യു എസ് ടി സൈറ്റ് ടെക്നിക്കൽ എക്സ്പോയിൽ മത്സരിച്ച് ദക്ഷിണേന്ത്യൻ എഞ്ചിനീയറിങ് കോളേജുകളിൽ നിന്നുള്ള 500-ലധികം ടീമുകൾ

സമൂഹ നന്മയ്ക്കായുള്ള പുത്തൻ സാങ്കേതിക ആശയങ്ങൾ അവതരിപ്പിച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി

UST SIGHT Participants Group Picture at Thiruvananthapuram Campus

തിരുവനന്തപുരം, മാർച്ച് 28, 2024: മികവോടെ മാനുഷിക പരിവർത്തനം സാധ്യമാക്കുന്ന സുസ്ഥിര നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി അതിന്റെ തിരുവനന്തപുരം കാമ്പസിൽ സംഘടിപ്പിച്ച സസ്‌റ്റൈനബിൾ ഇന്നോവേഷൻസ് ഫോർ ഗ്രോത്ത് ആൻഡ് ഹ്യൂമൻ ട്രാൻസ്ഫർമേഷൻ (സൈറ്റ്) സാങ്കേതിക പരിപാടിയിൽ ദക്ഷിണേന്ത്യയിൽ അങ്ങോളമിങ്ങോളമുള്ള അഞ്ഞൂറിലധികം അവസാന വർഷ എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികളുടെ ടീമുകൾ പങ്കെടുത്തു.

ദക്ഷിണേന്ത്യയിലുടനീളമുള്ള കോളേജുകളിൽ നിന്നായി 500-ലധികം ടീമുകളിൽ നിന്നുള്ള രജിസ്ട്രേഷനുകളാണ് യു എസ് ടിക്ക് ലഭിച്ചത്. ‘സോഷ്യൽ ഇന്നൊവേഷൻ’ എന്നതായിരുന്നു എക്‌സ്‌പോയുടെ പ്രമേയം. സാമൂഹിക നവീകരണ സാധ്യതകൾ തുറന്നു കൊടുക്കുന്ന അക്കാദമിക പ്രോജക്ടുകൾ സമ്മാനങ്ങൾക്കായി പരസ്പരം മത്സരിക്കുന്നതാണ് പരിപാടിയിൽ കാണാനായത്. യുഎസ്‌ ടിയുടെ കളേഴ്സ് എന്ന ജീവനക്കാരുടെ കൂട്ടായ്മയുടെ ഭാഗമായ കളർ ഗോൾഡാണ് പരിപാടി സംഘടിപ്പിച്ചത്. യു എസ് ടിയുടെ ആഗോള തലത്തിലുള്ള ജീവനക്കാരുടെ കൂട്ടായ്മയാണ് കളേഴ്സ്. സമൂഹത്തെ സ്വാധീനിക്കാൻ സഹായിക്കുന്ന നൂതനാശയങ്ങൾ വികസിപ്പിച്ചെടുക്കാനും പങ്കാളികളാകാനും കമ്പനിയുടെ ജീവനക്കാർക്ക് അവസരം നൽകുന്ന കൂട്ടായ്മയാണ് കളേഴ്സ്.

UST SIGHT Second Prize Winner-Marian Engineering College Trivandrum

യു എസ് ടിയ്ക്ക് ലഭിച്ച 500-ലധികം അപേക്ഷകളിൽ നിന്ന് മൂന്ന് റൗണ്ട് മൂല്യനിർണ്ണയ പ്രക്രിയ പൂർത്തിയാക്കിയ മികച്ച 12 ടീമുകളെ അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുത്തു. ഫൈനൽ റൗണ്ട് 2024 മാർച്ച് 27 ബുധനാഴ്ച യു എസ് ടി തിരുവനന്തപുരം കാമ്പസിൽ നടന്നു. മികച്ച 12 ടീമുകളിൽ നിന്ന് തിരഞ്ഞെടുത്ത അവതരണങ്ങളിൽ നിന്ന്, ബോർഡ് റൂം അവതരണവും സ്റ്റാൾ അവതരണവും വെവ്വേറെ വിലയിരുത്തിയ ജഡ്ജിംഗ് പാനലുകൾ മികച്ച ടീമുകളെ തിരഞ്ഞെടുത്തു. ഒന്നാം സമ്മാനമായ 25000 രൂപ തിരുനെൽവേലി ഫ്രാൻസിസ് സേവിയർ എൻജിനീയറിങ് കോളേജിലെ ശ്രീജിത്ത് കെ, സങ്കിലി ഭൂപതി ഇ, പ്രവീൺ എം എന്നിവർ നേടി. രണ്ടാം സമ്മാനമായ 10,000 രൂപ തിരുവനന്തപുരം മരിയൻ എൻജിനീയറിങ് കോളേജിലെ നന്ദിനി ഡി എസ്, നസിയ എൻ ജെ, നോബിയ നോയൽ, ആർ എസ് അകുൽ ബാലകൃഷ്ണൻ എന്നിവർ കരസ്ഥമാക്കി. മൂന്നാം സമ്മാനമായ 5000 രൂപ തിരുവനന്തപുരം ട്രിനിറ്റി കോളേജിലെ ശ്രീപ്രഭ എസ് പി, രേഷ്മ എം, ഗോകുൽ ജി എസ്, ഐശ്വര്യ എസ് ആർ എന്നിവർക്ക് ലഭിച്ചു. എറണാകുളം രാജഗിരി സ്‌കൂൾ ഓഫ് ടെക്നോളജിയിൽ നിന്നുള്ള റാഫേൽ ടോണി, റ്യുബൻ ഡിന്നി, നേഹ ബിമൽ, ശ്രേയ ബാബുരാജ് എന്നിവർക്ക് സുസ്ഥിര ആശയം, ഓഡിയൻസ് ചോയ്സ് എന്നിവ അധിഷ്ഠിതമാക്കി പ്രത്യേക പരാമർശം ലഭിച്ചു. കൂടാതെ, ഫൈനലിസ്റ്റുകൾക്കെല്ലാം മെമൻ്റോകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.

UST SIGHT First Prize Winner-Francis Xavier Engineering College Thirunelveli

“സൈറ്റ് ടെക്നിക്കൽ എക്സ്പോയിലെ ഈ വർഷത്തെ പങ്കാളിത്തം തീർച്ചയായും പ്രോത്സാഹനാജനകമാണ്. ദക്ഷിണേന്ത്യയിലുടനീളമുള്ള വിവിധ കോളേജുകളിൽ നിന്നുള്ള 500-ലധികം എൻട്രികളോടെ, ടെക്‌നിക്കൽ എക്‌സ്‌പോയിൽ അവതരിപ്പിച്ചതും പ്രദർശിപ്പിച്ചതുമായ ആശയങ്ങൾ ഉള്ളടക്കവും കാഴ്ചപ്പാടും കൊണ്ട് സമ്പന്നമായിരുന്നു. ഭാവിയിലേക്കുള്ള ആശയങ്ങളാൽ നിറഞ്ഞുനിൽക്കുന്ന യുവമനസ്സുകളെ പ്രോത്സാഹിപ്പിക്കുന്നതിനും കൈപിടിച്ചുയർത്തുന്നതിനും യു എസ് ടി എപ്പോഴും മുൻപന്തിയിലാണ്. സാമൂഹിക നവീകരണം ലക്ഷ്യമാക്കിയുള്ള ആശയങ്ങൾ അവതരിപ്പിച്ച സൈറ്റ് ടെക്നിക്കൽ എക്സ്പോ ഫലപ്രദമാണെന്ന് തെളിഞ്ഞു. വിജയികൾക്കും പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ. ചുറ്റുമുള്ള ജീവിതങ്ങളെ പരിവർത്തനം ചെയ്യാൻ അവർ പരിശ്രമിക്കുമ്പോൾ അവർക്ക് ആശംസകൾ നേരുന്നു, ”യു എസ് ടി ചീഫ് വാല്യൂസ് ഓഫീസറും സെൻ്റർ ഓപ്പറേഷൻസിൻ്റെ ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ പറഞ്ഞു.

UST SIGHT Third Prize Winner -Trinity College of Engineering Trivandrum

സൈറ്റ് ടെക്‌നിക്കൽ എക്‌സ്‌പോ ഉദ്ഘാടനച്ചടങ്ങിൽ യു.എസ്.ടി തിരുവനന്തപുരം കേന്ദ്രം മേധാവി ശിൽപ മേനോൻ, യു എസ് ടി സസ്‌റ്റൈനബിലിറ്റി ആൻഡ് കൾച്ചർ ഡയറക്റ്റർ വിഷ്ണു രാജശേഖരൻ, യു എസ് ടി നോർത്ത് അമേരിക്ക ബിസിനസ് ഓപ്പറേഷൻസ്, അപ്പാക്ക് വർക്ക് പ്ലെയ്സ് മാനേജ്‌മെന്റ് ജനറൽ മാനേജർ ഷെഫി അൻവർ, കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ. അനൂപ് അംബിക, ഐസിടി അക്കാദമി ഓഫ് കേരള സിഇഒ മുരളീധരൻ മണ്ണിങ്ങൽ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.

 

Print Friendly, PDF & Email

Leave a Comment

More News