പോർട്ട്ചെസ്റ്റർ സെൻ്റ് ജോർജ് ഓർത്തഡോക്സ് ഇടവക ഫാമിലി & യൂത്ത് കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു

പോര്‍ട്ട്‌ചെസ്റ്റര്‍ (ന്യൂയോര്‍ക്ക്): മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം ഈ വര്‍ഷത്തെ ഏറ്റവും വലിയ ആദ്ധ്യാത്മിക സമ്മേളനമായ ഫാമിലി കോണ്‍ഫറന്‍സിനായി ഒരുങ്ങുന്നു.

മാത്യു ജോഷ്വാ (കോണ്‍ഫറന്‍സ് ട്രഷറര്‍), സജി എം. പോത്തന്‍ (മുന്‍ ഭദ്രാസന കൗണ്‍സില്‍ അംഗം), ഫിലിപ്പ് തങ്കച്ചന്‍, ഷിബു തരകന്‍, ഷെറിന്‍ എബ്രഹാം (കോണ്‍ഫറന്‍സ് കമ്മിറ്റി അംഗങ്ങള്‍) എന്നിവരടങ്ങിയ ഫാമിലി,യൂത്ത് കോണ്‍ഫറന്‍സ് ടീമിന് 2024 ഫെബ്രുവരി 25 ഞായറാഴ്ച സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് ഇടവക ഊഷ്മളമായ സ്വീകരണം നല്‍കി.

ഇടവക വികാരി ഫാ. ഡോ. ജോര്‍ജ് കോശിയുടെ സാന്നിധ്യത്തില്‍ അസിസ്റ്റന്റ് വികാരി ഫാ. ഡോ. പോള്‍ ചെറിയാന്‍ വിശുദ്ധ കുര്‍ബാനയ്ക്കു നേതൃത്വം നല്‍കി. ഫാമിലി കോണ്‍ഫറന്‍സ് സെക്രട്ടറി ആയും ഭദ്രാസന കൌണ്‍സില്‍ മെമ്പര്‍ ആയും സഭാ മാനേജിങ് കമ്മിറ്റി മെമ്പര്‍ ആയുമൊക്കെ സേവനം ചെയ്ത അന്തരിച്ച ഡോ. ഫിലിപ്പ് ജോര്‍ജിന്റെ സ്മരണകള്‍ നിറഞ്ഞു നിന്ന കിക്ക് ഓഫ് ചടങ്ങില്‍ ഫാ. ഡോ. പോള്‍ ചെറിയാന്‍ കോണ്‍ഫറന്‍സ് ടീമിനെ സ്വാഗതം ചെയ്തു. മാത്യുകുട്ടി ജേക്കബ്, തോമസ് കോശി (ഭദ്രാസന അസംബ്ലി അംഗങ്ങള്‍), ജോര്‍ജ്ജ് തങ്കച്ചന്‍, ജോണ്‍ ടി. ജേക്കബ് (മലങ്കര അസോസിയേഷന്‍ അംഗങ്ങള്‍), ജിനീഷ എബ്രഹാം (ഇടവക സെക്രട്ടറി), ബിനു വര്‍ഗീസ് (ഇടവക ട്രസ്റ്റി)) എന്നിവരുള്‍പ്പെടെ ഇടവകയിലെ ഭാരവാഹികളെ സജി പോത്തന്‍ ആദ്യം വേദിയിലേക്കു ക്ഷണിച്ചു. മുന്‍വര്‍ഷങ്ങളില്‍ കോണ്‍ഫറന്‍സിന് ഇടവക നല്‍കിയിട്ടുള്ള പിന്തുണയ്ക്ക് സജി നന്ദി അറിയിക്കുകയും ഈ വര്‍ഷത്തെ കോണ്‍ഫറന്‍സില്‍ രജിസ്റ്റര്‍ ചെയ്യാന്‍ എല്ലാവരേയും ക്ഷണിക്കുകയും ചെയ്തു.

കോണ്‍ഫറന്‍സിന്റെ വേദി, തീം, സ്ഥലം, നേതാക്കള്‍ തുടങ്ങിയ പൊതുവിവരങ്ങള്‍ ഫിലിപ്പ് തങ്കച്ചന്‍ നല്‍കി. മാത്യു ജോഷ്വ രജിസ്‌ട്രേഷന്റെ വിശദാംശങ്ങള്‍ നല്‍കി. റാഫിളിലൂടെയും സുവനീറിലൂടെയും കോണ്‍ഫറന്‍സിനെ പിന്തുണയ്ക്കാനുള്ള അവസരങ്ങളെക്കുറിച്ച് ഷിബു തരകന്‍ സംസാരിച്ചു. ഷെറിന്‍ എബ്രഹാം വിവിധ സ്‌പോണ്‍സര്‍ഷിപ്പ് അവസരങ്ങള്‍ വിശദീകരിച്ചു.
ഗോള്‍ഡ് ലെവല്‍ സ്‌പോണ്‍സര്‍ ആയി തോമസ് കോശി പിന്തുണ അറിയിച്ചു. കൂടാതെ നിരവധി ഇടവകാംഗങ്ങള്‍ രജിസ്‌ട്രേഷന്‍, റാഫിള്‍ ടിക്കറ്റുകള്‍, സുവനീര്‍ പരസ്യ സ്‌പോണ്‍സര്‍ഷിപ്പുകള്‍ എന്നിവയിലൂടെ പിന്തുണച്ചു.

സമ്മേളനത്തിന് ഉദാരമായ പിന്തുണ നല്‍കിയ വികാരിക്കും അസിസ്റ്റന്റ് വികാരിക്കും ഭാരവാഹികള്‍ക്കും ഇടവകാംഗങ്ങള്‍ക്കും കോണ്‍ഫറന്‍സ് ഭാരവാഹികള്‍ നന്ദി പറഞ്ഞു.

2024 ജൂലൈ 10 മുതല്‍ 13 വരെ പെന്‍സില്‍വേനിയ ലങ്കാസ്റ്ററിലെ വിന്‍ധം റിസോര്‍ട്ടിലാണ് സമ്മേളനം നടക്കുന്നത്. സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ ജനറലും പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി വികാരിയുമായ ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികന്‍ ഫാ. ജോയല്‍ മാത്യുവും യുവജന സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. ‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി ”ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളില്‍ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊ സ്യര്‍ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം. ബൈബിള്‍, വിശ്വാസം, സമകാലിക വിഷയങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം സംവേദനാത്മക സെഷനുകള്‍ ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്, ഫാ. അബു പീറ്റര്‍, കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ (ഫോണ്‍: 914.806.4595) / ചെറിയാന്‍ പെരുമാള്‍, കോണ്‍ഫറന്‍സ് സെക്രട്ടറി (ഫോണ്‍. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

Print Friendly, PDF & Email

Leave a Comment

More News