വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ തേടി പോലീസ് കര്‍ണ്ണാടകയിലേക്ക്

കാസർകോട്: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ആഭരണങ്ങൾ കവർന്നശേഷം ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെന്നു സംശയിക്കുന്ന യുവാവിന്റെ ചിത്രം പോലീസ് പുറത്തുവിട്ടു. കർണാടകയിലെ കുടക് സ്വദേശി പി എ സലീമിൻ്റെ ചിത്രമാണ് പൊലീസ് പുറത്തുവിട്ടത്. ഇയാൾക്കായി അന്വേഷണ സംഘം കുടകിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.

ക്രൂരകൃത്യം നടന്ന് അഞ്ചാം ദിവസമാണ് ഇയാളെക്കുറിച്ച് പോലീസിന് കൃത്യമായ സൂചന ലഭിച്ചത്. കർണാടക കുടക് സ്വദേശി പി എ സലീമാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. വിവാഹശേഷം വർഷങ്ങളായി കാഞ്ഞങ്ങാട്ടെ പെൺകുട്ടിയുടെ വീടിനു സമീപം സ്ഥിരതാമസക്കാരനാണ് സലിം. മെയ് 15ന് നടന്ന സംഭവത്തിനുശേഷം ഇയാൾ വീടുവിട്ടിറങ്ങിയതാണ് അന്വേഷണ സംഘത്തിൻ്റെ സംശയം ബലപ്പെടുത്തിയത്.

തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി സലീം തന്നെയെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. പ്രതിയുടെ മുഖം വ്യക്തമാകുന്ന കൂടുതൽ സിസിടിവി ദൃശ്യങ്ങളും തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാൾ മറ്റൊരു പോക്‌സോ കേസിലും പ്രതിയാണെന്നാണ് സൂചന.

സലീമിൻ്റെ ബന്ധുക്കളുടെ വീടുകളിലും പോലീസ് പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണാഭരണങ്ങൾ കവർന്നശേഷം വീടിന് സമീപത്തെ പറമ്പിൽ ഉപേക്ഷിച്ചത്. കുട്ടിയുടെ കുടുംബത്തെയും പ്രദേശത്തെയും കുറിച്ച് പ്രതിക്ക് കൃത്യമായ ധാരണയുണ്ടെന്നായിരുന്നു തുടക്കം മുതൽ അന്വേഷണ സംഘത്തിൻ്റെ അഭിപ്രായം.

Print Friendly, PDF & Email

Leave a Comment

More News