പാക്കിസ്താനിൽ നിന്നുള്ള 18 ഹിന്ദു അഭയാർത്ഥികൾക്ക് അഹമ്മദാബാദിൽ ഇന്ത്യൻ പൗരത്വം നൽകി

ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവി

അഹമ്മദാബാദ്: ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവി പങ്കെടുത്ത ക്യാമ്പിൽ അഹമ്മദാബാദിൽ താമസിക്കുന്ന പാക്കിസ്താനില്‍ നിന്നുള്ള 18 ഹിന്ദു അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകി.

ശനിയാഴ്ച ജില്ലാ കളക്ടറുടെ ഓഫീസിൽ സംഘടിപ്പിച്ച ക്യാമ്പിൽ സംഘവി 18 പേർക്ക് ഇന്ത്യൻ പൗരത്വം നൽകുകയും പുതിയ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

ഇന്ത്യൻ പൗരത്വം നേടിയ എല്ലാവരെയും സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു, “രാജ്യത്തിൻ്റെ വികസന യാത്രയിൽ പങ്കാളികളാകാൻ നിങ്ങൾ എല്ലാവരും ദൃഢനിശ്ചയം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു.

2016ലെയും 2018ലെയും ഗസറ്റ് വിജ്ഞാപനങ്ങൾ പാക്കിസ്താന്‍, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ സമുദായങ്ങളിലെ ജനങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിന് ഗുജറാത്തിലെ അഹമ്മദാബാദ്, ഗാന്ധിനഗർ, കച്ച് ജില്ലാ കളക്ടർമാർക്ക് അധികാരം നൽകിയിരുന്നു. ഇതോടെ, അഹമ്മദാബാദ് ജില്ലയിൽ താമസിക്കുന്ന പാക്കിസ്താനിൽ നിന്നുള്ള 1,167 ഹിന്ദു അഭയാർഥികൾക്ക് ഇതുവരെ ഇന്ത്യൻ പൗരത്വം ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

അഫ്ഗാനിസ്ഥാൻ, പാക്കിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ദുരിതമനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് എളുപ്പത്തിലും വേഗത്തിലും ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രത്യേക ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് സാംഘവി പറഞ്ഞു.

മാർച്ച് 11 ന്, പാക്കിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള രേഖകളില്ലാത്ത മുസ്ലീം ഇതര കുടിയേറ്റക്കാർക്ക് പൗരത്വത്തിന് വഴിയൊരുക്കി, 2019 ലെ പൗരത്വ (ഭേദഗതി) നിയമം നടപ്പിലാക്കുന്നതായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ഇതോടെ, മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾ, സിഖുകാർ, ജൈനർ, ബുദ്ധമതക്കാർ, പാഴ്‌സികൾ, ക്രിസ്ത്യാനികൾ എന്നിങ്ങനെ പീഡിപ്പിക്കപ്പെടുന്ന അമുസ്‌ലിം കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകാൻ സർക്കാർ ലക്ഷ്യമിടുന്നു.

Print Friendly, PDF & Email

Leave a Comment

More News