സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ബാലതാരം ദേവനന്ദയും കുടുംബവും പോലീസിൽ പരാതി നൽകി

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ബാലതാരം ദേവനന്ദയും കുടുംബവും പോലീസിൽ പരാതി നൽകി. ദേവനന്ദയുടെ അച്ഛൻ ജിബിനാണ് എറണാകുളം സൈബർ പോലീസിൽ പരാതി നൽകിയത്.

ദേവനന്ദയുടെ ‘ഗു’ എന്ന സിനിമയുടെ ഭാഗമായി നടത്തിയ അഭിമുഖത്തിൻ്റെ ഒരു ഭാഗം അടര്‍ത്തി മാറ്റിയാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതെന്നും ചിലർ മോശം പരാമർശം നടത്തിയെന്നും പരാതിയിൽ പറയുന്നു. മോശം പരാമർശം നടത്തിയവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുന്നതിൻ്റെ വിവരം എല്ലാ പ്രിയപ്പെട്ടവരെയും അറിയിക്കുന്നതായി ദേവനന്ദ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

കണ്ടൻ്റ് ക്രിയേറ്റേഴ്സ് എന്ന് അവകാശപ്പെടുന്ന കുറച്ചു പേർ, മകളുടെ ഏറ്റവും പുതിയ സിനിമ ‘ഗു’വിന്റെ പ്രമോഷൻ്റെ ഭാഗമായി എൻ്റെ മോൾ വീട്ടിൽ വെച്ച് പ്രത്യേകമായി ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ നിന്ന് തങ്ങളുടെ അനുവാദമില്ലാതെ അഭിമുഖത്തിൻ്റെ ഒരു ഭാഗം മാത്രം ഡൗൺലോഡ് ചെയ്യുകയും, അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സ്വന്തം വീഡിയോ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. മകളുടെ അനുവാദമില്ലാതെ ചെയ്ത ഈ പ്രവൃത്തി തൻ്റെ മകളെ മാനസികമായി വിഷമത്തിലാക്കിയെന്നും, സമൂഹത്തിൽ ബോധപൂർവം അപമാനിച്ചെന്നും ദേവനന്ദയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു.

അപ്‌ലോഡ് ചെയ്തിട്ടുള്ള വീഡിയോകൾ എത്രയും പെട്ടെന്ന് ഡിലീറ്റ് ചെയ്യിക്കുകയും വ്യക്തികളുടെ പേരിൽ നിയമനടപടികൾ സ്വീകരിക്കാനും ആവശ്യപ്പെട്ടു കൊണ്ടാണ് ദേവനന്ദയുടെ പിതാവ് സൈബർ പോലീസിന് പരാതി നൽകിയിരിക്കുന്നത്. ഇരുപതിലധികം സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് ദേവനന്ദ.

അടുത്തിടെ പുറത്തിറങ്ങി തീയറ്ററുകളിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട ‘അരൺമനൈ 4’ എന്ന തമിഴ് ചിത്രത്തിലും ദേവനന്ദ വേഷമിട്ടിട്ടുണ്ട്. ഹൊറർ ചിത്രമായി മണിയൻപിള്ള രാജു നിർമ്മിച്ചിരിക്കുന്ന ‘ഗു’ എന്ന ചിത്രമാണ് ദേവനന്ദയുടെ പുതിയ റിലീസ്.

Print Friendly, PDF & Email

Leave a Comment

More News