മുട്ടത്തുപാറയിൽ കിണറ്റിൽ വീണ ആനയെ രക്ഷപ്പെടുത്തി

കൊച്ചി: കോടനാട് ഫോറസ്റ്റ് റേഞ്ചിലെ കോട്ടപ്പടിയില്‍ കിണറ്റിൽ വീണ ആനക്കുട്ടിയെ രക്ഷപ്പെടുത്തി. കോട്ടപ്പടി പ്ലാച്ചേരി ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലെ കിണറ്റിലാണ് പുലർച്ചെ ആനക്കുട്ടി വീണത്. ആനയെ കിണറ്റിൽ നിന്ന് പുറത്തെടുക്കാനുള്ള ശ്രമം വിജയിക്കാത്തതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ എക്‌സ്‌കവേറ്റർ ഉപയോഗിച്ച് കിണറിൻ്റെ ഒരു ഭാഗം ഇടിച്ച് ആനയ്ക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കുകയായിരുന്നു. മലയാറ്റൂർ ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തിന് നേതൃത്വം നൽകിയത്.

സ്ഥിരം പ്രശ്‌നക്കാരനായ ഈ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ് തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജെസിബി ഉപയോഗിച്ച് കിണർ ഇടിച്ച് വഴിയുണ്ടാക്കി രക്ഷപ്പെടുത്താനായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ തീരുമാനിച്ചത്.

എന്നാൽ, സാഹചര്യം അനുകൂലമല്ലാത്തതിനാൽ ആവശ്യം നിറവേറ്റാനാകില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഗണ്യമായ അളവിൽ വെള്ളമുള്ള കിണറ്റിലാണ് ഏകദേശം 12 വയസ്സുള്ള ആന കുടുങ്ങിയത്. മാത്രമല്ല, രക്ഷാദൗത്യം ആരംഭിക്കുമ്പോൾ ഉച്ചയോടെ മഴ പെയ്തു തുടങ്ങിയിരുന്നു.

വിദഗ്ധമായാണ് വനം വകുപ്പ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്. അതേ സമയം, ആനയെ മയക്കുവെടി വെച്ച് പിടിക്കുമെന്ന ഉറപ്പ് വനം വകുപ്പ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ പ്രതിഷേധം തുടങ്ങി. വനത്തിലേക്ക് ഓടിച്ചു വിട്ട ആന ഇനിയും നാട്ടിലിറങ്ങുമെന്ന ആശങ്കയാണ് നാട്ടുകാർക്കുള്ളത്.

ആന കിണറ്റിൽ വീണ് പന്ത്രണ്ട് മണിക്കൂർ കഴിഞ്ഞാണ് രക്ഷാപ്രവർത്തനം സംബന്ധിച്ച് വനംവകുപ്പ് തീരുമാനത്തിലെത്തിയത്. കിണർ ഇടിച്ച് വഴിയുണ്ടാക്കി ആനയെ രക്ഷാപെടാൻ സഹായിക്കാമെന്ന തീരുമാനത്തെ നാട്ടുകാർ ശക്തമായി എതിർത്തതോടെയാണ് രക്ഷാപ്രവർത്തനം വൈകിയത്.

അതേ സമയം ആന തന്നെ സ്വയം രക്ഷപെടാനുള്ള ശ്രമത്തിൻ്റെ ഭാഗമായി കിണറിൻ്റെ ഒരു ഭാഗം ഇടിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഇതുവഴി കയറി ആന രക്ഷപെടാനുള്ള സാധ്യതയും അധികൃതർ മുന്നിൽ കണ്ടിരുന്നു.

ആനയുടെ രക്ഷാപ്രവർത്തനം ഏതു രീതിയിൽ നടത്തണമെന്ന് ഉദ്യോഗസ്ഥർ തീരുമാനിക്കുമെന്നും, ഇത് തടയാൻ ശ്രമിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമം അനുസരിച്ച് നടപടിയെടുക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു.

തകർന്ന കിണർ പുനഃസ്ഥാപിക്കാമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ നാട്ടുകാർക്ക് ഉറപ്പ് നൽകി. നിസാര പരുക്കുകളേറ്റ മൃഗം കോട്ടപ്പാറ വനമേഖലയിലേക്ക് നീങ്ങിയതായി വനപാലകർ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News