2018ൽ ഗോഹത്യയുടെ പേരിൽ മുസ്ലീം ആട് കച്ചവടക്കാരനെ അടിച്ചുകൊന്ന കേസിൽ പത്ത് പേർക്ക് ജീവപര്യന്തം തടവ്

കാസിമിൻ്റെ കുടുംബം

ന്യൂഡല്‍ഹി: പശുവിനെ കശാപ്പ് ചെയ്‌തെന്ന വ്യാജവാർത്തയുടെ പേരിൽ മുസ്ലീം ആട് കച്ചവടക്കാരന്‍ കാസിമിനെ ഉത്തർപ്രദേശിലെ ഹാപൂരിലെ ഒരു ഗ്രാമത്തിൽ ഹിന്ദു ആൾക്കൂട്ടം അടിച്ചുകൊന്ന കേസില്‍ ആറ് വർഷത്തിന് ശേഷം, പ്രാദേശിക കോടതി മാർച്ച് 12 ചൊവ്വാഴ്ച പത്ത് പേർക്ക് ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

2015ലെ കുപ്രസിദ്ധമായ ദാദ്രി സംഭവത്തിന് ശേഷം (പശുവധ കിംവദന്തികളുടെ പേരിൽ മുഹമ്മദ് അഖ്‌ലാഖ് എന്ന മുസ്ലീം കൊല്ലപ്പെട്ടപ്പോൾ), ഉത്തർപ്രദേശിൽ ഗോഹത്യയുടെ പേരിലുള്ള വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് ഇരയായവരിൽ ഒരാളാണ് 45 കാരനായ കാസിം

സംസ്ഥാനത്ത് ഭാരതീയ ജനതാ പാർട്ടി (ബിജെപി) സർക്കാർ അധികാരത്തിലെത്തി അക്രമാസക്തമായ പശു സംരക്ഷണ വാദത്തിന് ധാർമ്മിക പിന്തുണ നൽകി ഒരു വർഷത്തിന് ശേഷം ജൂൺ 16, 2018 ന്, പിൽഖുവ പോലീസ് സ്റ്റേഷൻ പരിധിയിലെ ബജേര ഖുർദ് ഗ്രാമത്തിലെ വയലുകൾക്ക് സമീപമാണ് കാസിമിനെ അടിച്ചു കൊന്നത്.

വാസ്തവത്തിൽ, ഹാപൂർ ആൾക്കൂട്ടക്കൊലയിലെ പ്രധാന പ്രതികളിലൊരാൾ ജാമ്യത്തിൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയതിനുശേഷം തൻ്റെ പങ്കിനെക്കുറിച്ച് വീമ്പിളക്കുകപോലും ചെയ്തു. അതേസമയം, ഗോവധ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ഇരകളുടെ കുടുംബങ്ങൾ വാദിച്ചിരുന്നു.

ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട സമയദ്ദീന്‍

കോടതിയുടെ വിശദമായ വിധി വരാനിരിക്കുന്നുണ്ടെങ്കിലും പത്ത് പ്രതികൾ കുറ്റക്കാരാണെന്ന് കേസുമായി ബന്ധപ്പെട്ട അഭിഭാഷകർ പറഞ്ഞു. പ്രസ്തുത സംഭവത്തിൽ സമയദ്ദീൻ എന്ന മുസ്ലീം കർഷകനും ഗുരുതരമായി പരിക്കേറ്റു.

കൊലപാതകം, കൊലപാതകശ്രമം, മാരകായുധങ്ങളുമായി കലാപമുണ്ടാക്കൽ, മതത്തിൻ്റെ പേരിൽ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ശ്വേത ദീക്ഷിത് ശിക്ഷ വിധിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302, 307, 147, 148, 149, 153 എ വകുപ്പുകൾ പ്രകാരമാണ് പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 58,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

വർഷങ്ങളെടുത്തെങ്കിലും കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് സമയദ്ദീൻ്റെ സഹോദരനും കേസിലെ പരാതിക്കാരനുമായ യാസിൻ പറഞ്ഞു.

കോടതി വിധിയിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഞങ്ങൾക്ക് നീതി ലഭിച്ചു. ദീർഘവും ദുഷ്‌കരവുമായ നിയമപോരാട്ടം തുടരാൻ തൻ്റെ കുടുംബത്തിന് 200 മുതൽ 300 മീറ്റർ വരെ ഭൂമി വിൽക്കേണ്ടി വന്നതായി ദിവസ വേതനക്കാരനായ യാസിൻ പറഞ്ഞു.

“ഞാനൊരു തൊഴിലാളിയാണ്. ഞങ്ങള്‍ക്ക് മൂന്നോ നാലോ ബിഗാ ഭൂമിയേ ഉള്ളൂ. കോടതി വിചാരണകളിൽ പങ്കെടുക്കാൻ എനിക്ക് എൻ്റെ ജോലി ഉപേക്ഷിക്കേണ്ടിവന്നു. ഈ യുദ്ധത്തിൽ പോരാടുന്നതിന് ഞങ്ങൾ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടു, പക്ഷേ ദൈവാനുഗ്രഹത്താൽ ഞങ്ങൾക്ക് നീതി ലഭിച്ചു,” യാസിന്‍ പറഞ്ഞു.

കൊല ചെയ്യപ്പെട്ട കാസിം നാട്ടിലെ ചന്തകളിലും ഗ്രാമങ്ങളിലും ആടുകളെ വിറ്റിരുന്നു. സംഭവദിവസം തൻ്റെ പറമ്പിൽ കന്നുകാലികൾക്ക് തീറ്റ പെറുക്കുന്നതിനിടെ കാസിം വയലിലേക്ക് ഓടുന്നതും ജനക്കൂട്ടം തന്നെ പിന്തുടരുന്നതും കണ്ടു.

കാസിമിനെ ജനക്കൂട്ടം ക്രൂരമായി മർദിച്ചു. സമയദ്ദീൻ ഇടപെടാൻ ശ്രമിച്ചപ്പോൾ മർദനമേറ്റു. മടപൂർ-മുസ്തഫാബാദ് ഗ്രാമവാസിയായ സമയദ്ദീനെതിരെ കലാപകാരികളായ ജനക്കൂട്ടം വർഗീയ പരാമർശങ്ങൾ നടത്തുകയും പശുവിനെ കശാപ്പ് ചെയ്തതായി ആരോപിക്കുകയും ചെയ്തു. സമയദ്ദീന് സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും, കാസിം മരണത്തിന് കീഴടങ്ങി.

ഈ സംഭവത്തിൽ പോലീസിന് നാനാഭാഗത്തുനിന്നും വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. പോലീസ് കൈകാര്യം ചെയ്ത രീതിയും അപലപിക്കപ്പെട്ടു. കാരണം, സംഭവം നടന്നയുടനെ എടുത്ത ഫോട്ടോയിൽ മൂന്ന് പോലീസുകാർ കാസിമിൻ്റെ രക്തത്തിൽ കുളിച്ച ശരീരം ആൾക്കൂട്ടത്തിനിടയിലൂടെ വലിച്ചിഴയ്ക്കുന്നത് കാണിച്ചു. ഒരുപക്ഷെ, കാസിം അപ്പോള്‍ ജീവിച്ചിരുന്നിരിക്കാം.

ഒരു ഇൻസ്‌പെക്ടറുടെയും രണ്ട് കോൺസ്റ്റബിൾമാരുടെയും പെരുമാറ്റത്തിന് സംസ്ഥാന പോലീസ് ക്ഷമാപണം നടത്തി. എന്നാൽ, ആംബുലൻസ് ലഭ്യമല്ലാതിരുന്നതിനഅല്‍ കാസിമിനെ നിലത്തിട്ട് വലിച്ചിഴച്ചുവെന്നും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

എന്നാൽ, സമയദ്ദീൻ സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകിയപ്പോൾ, കേസിൻ്റെ അന്വേഷണം മുതിർന്ന ഐപിഎസ് ഓഫീസർ (മീററ്റ് ഇൻസ്പെക്ടർ ജനറൽ) നിരീക്ഷിക്കണമെന്നും അദ്ദേഹത്തിൻ്റെ മൊഴി രേഖപ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടു.

ഇരയുടെ കുടുംബത്തിന് പോലീസ് സംരക്ഷണവും നൽകിയിട്ടുണ്ട്. ഗോഹത്യയെക്കുറിച്ചുള്ള വാർത്തകൾ ‘തികച്ചും തെറ്റായിരുന്നു’ എന്ന് യാസിൻ പറഞ്ഞു. സംഭവത്തിൻ്റെ നിരവധി വീഡിയോകൾ പുറത്തുവന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിലൊന്നും പശുവിനെ കാണാനില്ലായിരുന്നു. കാസിമിന് ഭാര്യയും നാല് കുട്ടികളുമുണ്ട്.

Print Friendly, PDF & Email

Leave a Comment

More News