്ടിൽ ഏറെ കാലം ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ നീന്തൽ താരമായിരുന്നു ഇദ്ദേഹം.1998 മുതൽ 2009 വരെ 11 വർഷം 50 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിൽ ദേശീയ റെക്കോർഡ് ഇദ്ദേഹത്തിന്റെ പേരിലായിരുന്നു. 22.89 സെക്കന്റുമായിരുന്നു ഇദ്ദേഹത്തിന്റെ റെക്കോർഡ് സമയം.ദേശീയ തലത്തിൽ 75 സ്വർണവും അന്താരാഷ്ട്ര തലത്തിൽ 40 മികച്ച ഫിനിഷുകളും നേടിയിട്ടുണ്ട്. 1996 ൽ അറ്റ്ലാൻ്റയിലും 1990 മുതൽ തുടർച്ചയായി മൂന്ന് ഏഷ്യൻ ഗെയിംസുകളിലും പങ്കെടുത്ത ഒളിമ്പ്യനായ സേവ്യർ നിലവിൽ ഇന്ത്യൻ റെയിൽവേയിലെ സീനിയർ സ്പോർട്സ് ഓഫീസറാണ്.ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് ആണ് തൻ്റെ കായിക ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്ന് സെബാസ്റ്റ്യൻ പറഞ്ഞു. സെൻ്റ് അലോഷ്യസ് കോളജ് പൂർവ്വ വിദ്യാർത്ഥി കൂടിയായ ഇദ്ദേഹം 1993, 1997, 1999 എന്നീ വർഷങ്ങളിൽ ബെസ്റ്റ് സ്പോർട്സ്മാൻ അവാർഡ് പ്രധാനമന്ത്രിയിൽ നിന്നും സ്വീകരിച്ചിട്ടുണ്ട്‌.1989 മുതൽ 2000 വരെ തുടർച്ചയായി തെക്കെ ഏഷ്യയിലെ ഏറ്റവും വേഗതയേറിയ നീന്തൽ താരം ആയിരുന്നു. രാഷ്ട്രപതിയിൽ നിന്നും അർജുന അവാർഡ് കരസ്ഥമാക്കി. സൗത്ത് ഏഷ്യൻ ഫെഡറേഷൻ ഗെയിംസിൽ 23 സ്വർണ്ണവും 1989 മുതൽ 2003 വരെ ഓൾ ഇന്ത്യ റെയിൽവെ ചാമ്പ്യൻഷിപ്പിൽ 83 സ്വർണ്ണവും കൂടാതെ നിരവധി പുരസ്ക്കാരങ്ങളും നേടിയിട്ടുണ്ട്.

സെബാസ്റ്റ്യൻ സേവ്യറിന് ഊഷ്മളമായ സ്വീകരണം നല്കുമെന്ന് ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റ് ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ, സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള, ജോർജിയൻ സ്പോർട്സ് സെൻ്റർ ഡയറക്ടർ ജിജി ചുടുക്കാട്ടിൽ, സ്പോർട്സ് ഡിവിഷൻ കൺവീനർ ലയൺ കെ. ജയചന്ദ്രൻ എന്നിവർ അറിയിച്ചു.

എടത്വ ചങ്ങംങ്കരി മണമേൽ ഏലിയാമ്മയുടെയും എടത്വ സെൻ്റ് അലോഷ്യസ് ഹൈസ്കൂളിലെ അദ്ധ്യാപകനായിരുന്ന പരേതനായ എം.ജെ സേവ്യറിൻ്റെയും 11 മക്കളിൽ പത്താമനാണ് സെബാസ്റ്റ്യൻ സേവ്യർ.അന്തർദ്ദേശിയ അത്-ലറ്റ് താരം മോളി ചാക്കോയാണ് ഭാര്യ. മക്കൾ: എലിസ ബേത്ത് സെബാസ്റ്റ്യൻ (ജർമനി), മാർക്ക് സെബാസ്റ്റ്യൻ

Print Friendly, PDF & Email

Leave a Comment

More News