തൃശ്ശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചാല്‍ ലാവ്‌ലിന്‍ കേസ് പിന്‍‌വലിക്കാമെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ വാഗ്ദാനം ചെയ്തതായി ഇടനിലക്കാരന്‍ നന്ദകുമാര്‍

എറണാകുളം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്ന് ഒരു സീറ്റ് നല്‍കിയാല്‍ പകരം പിണറായി വിജയന്റെ പേരിലുള്ള ലാവ്‌ലിൻ കേസ് പിൻവലിക്കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തതായി ഇടനിലക്കാരന്‍ നന്ദകുമാർ വെളിപ്പെടുത്തി.

എല്‍ ഡി എഫ് കൺവീനർ ഇ.പി.ജയരാജൻ ബി.ജെ.പിയിൽ ചേരാന്‍ ആലോചിച്ചിരുന്ന കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും നന്ദകുമാര്‍ പറഞ്ഞു. കെ സുധാകരൻ്റെയും ശോഭാ സുരേന്ദ്രൻ്റെയും ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

എന്നാല്‍, ഇപി ജയരാജനുമായി ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവദേക്കർ ചർച്ച നടത്തിയിട്ടുണ്ടെന്നും നന്ദകുമാർ ആരോപിച്ചു. താനുമായി കൂടിക്കാഴ്ച നടത്തവേയാണ് പ്രകാശ് ജാവദേക്കർ അപ്രതീക്ഷിതമായി അവിടെയെത്തിയത്. തൃശൂർ ജയിക്കണമെന്നായിരുന്നു ജാവദേക്കറുടെ ആവശ്യം. സുരേഷ് ഗോപിയെ എങ്ങനെയെങ്കിലും വിജയിപ്പിക്കണമെന്നും ജാവദേക്കർ പറഞ്ഞു. ഇടതുപക്ഷത്തിൻ്റെ സഹായത്തോടെ അക്കൗണ്ട് തുറക്കാന്‍ സാഹചര്യമൊരുക്കണമെന്നും, പകരമായി പിണറായി വിജയനെ ലാവ്‌ലിൻ കേസിൽ നിന്ന് ഒഴിവാക്കിത്തരാമെന്ന് വാഗ്ദാനം നല്‍കിയതായും എന്നാൽ, ജയരാജനാകട്ടേ ആ ആവശ്യം നിരസിക്കുകയും ചെയ്തു എന്ന് നന്ദകുമാര്‍ പറഞ്ഞു.

“നാല് തവണ താന്‍ ജാവദേക്കറെ കണ്ടു. അമിത് ഷാ എത്തുമെന്നും അദ്ദേഹം പറഞ്ഞു. 2026ൽ തിരിച്ചുവരാൻ അവസരമൊരുക്കാമെന്ന് ജാവദേക്കര്‍ ജയരാജനോട് പറഞ്ഞു. ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ജയരാജനോട് ചോദിച്ച നന്ദകുമാർ, പിണറായി വിജയനു വേണ്ടിയാണ് താൻ സംസാരിക്കുന്നതെന്ന് പറഞ്ഞു. അതിനിടെ ബിജെപിയിൽ ചേരാൻ കെ സുധാകരൻ 100 ശതമാനം തീരുമാനത്തിലെത്തിയിരുന്നു. കെ.പി.സി.സി പ്രസിഡൻ്റ് സ്ഥാനം ലഭിച്ചതുകൊണ്ടല്ല ബി.ജെ.പിയിൽ ചേരാത്തത്. അല്ലായിരുന്നെങ്കില്‍ കെ സുധാകരൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷനാകുമായിരുന്നു,” നന്ദകുമാർ പറഞ്ഞു.

രഹസ്യമായി, കേരളത്തിലെ ബിജെപി നേതാക്കളെ അറിയിക്കാതെയാണ് ജാവദേക്കർ നേരിട്ട് ചർച്ച നടത്തിയത്. കേരളത്തിലെ പ്രമുഖനായ, മുസ്ലിം സമുദായത്തില്‍ നിന്നുള്ള ഒരു നടനെ ബിജെപിയിലേക്ക് കൊണ്ടുവരാൻ പ്രകാശ് ജാവദേക്കർ നേരിട്ട് വിലപേശിയതായി തനിക്കറിയാമെന്നും നന്ദകുമാർ പറഞ്ഞു. കേരളത്തിൽ ബിജെപിക്ക് ഒരു സീറ്റ് നേടിക്കൊടുക്കേണ്ടത് ജാവദേക്കറുടെ നിലനിൽപ്പിൻ്റെ പ്രശ്നമായിരുന്നു. കെ മുരളീധരനേയും രമേശ് ചെന്നിത്തലയേയും ബിജെപിയിലേക്ക് കൊണ്ടുവരാൻ ചർച്ചകൾ നടന്നതായി ജാവദേക്കർ പറഞ്ഞതായും നന്ദകുമാർ പറഞ്ഞു.

2026ലും തുടര്‍ഭരണം നടത്താന്‍ സിപിഎമ്മിനെ സഹായിക്കാമെന്നും, അതിനായി ഒരു സീറ്റിൽ ബിജെപിയെ ജയിപ്പിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അതേസമയം, ഈ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വന്നില്ലെങ്കിൽ എന്തു ചെയ്യുമെന്ന് ചോദിച്ചപ്പോൾ മറുപടി തന്നില്ലെന്നും നന്ദകുമാർ പറഞ്ഞു. തിരുവനന്തപുരത്ത് എന്നാണ് എവിടെ വെച്ചാണ് ചർച്ച നടത്തിയതെന്ന് നന്ദകുമാര്‍ വ്യക്തമാക്കിയില്ല.

ശോഭ സുരേന്ദ്രന് ഭൂമി വാങ്ങാൻ 10 ലക്ഷം രൂപ കൈമാറിയതായി നന്ദകുമാര്‍ ആവര്‍ത്തിച്ചു. എന്നാല്‍, ശോഭ സുരേന്ദ്രന്‍ നല്‍കിയ രേഖകളില്‍ ചില അവ്യക്തതകള്‍ ഉണ്ടായിരുന്നതിനാല്‍ അത് ക്ലിയര്‍ ചെയ്യാന്‍ കത്തയച്ചെങ്കിലും ശോഭാ സുരേന്ദ്രന്‍ മറുപടി നൽകിയില്ലെന്നും നന്ദകുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ സ്വത്ത് വിവരങ്ങളിൽ ഈ ഭൂമിയുടെ കാര്യം ശോഭ സുരേന്ദ്രൻ വെളിപ്പെടുത്തിയില്ല. അതേസമയം അവർ അന്യായമായി കൈയ്യടക്കിയ ഭൂമിയാണ് തനിക്ക് വിൽക്കാൻ ശ്രമിച്ചതെന്നും നന്ദകുമാർ മാധ്യങ്ങളോട് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News