തിരുവനന്തപുരം: സംസ്ഥാനത്ത് 2024-25 അധ്യയന വർഷത്തേക്കുള്ള ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷാ നടപടികൾ ഇന്ന് (വ്യാഴം) മുതൽ ആരംഭിക്കും. ഏകജാലക സംവിധാനത്തിലൂടെയാണ് പ്രവേശനം. ഇന്നു മുതൽ മെയ് 25 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒരു റവന്യൂ ജില്ലയിലെ എല്ലാ സ്കൂളുകൾക്കും ഒരൊറ്റ അപേക്ഷ മതി എന്ന ഏകജാലക സംവിധാനമാണിത്.
ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷകൾ hscap.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് സമർപ്പിക്കേണ്ടത്. വെബ്‌സൈറ്റിലെ പൊതു വിഭാഗത്തിൽ നിന്ന് വിവരങ്ങൾ കണ്ടെത്താനാകും. ഹയർസെക്കൻഡറി പ്രവേശനത്തിനായി www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിൽ ക്ലിക്ക് ചെയ്യുക. create candidate login-sws ലിങ്ക് വഴി ലോഗിൻ ചെയ്യുക. മൊബൈൽ OTP വഴിയാണ് പാസ്‌വേഡ് ഉണ്ടാക്കുന്നത്.
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് മെയ് 29ന് നടക്കും. ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിനും രണ്ടാം അലോട്ട്മെന്റ് ജൂണ്‍ 12നും മൂന്നാം അലോട്ട്മെന്റ് ജൂണ്‍ 19നും ആയിരിക്കും. ജൂണ്‍ 24ന് ക്ലാസ് തുടങ്ങും. സംസ്ഥാനത്തെ 389 വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രവേശനത്തിന് www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം.
ഒരു റവന്യൂ ജില്ലയിലെ എല്ലാ സ്‌കൂളിലേക്കുമായി ഒരൊറ്റ അപേക്ഷ മതി. എന്നാല്‍ മറ്റു ജില്ലകളില്‍ താല്‍പ്പര്യമുണ്ടെങ്കില്‍ പ്രത്യേകം അപേക്ഷ നല്‍കണം. അപേക്ഷാഫീസായ 25 രൂപ പ്രവേശനസമയത്ത് അടച്ചാല്‍ മതി. സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം നല്‍കേണ്ടതില്ല.
ഭിന്നശേഷിക്കാരും പത്താംക്ലാസില്‍ മറ്റ് സ്‌കീമില്‍ ഉള്‍പ്പെട്ടവരും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യണം. എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്മെന്റ്/അണ്‍ എയ്ഡഡ്/ കമ്യൂണിറ്റി ക്വാട്ടയിലെ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ താല്‍പ്പര്യമുള്ള സ്‌കൂളുകളില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം.
ജില്ലയിലെ എല്ലാ ഹയർ സെക്കൻഡറി സ്കൂളുകളിലും 20 ശതമാനം മാർജിനൽ സീറ്റ് വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് ഒരു ക്ലാസിൽ 50 ന് പകരം 60 വിദ്യാത്ഥികൾക്ക് പഠിക്കാനുള്ള അവസരമൊരുക്കും. 60ൽ കൂടുതൽ വിദ്യാർത്ഥികൾ വന്നാൽ തദ്ദേശ സ്ഥാപനങ്ങളുടെയും പി.ടി.എയുടെയും ആവശ്യപ്രകാരം ഒരു ബാച്ച് കൂടി അനുവദിക്കും. അങ്ങനെയെങ്കിൽ കുറഞ്ഞത് 25 കുട്ടികളെങ്കിലും ഒരു ക്ലാസിൽ വേണം. 20 ശതമാനം സീറ്റ് വർദ്ധിപ്പിക്കുമ്പോൾ ഏകദേശം 44,000 സീറ്റുകൾ ജില്ലയിൽ ലഭിക്കും.