യൂണിവേഴ്‌സൽ റീസൈക്ളിംഗ് (കവിത): ജയൻ വർഗീസ്

അത്യഗാധപ്പൊരുൾ
സത്തയിൽ നിന്നുമീ
സത്യപ്രപഞ്ചം
രചിച്ച സമൂർത്തമേ,

എത്ര ശതകോടി
വർഷാന്തരങ്ങൾ തൻ
മുക്ത സ്വപ്നാമ്ഗുലീ
സ്പർശന പുണ്യമേ,

അദ്വൈത സിദ്ധാന്ത
ശങ്കര ചിന്തയിൽ
കത്തിയമർന്ന കനൽ –
ക്കട്ടയാം ദ്വയ,

നിത്യ നിതാന്തമാം
ചൈതന്യ ധാരയായ്
മൊത്തം പ്രപഞ്ചം
ചലിപ്പിച്ച സത്യമേ,

നിത്യമീ ജീവൽ –
ത്തുടിപ്പിന്റെ സത്തയായ്
കത്തുന്ന സ്നേഹ
പ്രവാഹ സ്വരൂപമേ,

വർത്തമാനത്തിന്റെ –
യാപേക്ഷികപ്പൊരുൾ
ത്വത്തിൽ സുഗന്ധമാം
സ്നേഹ സഞ്ജീവനി,

സ്ഥൂലമീയണ്ഡ –
കടാഹമാം റിംഗിലെ
സൂഷ്മമാ- മാത്മ സ്വ –
രൂപ റിങ് മാസ്റ്ററായ് ,

എല്ലാം നിയന്ത്രിച്ചു –
നിർത്തും യാഥാർഥ്യമേ,
നിന്നിലലിഞ്ഞു ചേ –
രാനെന്റെ യാത്രകൾ!

ഊരുകയാണീ യൂറ –
യെന്റെ ജീവിത –
കാമനകൾ തീർത്ത –
യായുസാം തോലുറ ?

എങ്കിലുമെന്റെയുൾ –
ത്താളമായാളുന്ന
മൺ ചിരാതിൻ തിരി
താഴിലൊരിക്കലും!

നാളെയാമേതോ
യുഗത്തിന്റെ ചില്ലയിൽ
പൂവിട്ടു നിൽക്കുമെൻ
ചേതന പിന്നെയും….!?

 

Print Friendly, PDF & Email

Leave a Comment

More News