ജനശ്രദ്ധനേടി ബംഗാൾ മർകസ് പത്താം വാർഷിക സമ്മേളനം

ബംഗാൾ മർകസ്-ത്വയ്ബ ഗാർഡൻ സ്ഥാപനങ്ങളുടെ പത്താം വാർഷികത്തിന്റെ ഭാഗമായി നടന്ന സനദ് ദാന സമ്മേളനത്തിൽ നിന്ന്

കോഴിക്കോട്: പശ്ചിമ ബംഗാളിലെ ദക്ഷിൺ ദിനാജ്പൂർ ആസ്ഥാനമായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ-സാമൂഹ്യപ്രവർത്തനങ്ങൾ നടത്തുന്ന ബംഗാൾ മർകസ്-ത്വയ്ബ ഗാർഡൻ സ്ഥാപനങ്ങളുടെ പത്താം വാർഷിക സമ്മേളനം ശ്രദ്ധേയമായി. ഇതാദ്യമായാണ് പ്രദേശത്ത് വിപുലമായ രൂപത്തിൽ ഒരു സമ്മേളനം നടക്കുന്നത്. മൂന്നുദിവസം നീണ്ടുനിന്ന സമ്മേളനത്തിൽ വിവിധ സെഷനുകളിലായി മത സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ സംബന്ധിച്ചു.

ഉദ്ഘാടന സംഗമം പശ്ചിമ ബംഗാൾ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഹ്‌മദ്‌ ഇംറാൻ ഹസൻ ഉദ്ഘാടനം ചെയ്തു. സമ്മേളന വിളംബരം ചെയ്ത് നടന്ന ഗ്രാന്റ് റാലി പൊതുജന പങ്കാളിത്തം കൊണ്ടും വ്യത്യസ്ത കൊണ്ടും ജനശ്രദ്ധയാകർഷിച്ചു. ദിനാജ്പൂർ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും എത്തിയ വിദ്യാർഥികൾ പങ്കെടുത്ത സ്റ്റുഡന്റസ് കോൺഫറൻസ് കളക്ടർ ബിജിൻ കൃഷ്ണ ഐ എ എസ് ഉദ്ഘാടനം ചെയ്തു. ബംഗാൾ ചെറുകിട വികസന കോർപ്പറേഷൻ ഡയറക്ടർ നിഖിൽ നിർമൽ ഐ എ എസ്, ബംഗാൾ വഖ്‌ഫ്‌ ബോർഡ് അഡ്വൈസർ സയ്യിദ് സർഫാസ് അഹ്‌മദ്‌, എസ് കെ അബ്ദുൽ മതീൻ, മെഹ്ബൂബുൽ ഹഖ് തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിച്ചു. വിദ്യാഭ്യാസത്തിന്റെയും സാമൂഹിക ശാക്തീകരണത്തിന്റെയും ആവശ്യകതയെയും ഉപരിപഠന സാധ്യതകളും അവലോകനം ചെയ്ത സംഗമം ഏറെ വ്യത്യസ്തമായിരുന്നു.

ത്വയ്ബ മോറൽ അക്കാദമിക്ക് കീഴിൽ പ്രവൃത്തിക്കുന്ന മക്തബുകളുടെ അധ്യാപക സംഗമത്തിൽ ജാമിഅ മർകസ് റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ മുഖ്യപ്രഭാഷണം നടത്തി. മക്തബുകളിലെ മികച്ച അധ്യാപകരെയും വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു. ഉമറലി സഖാഫി, നൗഷാദ് ആലം മിസ്ബാഹി, ഫഖീഹുൽ ഖമർ സംസാരിച്ചു.

സനദ് ദാന പൊതുസമ്മേളനം മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. 44 റബ്ബാനികളും 50 ത്വയ്യിബികളും 7 ത്വയ്ബാനികളും സനദ് സ്വീകരിച്ചു കർമരംഗത്തേക്കിറങ്ങി. ത്വയ്ബ ഡയറക്ടർ സുഹൈറുദ്ദീൻ നൂറാനി സനദ് ദാന പ്രഭാഷണം നടത്തി. ബംഗാൾ മുഫ്തി ഗുലാം സമദാനി, എസ് എസ് എഫ് ദേശീയ ജനറൽ സെക്രട്ടറി സി പി ഉബൈദുല്ല സഖാഫി, മുഫ്തി വജ്ഹുൽ ഖമർ റിസ്വാനി, മുഫ്തി റഹ്മത്തലി മിസ്ബാഹി, മുഫ്തി അബ്ദുൽ മലിക് മിസ്ബാഹി സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ഹാർമണി കോൺഫറൻസ്, സഖാഫി സമ്മിറ്റ്, മീഡിയ സമ്മിറ്റ് തുടങ്ങിയ വ്യത്യസ്ത പരിപാടികളും നടന്നു.

Print Friendly, PDF & Email

Leave a Comment

More News