ജോഷി വള്ളിക്കളം ഫോമ സെന്‍ട്രല്‍ റീജിയന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

ഷിക്കാഗോ: ഷിക്കാഗോയിലെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലെ നിറസാന്നിധ്യവും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുമുള്ള ജോഷി വള്ളിക്കളം ഫോമായുടെ 2024-26 ലേക്കുള്ള സെന്‍ട്രല്‍ റീജയന്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നു. ആഗസ്റ്റ് മാസം 8 മുതല്‍ 11 വരെ പുന്റാ കാനായില്‍ വച്ച് നടക്കുന്ന നാഷ്ണല്‍ കണ്‍വെന്‍ഷനില്‍ വച്ചാണ് ഇലക്ഷന്‍ നടക്കുന്നത്.

ഫോമ സെന്‍ട്രല്‍ റീജിയന്റെ ആര്‍.വി.പി. ആയി മത്സരിക്കുവാന്‍ മുമ്പോട്ട് വന്നിരിക്കുന്ന ജോഷി വള്ളിക്കളം വിവിധങ്ങളായ തലങ്ങളില്‍ തന്റെ കഴിവ് തെളിയിച്ച വ്യക്തിത്വമാണ്. ഏത് പ്രതിസന്ധികളെയും മനോധൈര്യത്തോടെയും നിശ്ചയധാര്‍ഢ്യത്തോടെയും തരണം ചെയ്ത് താന്‍ ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തീകരിക്കാനുളള കഴിവാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥനാക്കുന്നത്. സംഘടനകളുടെ നിയമാവലിക്കുള്ളില്‍ നിന്നുകൊണ്ട് അതിനെ ശക്തമായി മുന്നോട്ട് നയിക്കുവാനുള്ള കഴിവ് പ്രത്യേകം എടുത്തു പറയേണ്ടതാണ്.

ജോഷി വള്ളിക്കളത്തിന്റെ സാമൂഹികപ്രവര്‍ത്തന മണ്ഡലങ്ങള്‍ വിവിധങ്ങളാണ്. ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രസിഡന്റായിരുന്നപ്പോള്‍ അസോസിയേഷന്റെ 50-ാം വാര്‍ഷികം വളരെ ഗംഭീരമായി നടത്തുവാന്‍ സാധിച്ചു എന്നുള്ളത് ഒരു അഭിമാനമായി തന്നെ കരുതുന്നു. മലയാളികളുടെ രണ്ട് നാഷ്ണല്‍ അസോസിയേഷനുകളായ ഫോമയുടെയും ഫൊക്കാനയുടെയും നേതാക്കളെ ഉള്‍പ്പെടുത്തികൊണ്ട് ബ്രഹത്തായ രീതിയില്‍ തന്നെ ഗോള്‍ഡന്‍ ജൂബിലി ആഘോഷിച്ചത് അദ്ദേഹത്തിന്റെ ജനസമ്മതിയുടെയും സുഹൃദ് ബന്ധത്തിന്റേയും ഒരു തെളിവാണ്.

1991-ല്‍ ഷിക്കാഗോയില്‍ എത്തിയ വര്‍ഷം തന്നെ ഷിക്കാഗോ മലയാളി അസോസിയേഷന്റെ സ്ഥിരാംഗത്വമെടുത്ത് 1992-ല്‍ ജോയിന്റെ സെക്രട്ടറി, 1994-ല്‍ ഇലക്ടീവ് ജോ.സെക്രട്ടറി, പല പ്രാവശ്യം ബോര്‍ഡ് മെമ്പര്‍, 2008ലും 2018ലും സെക്രട്ടറി, 2021-23ല്‍ പ്രസിഡന്റ് എന്നീ നിലകളില്‍ ഷിക്കാഗോ മലയാളി അസോസിയേഷനില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്തിട്ടുണ്ട്.

അതുപോലെ എസ്.ബി. അസംപ്ഷന്‍ അലുമ്‌നി ഷിക്കാഗോ ചാപ്റ്റര്‍ ജോ.ട്രഷറര്‍, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഷിക്കാഗോ) മുന്‍ സെക്രട്ടറി, സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ്, എന്നീ വ്യത്യസ്തങ്ങളായ തലങ്ങളിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. എസ്.എം.സി.സി.യുടെ പ്രസിഡന്റായിരുന്ന കാലഘട്ടത്തില്‍ 450-ലധികം വ്യക്തികള്‍ക്ക്  ഒ.സി.ഐ. കാര്‍ഡ് ഡ്രൈവ് നടത്തി സമൂഹത്തിലെ നാനാതുറകളിലുള്ളവരുടെ മുക്തകണ്ഠമായ പ്രശംസക്ക് പാത്രമായി.

ജോഷിയുടെ രാഷ്ട്രീയ ജീവിതവും സാമൂഹിക പ്രവര്‍ത്തനങ്ങളും ഹൈസ്‌ക്കൂള്‍ തലം മുതല്‍ ആരംഭിച്ചതാണ്. കേരളത്തിലെ ചങ്ങനാശ്ശേരി എന്‍.എസ്.എസ്. ഹൈസ്‌ക്കൂള്‍ സ്‌ക്കൂള്‍ ലീഡര്‍, ചങ്ങനാശ്ശേരി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, എസ്.ബി.കോളേജ് യൂണിറ്റ് പ്രതിനിധി, എസ്.ബി. കോളേജ് വൈസ് ചെയര്‍മാന്‍ എന്നീ നിലകളിലും കഴിവ്  തെളിയിച്ച വ്യക്തിയാണ്. 1991-ല്‍ എസ്.ബി. കോളേജ് ചെയര്‍മാനായി വിജയിച്ചപ്പോള്‍ അത് കോളേജിന്റെ ചരിത്രത്തിലെ ഒരു ചരിത്രസംഭവമായിരുന്നു. എസ്.ബി.കോളേജ് ഇലക്ഷനില് വിദ്യാര്‍ത്ഥി കോ്ണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചിട്ട് അദ്ദേഹം 95% വോട്ടോടെ വിജയിച്ച് കോളേജ് യൂണിയന്‍ ചെയര്‍മാനായത് തങ്കലിപികളില്‍ രേഖപ്പെടുത്തിയ സംഭവമാണ്.

അങ്ങനെ സാമൂഹിക തലങ്ങളില്‍ വ്യത്യസ്തങ്ങളായ സ്ഥാനങ്ങള്‍ വഹിച്ച് വളരെ പ്രവര്‍ത്തന പരിചയമുള്ള കര്‍മ്മനിരതനായ വ്യക്തിത്വത്തിനുടമയായ ജോഷി വള്ളിക്കളം ഫോമയുടെ സെന്‍ട്രല്‍ റീജിയന്‍ ആര്‍.വി.പി. സ്ഥാനാര്‍ത്ഥിയായി മുന്നോട്ട് വരുന്നത് ഫോമയുടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും ഒരു മുതല്‍ക്കൂട്ടായിരിക്കും എന്നുള്ളതിന് ഒരു സംശയവുമില്ല. ജോഷി വള്ളിക്കളത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ഫോമ സെന്‍ട്രല്‍ റീജിയന്റെ ഇപ്പോഴത്തെ ആര്‍.വി.പി. ടോമി എടത്തില്‍ തന്റെ പൂര്‍ണ്ണ പിന്തുണയോടെ സ്വാഗതം ചെയ്തു. സെന്‍ട്രല്‍ റീജിയനിലെ മറ്റ് മെംബര്‍ അസോസിയേഷനുകളും തങ്ങളുടെ പിന്തുണ  ്അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News