സാധു കൊച്ചുകുഞ്ഞ് ഉപദേശി മെമ്മോറിയൽ വാർഷിക പ്രഭാഷണ പരമ്പര ഫ്ലോറിഡായിൽ മെയ് 11ന്

ഫ്ലോറിഡ: മൂത്താംമ്പക്കൽ സാധു കൊച്ചുകുഞ്ഞ് ഉപദേശി മെമ്മോറിയൽ വാർഷിക പ്രഭാഷണ പരമ്പര സൗത്ത് ഫ്ലോറിഡാ മാർത്തോമ്മാ ഇടവക സീനിയർ സിറ്റിസൺ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ മെയ്‌ 11 ശനിയാഴ്ച രാവിലെ 10.30 ന് മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ് ഉത്ഘാടനം ചെയ്യും.

സൗത്ത് ഫ്ലോറിഡാ മാർത്തോമ്മാ ദേവാലയത്തിൽ വെച്ച് ( 4740 SW 82nd Ave, Davie, FL 33328) നടത്തപ്പെടുന്ന സമ്മേളനത്തിൽ മാർത്തോമ്മാ സഭയിലെ സീനിയർ വൈദീകനായ റവ.ഡോ. മോനി മാത്യു, ക്രിസ്ത്യൻ അനുകമ്പ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. വിവിധ ക്രൈസ്തവ സഭകളിലെ വൈദീകരും, ആത്മായ നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് പ്രഭാഷണ പരമ്പരയുടെ കൺവീനർ പ്രൊഫ. ഫിലിപ്പ് കോശി അറിയിച്ചു.

2019-ൽ സീനിയർ സിറ്റിസൺ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ പ്രഭാഷണ പരമ്പര സൗത്ത് ഈസ്റ്റ് ഫ്ലോറിഡ എപ്പിസ്‌കോപ്പൽ രൂപത ബിഷപ്പ് പീറ്റർ ഈറ്റൺ, ക്രിസ്ത്യൻ പ്രത്യാശ എന്ന വിഷയത്തെ അധികരിച്ച് നടത്തിയ പ്രഭാഷണത്തോടെയാണ് തുടക്കം കുറിച്ചത്.

ആധുനിക കാലഘട്ടത്തിലെ അപ്പോസ്തലനായി അറിയപ്പെടുന്ന സാധു കൊച്ചുകുഞ്ഞ് ഉപദേശി, 1924 മുതൽ 1945 വരെ മാർത്തോമ്മാ സഭയുടെ സന്നദ്ധ സുവിശേഷക സംഘം ജനറൽ സെക്രട്ടറി ആയിരുന്നു. നിരവധി ജീവിതങ്ങൾക്ക് പ്രത്യാശയും സന്തോഷവും ആത്മീയ ആശ്വാസവും നൽകിയ 210 ഭക്തിഗാനങ്ങൾ അടങ്ങിയ ഉപദേശിയുടെ ആശ്വാസ ഗീതങ്ങൾ എന്ന പുസ്തകത്തിലെ ഗീതങ്ങൾ ഇന്നും അനേകർ കുടുംബ പ്രാർത്ഥനയിലും, ആരാധനകളിലും ഉപയോഗിക്കുന്നു.

സമ്മേളനത്തോട് അനുബന്ധിച്ച് ഉപദേശിയുമായി ബന്ധപ്പെട്ട പുസ്തക പ്രദർശനവും, ചിത്ര പ്രദർശനവും ഉണ്ടായിരിക്കും. മെയ്‌ 11 ശനിയാഴ്ച രാവിലെ 10.30 ന് സൗത്ത് ഫ്ലോറിഡാ മാർത്തോമ്മാ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നതായ സമ്മേളനത്തിലേക്ക് എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ.ഡോ.ജേക്കബ് ജോർജ്, സീനിയർ സിറ്റിസൺ ഫെലോഷിപ്പ് സെക്രട്ടറി ഉമ്മൻ വി. സാമൂവേൽ എന്നിവർ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News