ജീവിതത്തിലേക്ക് തിരികെയെത്തും എന്ന പ്രതീക്ഷകൾക്കിടയിൽ കാലയവനികയിൽ മറയപ്പെട്ടു

ഡാളസ്: ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ മോര്‍ അത്താനാസിയോസ് യോഹാന്‍ പ്രഥമന്‍ മെത്രാപ്പോലീത്ത ( കെ പി യോഹന്നാന്‍) കാലം ചെയ്തു. അമേരിക്കയിലെ ഡാലസില്‍ വെച്ച് വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

പ്രഭാതനടത്തത്തിനിടെ ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനിലയില്‍ പുരോഗതി കൈവരുന്നതിന്റെ സൂചനകളുണ്ടായിരുന്നു. ജീവിതത്തിലേക്ക് തിരികെയെത്തും എന്ന പ്രതീക്ഷകള്‍ക്കിടെയാണ് അന്ത്യം.

അജ്ഞാത വാഹനമിടിച്ചാണ് യോഹന്നാന് പരിക്കേറ്റത്. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റിരുന്നു. നാല് ദിവസം മുന്‍പാണ് ഇദ്ദേഹം അമേരിക്കയിലെത്തിയത്. ശസ്ത്രക്രിയയെ തുടര്‍ന്ന് ആന്തരിക രക്തസ്രാവം നിന്നിരുന്നു. രക്തസമ്മര്‍ദ്ദത്തിന്റെ അളവ് ഗണ്യമായി മെച്ചപ്പെടുകയും ചെയ്തിരുന്നു. സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിലെ ടെക്സാസ് കാമ്പസിലാണ് ഇദ്ദേഹം സാധാരണയായി പ്രഭാത നടത്തത്തിനിറങ്ങാറുള്ളത്. അമിതവേഗതയില്‍ വന്ന വാഹനം അദ്ദേഹത്തെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

അപകട വാര്‍ത്ത പുറത്തുവന്നയുടന്‍ സഭാ സെക്രട്ടറി ഫാ. ഡാനിയല്‍ ജോണ്‍സണ്‍ യു എസിലേക്ക് തിരിച്ചിരുന്നു. സഭയിലെ ബിഷപ്പുമാരുടെ ഒരു സംഘവും അമേരിക്കയിലേക്ക് പുറപ്പെട്ടിരുന്നു. ഇന്ത്യയിലും ഏഷ്യയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംഘടനയായ ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന പേരില്‍ നേരത്തെ അറിയപ്പെട്ടിരുന്ന ജി.എഫ്.എ വേള്‍ഡിന്റെ സ്ഥാപകനും പ്രസിഡന്റുമാണ്.

74 കാരനായ കെ പി യോഹന്നാന്‍. അപ്പര്‍ കുട്ടനാട്ടിലെ നിരണത്ത് സാധാരണ കര്‍ഷക കുടുംബത്തിലാണ് കെ പി യോഹന്നാന്‍ ജനിക്കുന്നത്. കൗമാരകാലത്ത് തന്നെ ബൈബിള്‍ പ്രഘോഷണത്തിലേക്ക് തിരിഞ്ഞ യോഹന്നാന്‍ 16-ാം വയസില്‍ ഓപ്പറേഷന്‍ മൊബിലൈസേഷന്‍ എന്ന സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 1974 ല്‍ ആണ് അമേരിക്കയിലെ ഡാലസല്‍ ദൈവശാസ്ത്രപഠനത്തിന് ചേരുന്നത്.

അനുശോചനം അറിയിച്ചു
അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് എബി മക്കപ്പുഴ(ഡാളസ്) , സെക്രട്ടറി ജോ ചെറുകര (ന്യൂ യോർക്ക്) എന്നിവർ കാലം ചെയ്ത യോഹാന്‍ പ്രഥമന്‍ മെത്രാപ്പോലീത്തയുടെ കുടുംബാംഗങ്ങളെ വിളിച്ചു അനുശോചനം അറിയിച്ചു

Leave a Comment

More News