ഹൈദരാബാദിൽ നിന്നുള്ള വിദ്യാർത്ഥിയെ അമേരിക്കയില്‍ തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യം ആവശ്യപ്പെട്ട് കുടുംബത്തിന് ഫോണ്‍

ഹൈദരാബാദിൽ നിന്നുള്ള വിദ്യാർത്ഥി ഒഹായോയിലെ ക്ലീവ്‌ലാൻഡ് യൂണിവേഴ്‌സിറ്റിയിൽ ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി മുഹമ്മദ് അബ്ദുൾ അർഫതിനെ (25) മാർച്ച് 7 മുതൽ കാണാതായതായി കുടുംബം.

ഹൈദരാബാദിന് സമീപമുള്ള മൽകജ്ഗിരി ജില്ലയിൽ താമസിക്കുന്ന ഇയാളുടെ മാതാപിതാക്കൾക്ക് 12,000 ഡോളർ മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ കോള്‍ ലഭിച്ചതായി അവര്‍ പറയുന്നു. മകനെ തട്ടിക്കൊണ്ടുപോയി വൃക്ക വിൽക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി അജ്ഞാതർ ഫോണിലൂടെ അവരെ അറിയിച്ചതായാണ് വിവരം.

2023 മെയ് മാസത്തിലാണ് അർഫത്ത് യുഎസിലേക്ക് പോയതെന്നും, ഇക്കഴിഞ്ഞ മാർച്ച് 7 മുതൽ തങ്ങളോട് സംസാരിച്ചിട്ടില്ലെന്ന്
അര്‍ഫത്തിന്റെ കുടുംബം പറഞ്ഞു.

തൻ്റെ മകനെ ക്ലീവ്‌ലാൻഡിൽ മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘം തട്ടിക്കൊണ്ടുപോയെന്ന് അവകാശപ്പെട്ട് പിതാവ് മുഹമ്മദ് സലീമിന് കഴിഞ്ഞയാഴ്ച ഒരു അജ്ഞാതനിൽ നിന്ന് ഫോൺ കോൾ ലഭിച്ചു. വിളിച്ചയാൾ മോചനദ്രവ്യം ആവശ്യപ്പെട്ടെങ്കിലും പണമടയ്ക്കുന്ന രീതി പരാമർശിച്ചില്ല.

സലീം യുഎസിലുള്ള ബന്ധുക്കളെ വിവരം അറിയിച്ചു, അവർ ക്ലീവ്‌ലാൻഡ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കാണാതായ സമയത്ത് വെള്ള ടീ ഷർട്ടും ചുവന്ന ജാക്കറ്റും നീല ജീൻസുമാണ് അർഫത്ത് ധരിച്ചിരുന്നതെന്ന് പറയുന്നു.

മകനെ കണ്ടെത്താൻ സഹായിക്കുന്നതിനായി കുടുംബം മാർച്ച് 18 ന് ഷിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റിന് കത്തെഴുതി.
കൂടാതെ, മകനെ കണ്ടെത്താൻ പിതാവ് മുഹമ്മദ് സലീം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News