ഓണ്‍ലൈന്‍ വ്യാജ ഷെയര്‍ മാര്‍ക്കറ്റിംഗിലൂടെ ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത ആളെ അറസ്റ്റു ചെയ്തു

മലപ്പുറം: കർണാടകയിലെ മടിക്കേരിയിൽ നിന്ന് ഒരു കോടി എട്ട് ലക്ഷം രൂപ തട്ടിയെടുത്ത ഓൺലൈൻ വ്യാപാര തട്ടിപ്പുകാർക്ക് സിം കാർഡുകൾ എത്തിച്ചു നൽകിയ സംഘത്തിൻ്റെ മുഖ്യ സൂത്രധാരനെ മലപ്പുറം സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. അബ്ദുൾ റോഷൻ (46) എന്നയാളെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് ശശിധരന്റെ നിർദ്ദേശപ്രകാരം പ്രത്യേക സൈബർ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്.

ഫേസ്ബുക്കിൽ കണ്ട ഒരു ഷെയർ മാർക്കറ്റ് സൈറ്റിൻ്റെ ലിങ്കിൽ വേങ്ങര സ്വദേശിയായ യുവാവ് ക്ലിക്ക് ചെയ്തതോടെയാണ് സംഭവത്തിന് തുടക്കം കുറിച്ചത്. കസ്റ്റമർ കെയറിൽ നിന്നാണെന്ന വ്യാജേന വാട്‌സ്ആപ്പിൽ ബന്ധപ്പെട്ട തട്ടിപ്പുകാർ പരാതിക്കാരനെ വിവിധ ബാങ്ക് അക്കൗണ്ടുകളിലായി ഒരു കോടി എട്ടു ലക്ഷം രൂപ നിക്ഷേപിക്കാൻ നിർബന്ധിച്ചു.

സൈബർ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് സിം കാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന ഇയാളെപ്പറ്റി സൂചന ലഭിച്ചത്. വിവിധ മൊബൈൽ കമ്പനികളുടെ അമ്പതിനായിരത്തോളം സിംകാർഡുകളും 180 ൽപരം മൊബൈൽ ഫോണുകളും പ്രതിയിൽ നിന്ന് കണ്ടെടുത്തു. പ്രതി കൃത്യത്തിന് ഉപയോഗിച്ച സിം കാർഡ് കസ്റ്റമറായ യുവതിക്ക് തന്റെ പേരിൽ ഇത്തരത്തിൽ ഒരു മൊബൈൽ നമ്പർ ആക്ടീവായ കാര്യം അറിയുമായിരുന്നില്ല. ഇത്തരത്തിൽ കസ്റ്റമർ അറിയാതെ കൈക്കലാക്കിയ അമ്പതിനായിരത്തിൽ പരം സിംകാർഡുകൾ പ്രതി തട്ടിപ്പിന് ഉപയോഗിച്ചിരിക്കാം എന്നാണ് നിഗമനം.

ഡി സി ആർ ബി ഡിവൈ എസ് പി വി എസ് ഷാജുവിന്റെ നേതൃത്വത്തിൽ സൈബർ പോലീസ് ഇൻസ്പെക്ടർ ഐ സി ചിത്തരഞ്ജനും പ്രത്യേക ജില്ലാ സൈബർ സ്ക്വാഡ് അംഗങ്ങളായ സബ്ബ് ഇൻസ്പെകടർ നജുമുദ്ദീൻ മണ്ണിശ്ശേരി, പോലീസ് ഉദ്യോഗസ്ഥരായ പി.എം ഷൈജൽ പടിപ്പുര, ഇ.ജി. പ്രദീപ്, കെ.എം ഷാഫി പന്ത്രാല, രാജരത്നം, മടിക്കേരി പോലീസ് സ്റ്റേഷനിലെ മുനീർ പി.യു എന്നിവരും സൈബർ പോലീസ് സ്റ്റേഷനിലെ സൈബർ വിദഗ്ധരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Print Friendly, PDF & Email

Leave a Comment

More News