റഷ്യയിലെ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 133 ആയി

മോസ്‌കോ: മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാളിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 133 ആയി ഉയർന്നതായി റഷ്യൻ എമർജൻസി മന്ത്രാലയം അറിയിച്ചു.

മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് സംഭവത്തിൽ 152 പേർക്ക് പരിക്കേറ്റതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. മരിച്ചവരുടെ ബന്ധുക്കൾക്ക് 32,500 ഡോളർ നൽകുമെന്ന് മോസ്‌കോ മേഖല ഗവർണർ ആൻഡ്രി വോറോബിയോവ് പറഞ്ഞു.

വെള്ളിയാഴ്ച മോസ്‌കോക്കടുത്തുള്ള ക്രോക്കസ് കോംപ്ലക്‌സിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് 11 പേരെ കസ്റ്റഡിയിലെടുത്തതായി റഷ്യൻ സെക്യൂരിറ്റി സർവീസ് (എഫ്എസ്‌ബി) ഡയറക്ടർ അലക്‌സാണ്ടർ ബോർട്ട്‌നിക്കോവ് വാര്‍ത്താ മാധ്യമങ്ങളോട് പറഞ്ഞു.

ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് അമേരിക്ക റഷ്യക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാല്‍, അത് “പ്രകോപനപരമാണെന്ന്” വിശേഷിപ്പിച്ച് പ്രസിഡൻ്റ് പുടിൻ നിരസിക്കുകയും ചെയ്തിരുന്നു.

സർക്കാർ ഉടമസ്ഥതയിലുള്ള റഷ്യൻ വാർത്താ ഏജൻസിയായ ടാസ്, അക്രമികൾക്ക് “ഉക്രേനിയൻ ഭാഗത്ത് ബന്ധങ്ങളുണ്ടെന്ന് റിപ്പോർട്ട് ചെയ്തു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം, ഹാളിൽ ഉപേക്ഷിച്ച ആയുധങ്ങൾക്കൊപ്പം ഭീകരർ ഓട്ടോമാറ്റിക് ആയുധങ്ങളും ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ബാലിസ്റ്റിക്, ജനിതക, വിരലടയാള പരിശോധനകൾ നടത്തിവരികയാണെന്നും, പരിസരത്ത് തീപിടിക്കാൻ തീവ്രവാദികൾ ദ്രാവകം ഉപയോഗിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രശസ്ത റോക്ക് ബാൻഡായ പിക്നിക്കിൻ്റെ സംഗീത വേദിയിലാണ് വെള്ളിയാഴ്ച രാത്രി 8 മണിക്ക് (പ്രാദേശിക സമയം) മാൾ ആക്രമിക്കപ്പെട്ടത്.

അക്രമികൾ ഗ്രനേഡുകൾ എറിയുകയും കെട്ടിടത്തിന് തീയിടുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. ഭീകരാക്രമണത്തെ യുകെ, ഇന്ത്യ, യു എസ്, ശ്രീലങ്ക, പാക്കിസ്താന്‍ എന്നീ രാജ്യങ്ങളിലെ നേതാക്കള്‍ അപലപിച്ചു.

Print Friendly, PDF & Email

Leave a Comment

More News