വോട്ടര്‍മാര്‍ക്ക് നിര്‍ഭയം വോട്ടു ചെയ്യാം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: നാളെ (ഏപ്രിൽ 26) രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രവും നിർഭയവും നിഷ്പക്ഷവുമായ വോട്ടെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ എം സഞ്ജയ് കൗൾ അറിയിച്ചു. 2.77 കോടി വോട്ടർമാർക്കായി 25,231 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്തുടനീളം സജ്ജീകരിച്ചിരിക്കുന്നത്. പ്രശ്നബാധിത ബൂത്തുകൾക്ക് അകത്തും പുറത്തും 24 മണിക്കൂറും ക്യാമറ നിരീക്ഷണം ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വോട്ട് ജനാധിപത്യത്തിൻ്റെ അടിത്തറയാണെന്നും എല്ലാവരും തങ്ങളുടെ സമ്മതിദാനാവകാശം നിര്‍ഭയം വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓരോ വോട്ടർക്കും നിർഭയമായും നിഷ്പക്ഷമായും സുരക്ഷിതമായും വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്നും, ഓരോ വോട്ടറും ഈ പ്രക്രിയയിൽ പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്‌നബാധിത ബൂത്തുകളായി കണ്ടെത്തിയ 8 ജില്ലകളിലാണ് ഇത്തവണ 100 ശതമാനം വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തിയിട്ടുള്ളത്. ബാക്കിയുള്ള ജില്ലകളിൽ 75 ശതമാനം വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തി. തിരഞ്ഞെടുപ്പിൻ്റെ സുതാര്യതയും നിഷ്പക്ഷതയും ഉറപ്പാക്കാൻ വോട്ടർ പട്ടിക കുറ്റമറ്റ രീതിയിൽ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

മരണപ്പെട്ടവരുടേയും സ്ഥലത്തില്ലാത്തവരുടെയും ഉള്‍പ്പടെയുള്ള 21 ലക്ഷം ആബ്‌സന്‍റീസ് വോട്ടര്‍മാരെ 2023 ജനുവരി മുതല്‍ 2024 ഏപ്രില്‍ 4 വരെ നീക്കം ചെയ്‌തിട്ടുണ്ട്. ഇനി ആബ്‌സന്‍റീസ് വോട്ടർമാരായിട്ടുള്ളവര്‍ വോട്ടു ചെയ്യാന്‍ വന്നാല്‍ പ്രിസൈഡിംഗ് ഓഫിസറുടെ മൊബൈലിലുള്ള ആപ്പില്‍ പേരുണ്ടെങ്കില്‍ മാത്രമേ വോട്ടു രേഖപ്പെടുത്താന്‍ കഴിയൂ. അത്രയും സംശുദ്ധമാണ് വോട്ടര്‍ പട്ടികയെന്ന് സഞ്ജയ് കൗള്‍ വ്യക്തമാക്കി.

1700 പ്രശ്‌ന ബാധിത ബൂത്തുകള്‍ കണ്ടെത്തിയിട്ടുണ്ട്. ബൂത്തിനുള്ളിലും വെളിയിലും കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പുറത്ത് കേന്ദ്ര സായുധ സേനയുടെ സാന്നിധ്യം ഉണ്ടാകും. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മൈക്രോ ഒബ്‌സര്‍വര്‍മാരുടെ സാന്നിധ്യവും ഉണ്ടാകും. അതീവ പ്രശ്‌ന ബാധിത ബൂത്തുകളില്‍ മൂന്ന് തട്ടുകളായി സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

“വോട്ടിങ് എന്നത് ജനാധിപത്യത്തിന്‍റെ അടിത്തറയാണ്. വോട്ടെടുപ്പില്‍ പങ്കെടുത്താല്‍ മാത്രമേ ആ ജനാധിപത്യ പ്രക്രിയയില്‍ നിങ്ങള്‍ക്ക് പങ്കുണ്ടാവുകയുള്ളൂ. അത് ഓരോ പൗരന്‍റെയും കടമയാണ്. എല്ലാവരും പോളിങ്ങ് ബൂത്തില്‍ പോയി വോട്ടുചെയ്യണം. അത് നമ്മുടെ രാജ്യത്തിന്‍റെ ഭാവിക്കുവേണ്ടിയാണ് എന്നാണ് എനിക്കുപറയാനുള്ളത്. വോട്ടിങ്ങ് യന്ത്രങ്ങളെല്ലാം 100 ശതമാനം സുരക്ഷിതവും കൃത്യവുമാണ്. വോട്ടര്‍മാര്‍ക്ക് നിര്‍ഭയമായും നിഷ്‌പക്ഷമായും സുരക്ഷിതമായും വോട്ടുചെയ്‌ത് മടങ്ങാമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു,” അദ്ദേഹം പറഞ്ഞു.

വോട്ടർമാർക്ക് ചൂടിൽ നിന്നും മഴയിൽ നിന്നും രക്ഷനേടാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേകം ക്യൂ ഉണ്ടാകും. ഭിന്നശേഷിക്കാർക്കും ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും റാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. വോട്ടർമാർക്കായി ബൂത്തുകളിൽ കുടിവെള്ളവും ശൗചാലയവും ഒരുക്കിയിട്ടുണ്ട്. ചെറിയ കുട്ടികളുമായി വരുന്നവർക്കും സൗകര്യമുണ്ട്.

1,76,000 വോട്ടർമാരാണ് ഇത്തരത്തിൽ അപേക്ഷിച്ചത്. ഇവരിൽ 97 ശതമാനം പേരും ഇതിനകം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച 4 പരാതികളിൽ 9 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഇവർക്കെതിരെയും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.

Leave a Comment

More News