ഓരോ സമര്‍പ്പിത ജീവിതവും ദൈവം നല്‍കുന്ന വരദാനം

മയാമി: ദൈവം നല്‍കുന്ന വേറിട്ട സമ്മാനമാണ് ഓരോ സമർപ്പിത ജീവിതവും. ധന്യമായ സമർപ്പണത്തിൻ്റെ വഴികളിൽ തമ്പുരാന്റെ കൈപിടിച്ച് മുന്നേറുന്ന രണ്ടു സന്യസ്‌തരുടെ ദീപ്‌തമായ ഓർമ്മകൾ ആയിരങ്ങൾ ഒന്നിച്ചുചേർന്ന് പങ്കുവച്ച് ഒരാഘോഷമാക്കി മാറ്റി.

അമ്പത് വർഷങ്ങൾക്ക് മുമ്പ് ഒരു കനലായി കത്തിയ സന്യാസത്തിൻ്റെ തീജ്ജ്വാല ഇന്ന് അഗ്നിയായി ജ്വലിപ്പിച്ച് അനേകർക്ക് സമാശ്വാസം പകർന്ന് നിറപുഞ്ചിരിയോടുകൂടി തളരാതെ മുന്നേറുന്ന സിസ്റ്റർ എൽസ ഇടയാകുന്നേൽ എസ്. എ.ബി.എസ്.ന്റെയും. കാൽ നൂറ്റാണ്ട് മുമ്പ് ആരാധന സന്യാസിനി സമൂഹത്തിൻ്റെ അംഗമായി ആവൃതിയുടെ അകതളങ്ങളിൽ മാത്രം ഒരുങ്ങി നില്ക്കാതെ, ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രേക്ഷിത വേല ചെയ്ത സിസ്റ്റര്‍ സില്‍വി കിഴക്കേമുറിയുടെ സിൽവർ ജൂബിലിയും സിസ്റ്റർ എൽസായുടെ സുവർണ്ണജൂബിലിയും ഔവർ ലേഡി ഓഫ് ഹെൽത്ത് ഫോറാനാ ദേവാലയത്തിൽ സമുചിതമായി ആഘോഷിച്ചു.

ഒരേസമയം തങ്ങൾ അംഗമായിരിക്കുന്ന ആരാധന സന്യാസിനി സമൂഹത്തിന്റെ ആചാര നിഷ്‌ഠകളും വൃതാനുഷ്‌ഠാനങ്ങളും പരിപാലിക്കു ന്നതോടൊപ്പം തങ്ങളുടെ ഔദ്യോഗികമായ തൊഴിൽ മേഖലയേയും സമന്വയിപ്പിച്ച് അനേകർക്ക് മാതൃകയും പ്രചോദനവുമാകുകയാണ് ഇന്നീ സന്യാസിനികൾ.

സന്യാസത്തിന്റെ സുവർണ്ണശോഭയിൽ എത്തിനില്ക്കുന്ന സിസ്റ്റർ എൽസ, കാരുണ്യത്തിന്റെയും കരുതലിൻ്റെയും പ്രതീകമായ ആതുരശുശ്രൂഷയിൽ നാലര പതിറ്റാണ്ടിന്റെ പൂർണ്ണത യിൽ മുന്നേറുകയാണ്.

1979-ൽ കേരളത്തിൽ നേഴ്‌സിംങ് പഠനം പൂർത്തീകരിച്ച് അഡററേഷൻ കോൺഗ്രിഗേഷന്റെ വിവിധ ആശുപത്രികളിലെ നേഴ്‌സിംങ് മേഖലയിൽ ട്യൂട്ടർ ആയും, നേഴ്‌സിംങ് സൂപ്രണ്ടായും സേവനം ചെയ്ത‌ത് അമേരിക്കയിലേക്ക് കൂടിയേറി.

ഏതാനും വർഷം ടെക്സാസിലും തുടർന്ന് 2014 മുതൽ കോറൽ സ്പ്രിംങ് അഡറേഷൻ കോൺവെൻ്റിൽ അംഗമായി ഔവർ ലേഡി ഓഫ് ഹെൽത്ത് കാത്തലിക് ചർച്ച് ഇടവകസമൂഹത്തിൽ വിനയാന്വതയായി സേവനം ചെയ്യുന്നു.

തിളക്കമാർന്ന സിൽവർ ജൂബിലി നിറവിൽ എത്തിനില്ക്കുന്ന സിസ്റ്റർ സിൽവി കിഴക്കേമുറി കർമ്മമേഖലയിൽ ലൈബ്രേറിയനായും ഫോർമേറ്റർ ആയും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ആഫ്രിക്കയിലും ജോലി ചെയ്ത‌്‌ ഇന്ന് കേരളം പോലെ മനോഹരമായ സൗത്ത് ഫ്ളോറിഡായിലെ കോറൽ സ്പ്രിംങ്സ് അഡറേഷൻ കോൺവെൻ്റിൽ അംഗമായി ഈ ഇടവകയുടെ ആദ്ധ്യാത്മിക നവീകരണത്തിന് തൻ്റെ അറിവും, നേതൃത്വപാടവവും നല്കി, ഈ ഇടവകസമൂഹത്തിന് ഒരു മുതൽകുട്ടാകുകയാണ്.

മെയ് 19-ാം തീയതി ഞായറാഴ്‌ച വൈകുന്നേരം 5.30ന് അഭിവന്ദ്യ ബിഷപ്പ് ജേക്കബ് അങ്ങാടിയടത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ കോറൽ സ്പ്രിംങ്സ് ഔവർ ലേഡി ഓഫ് ഹെൽത്ത് ഫോറോന ദേവാലയത്തിൽ അനേകം വൈദികരുടെ സഹകാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലിയോടുകൂടി ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.

തുടർന്ന് അൽഫോൻസാ പാരീഷ് ഓഡിറ്റോറിയത്തിൽ ജൂബിലേറിയൻസിനായുള്ള അനുമോദന സമ്മേളനം വർണ്ണ ശബളമായി അരങ്ങേറി. ബിഷപ്പ് എമിറിറ്റസ് ജേക്കബ് അങ്ങാടിയത്തിൻ്റെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ട പൊതുസമ്മേളനത്തിൽ ഫോറോനാ വികാരിയും; ആഘോഷകമ്മിറ്റി ചെയർമാനുമായ റവ. ഫാ. ജോർജ്ജ് ഇളമ്പാശ്ശേരി സ്വാഗതമാശംസിച്ചു.

ചിക്കാഗോ രൂപതാ പ്രോക്യൂറേറ്റർ റവ. ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, സിസ്റ്റർ ജോളി മരിയ എസ്.എ.ബി.എസ്, ഫാ. തോമസ് പുളിക്കിൽ, ഡോ. ഷൈനി ആന്റണി, ട്രസ്റ്റി ജോഷി ചെളിപറമ്പിൽ, ദിവ്യ സണ്ണി തുടങ്ങിയവർ ആശംസകൾ നേർന്നു.

ഇടവക സമൂഹത്തിൻ്റെ ആദരവ് ജൂബിലേറിയൻസിന് പൊന്നാട അണിയിച്ച് അഭിവന്ദ്യ ബിഷപ്പ് എമിറിറ്റസ് ജേക്കബ് അങ്ങാടിയത്ത് നിർവ്വഹിച്ചു. സിസ്റ്റർ എൽസയും സിസ്റ്റർ സിൽവിയായും ചേർന്ന് ഏവർക്കും നന്ദിയും കൃതജ്ഞതയും അർപ്പിച്ചു.

യൂത്ത് കൊയറിന്റെ പ്രാർത്ഥനാ ഗാനവും, സീനിയർ കൊയറിൻ്റെ ജൂബിലി മംഗളവും, സി.സി.ഡി. വിദ്യാർത്ഥികളുടെ ഡാൻസ് പരിപാടികളും, വിഭവസമൃദ്ധമായ വിരുന്നും ആഘോഷ ങ്ങൾക്ക് മാറ്റുകൂട്ടി. പരിപാടികളുടെ എം.സി.മാരായി ദീപാ ദീപുവും, ജോയൽ വിൻസെന്റും, നയനാ ജോസഫും, മന്നാ മറിയാ ടോണിയും ചേർന്ന് നിർവ്വഹിച്ചു.

ആൻസി ജോണിന്റെയും സിജി ഡെന്നിയുടെയും നേതൃത്വത്തിൽ മദേർസ് ഫോറമാണ് പ്രോഗ്രാം കോ-ഓർഡിനേറ്റ് ചെയ്‌തത്.
പാരീഷ് കമ്മിറ്റി അംഗങ്ങളും ട്രസ്റ്റിമാരും സി.സി.ഡി. കോ-ഓർഡിനേറ്റഴ്‌സും പരിപാടികൾക്ക് നേതൃത്വം നൽകിയപ്പോൾ സൗത്ത് ഫ് ളോറിഡായിലെ വിവിധ ക്രൈസ്‌തവ ദേവലായങ്ങളിൽ സേവനം അനുഷ്ഠിക്കുന്ന വൈദികർ; അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തി ച്ചേർന്ന ആരാധനാ സഭയിലെ സിസ്റ്റേഴ്‌സ്; വിവിധ മേഖലകളിൽ നിന്ന് ക്ഷണിക്കപ്പെട്ട അതിഥികളും ഒത്തുചേർന്ന് ജൂബിലി ആഘോഷം മഹനീയമാക്കി.

Print Friendly, PDF & Email

Leave a Comment

More News