വയനാട്ടിലെ ജനങ്ങളുടെ സ്‌നേഹവും വാത്സല്യവും കണ്ട് അമ്പരന്നെന്ന് രാഹുൽ ഗാന്ധി; നാമനിർദേശ പത്രിക സമർപ്പിച്ചു

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബുധനാഴ്ച ഉച്ചയ്ക്ക് 1.15ന് കൽപ്പറ്റയിൽ വയനാട് ജില്ലാ കളക്ടറും ജില്ലാ ചീഫ് ഇലക്ഷൻ ഓഫീസറുമായ രേണു രാജിന് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു.

വയനാട്: താൻ വീണ്ടും ജനവിധി തേടുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബുധനാഴ്ച പത്രിക സമർപ്പിച്ചു. സഹോദരി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയും പാർട്ടി നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് ആയിരക്കണക്കിന് അനുയായികൾ തെരുവിൽ അണിനിരന്നപ്പോൾ രാഹുൽ ഗാന്ധി മെഗാ റോഡ്‌ഷോ നടത്തി.

രാവിലെ തന്നെ കണ്ണൂർ വിമാനത്താവളത്തില്‍ നിന്ന് അദ്ദേഹം ഹെലികോപ്റ്ററിൽ വയനാട്ടിലെത്തിയപ്പോള്‍ കോൺഗ്രസിൻ്റെയും ഐക്യജനാധിപത്യ മുന്നണിയുടെയും എല്ലാ ഉന്നത നേതാക്കളും കൂടാതെ നൂറുകണക്കിന് ആളുകൾ അദ്ദേഹത്തെ സ്വീകരിച്ചു.

ഹെലിപാഡിൽ നിന്ന് അദ്ദേഹം നേതാക്കൾക്കൊപ്പം ജില്ലാ കലക്‌ട്രേറ്റിലെത്തി ഒരു മണിക്കൂറോളം റോഡ്‌ഷോ നടത്തി.

തൻ്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ കളക്‌ട്രേറ്റിൽ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ്, അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു, “2019 ലെ തൻ്റെ ആദ്യ സന്ദർശനത്തിന് ശേഷം വയനാട്ടിലെ ജനങ്ങൾ തന്ന സ്‌നേഹവും വാത്സല്യവും എന്നെ എന്നും അമ്പരപ്പിക്കുന്നു”.

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബുധനാഴ്ച വയനാട് മണ്ഡലത്തിൽ റോഡ് ഷോ നടത്തി.

“മനുഷ്യ-മൃഗ സംഘർഷം, മെച്ചപ്പെട്ട മെഡിക്കൽ സൗകര്യങ്ങൾ, ചില സ്ഥലങ്ങളിൽ രാത്രി ഗതാഗത നിരോധനം തുടങ്ങിയ പ്രശ്‌നങ്ങൾ വയനാട്ടിൽ ഉണ്ടെന്ന് എനിക്കറിയാം. നിങ്ങളുടെ എംപി എന്ന നിലയിൽ പാർലമെൻ്റിലും കേരള സർക്കാരിലും ഞാൻ ഈ പ്രശ്നങ്ങൾ നിരവധി തവണ ഉന്നയിച്ചിട്ടുണ്ട്. ഞങ്ങളുടെ സർക്കാർ അധികാരമേറ്റാൽ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു,” രാഹുൽ ഗാന്ധി പറഞ്ഞു.

തുടർന്ന് കളക്‌ട്രേറ്റിൽ പ്രവേശിച്ച അദ്ദേഹം മൂന്ന് സെറ്റ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനിടെ സഹോദരിയുടെയും മറ്റ് നേതാക്കളുടെയും അരികിൽ ഇരുന്നു.

രാവിലെ പതിനൊന്നോടെയാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലെ മേപ്പാടിയിലെത്തിയത്. ഹെലികോപ്റ്ററില്‍ എത്തിയ രാഹുല്‍ മേപ്പാടിയില്‍ ഇറങ്ങിയ ശേഷം കാത്തു നിന്ന തോട്ടം തൊഴിലാളികളെ അഭിവാദ്യം ചെയ്‌തു.

മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലി കുട്ടിയും കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയുമുൾപ്പെടെയുള്ള നേതാക്കള്‍ രാഹുൽ ഗാന്ധിയോടിയൊപ്പം വയനാട്ടിൽ എത്തി. ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ നിന്നുള്ള യുഡിഎഫ് പ്രവര്‍ത്തകര്‍ രാഹുലിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

മേപ്പാടിയില്‍ നിന്ന് പ്രത്യേക വാഹനത്തില്‍ കല്‍പ്പറ്റയിലേക്ക് പോയ ശേഷം കല്‍പ്പറ്റ നഗരത്തില്‍ റോഡ് ഷോ ആരംഭിക്കുകയായിരുന്നു. അതേസമയം കഴിഞ്ഞ തവണ പത്രിക സമർപ്പിക്കാനെത്തിയ രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ ലീഗിന്‍റെ പതാകകൾ കൊണ്ട് നിറഞ്ഞിരുന്നെങ്കിലും ഇത്തവണയത് കാണാനേ ഇല്ല.

വി ഡി സതീശന്‍, ടി സിദ്ദിഖ് , എം എം ഹസന്‍,തുടങ്ങി കോണ്‍ഗ്രസ് നേതാക്കളും ലീഗ് നേതാക്കളും രാഹുലിനെ സ്വീകരിക്കാനെത്തിയിരുന്നു. റോഡ് ഷോയ്ക്ക് ശേഷം 12 മണിയോടെ കലക്‌ടറേറ്റിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

രാഹുലിന്‍റെ വരവോടെ വയനാട്ടിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണവും സജീവമായി. സ്ഥാനാര്‍ഥി എത്താന്‍ വേണ്ടി കാത്തു നിന്ന നേതാക്കളും പ്രവര്‍ത്തകരും രാഹുലിന്‍റെ വരവോടെ ആവേശഭരിതരായി പ്രചാരണത്തിനിറങ്ങി.

അടുത്ത ദിവസം തന്നെ രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് മടങ്ങുമെന്ന് വൃത്തങ്ങൾ അറിയിച്ചു. അദ്ദേഹം ഉടൻ തന്നെ മണ്ഡലത്തിലെത്തി പ്രചാരണം നടത്തും.

സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജയുടെ ഭാര്യയും സി.പി.ഐ സ്ഥാനാർഥി ആനി രാജയും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനുമാണ് അദ്ദേഹത്തിൻ്റെ എതിരാളികൾ.

ആനി രാജയും രാഹുൽ ഗാന്ധിക്ക് പിറകെ പത്രിക സമർപ്പിച്ചു, നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ വ്യാഴാഴ്ച സുരേന്ദ്രൻ പത്രിക സമർപ്പിക്കും.

2019ലെ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 4.31 ലക്ഷം വോട്ടിൻ്റെ ഉയർന്ന മാർജിനിൽ രാഹുൽ ഗാന്ധി വൻ വിജയം നേടിയിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ടത്തിൽ കേരളത്തിലെ 20 എംപിമാരെയും തിരഞ്ഞെടുക്കുന്നതിനായി ഏപ്രിൽ 26 ന് വോട്ടെടുപ്പ് നടക്കും.

 

 

Print Friendly, PDF & Email

Leave a Comment

More News