ജമ്മുവിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 21 പേർ മരിച്ചു; 47 പേർക്ക് പരിക്കേറ്റു

ജമ്മു: ജമ്മു ജില്ലയിൽ വ്യാഴാഴ്ച തീർത്ഥാടകരുമായി പോയ ബസ് റോഡിൽ നിന്ന് തെന്നി മലയിടുക്കിലേക്ക് മറിഞ്ഞ് 21 പേർ മരിക്കുകയും 47 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ (എൽജി) മനോജ് സിൻഹ അനുശോചനം രേഖപ്പെടുത്തി.

ജില്ലയിലെ ചൗക്കി ചോര ബെൽറ്റിലെ തുങ്കി-മോർ എന്ന സ്ഥലത്താണ് അപകടമുണ്ടായതെന്ന് അധികൃതർ പറഞ്ഞു, ബസ് 150 അടിയോളം താഴ്ചയിലേക്കാണ് മറിഞ്ഞത്.

UP81CT-4058 എന്ന രജിസ്‌ട്രേഷൻ നമ്പറിലുള്ള ബസ് തോട്ടിലേക്ക് മറിഞ്ഞ് 21 യാത്രക്കാർ മരിക്കുകയും 47 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് വക്താവ് പറഞ്ഞു.

ഹരിയാനയിലെ കുരുക്ഷേത്രയിൽ നിന്നുള്ള ഭക്തരുമായി ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ പൂനി പ്രദേശത്തെ ശിവ് ഖോറിയിലേക്ക് പോവുകയായിരുന്നു ബസ്. ഉത്തർപ്രദേശിൽ നിന്നാണ് യാത്ര തുടങ്ങിയത്.

മൃതദേഹങ്ങൾ അഖ്‌നൂർ ഉപജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് വക്താവ് പറഞ്ഞു, പരിക്കേറ്റവരിൽ ഏഴ് പേരെ അഖ്‌നൂർ ആശുപത്രിയിലും 40 പേരെ ജമ്മുവിലെ സർക്കാർ മെഡിക്കൽ കോളേജ് (ജിഎംസി) ആശുപത്രിയിലും പ്രവേശിപ്പിച്ചു.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

പരിക്കേറ്റവരെ പ്രാഥമിക ചികിത്സയ്ക്കായി അഖ്‌നൂർ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന്, ഗുരുതരാവസ്ഥയിലുള്ള ആറ് പേർ ഉൾപ്പെടെ 36 പേരെ ആംബുലൻസുകളിൽ ജമ്മുവിലെ ജിഎംസി ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.

36-ലധികം യാത്രക്കാരെ ജിഎംസി ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇതിൽ ആറുപേരുടെ നില ഗുരുതരമാണ്. രോഗികൾക്ക് കൃത്യസമയത്ത് ചികിത്സ നൽകുന്നുണ്ടെന്ന് ആശുപത്രി പ്രിൻസിപ്പൽ ഡോ അശുതോഷ് ഗുപ്ത പറഞ്ഞു.

ബസ് വളവ് തിരിയുന്നതിനിടെ എതിർദിശയിൽ നിന്ന് അമിതവേഗതയിൽ വന്ന കാർ ആണ് അപകടം വരുത്തിയതെന്ന് പരിക്കേറ്റ യാത്രക്കാർ പറഞ്ഞു.

ട്രാഫിക് സീനിയർ സൂപ്രണ്ട് ഓഫ് പോലീസ്, ട്രാൻസ്പോർട്ട് കമ്മീഷണർ ഫൈസൽ ഖുറേഷി, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ച് ഓപ്പറേഷൻ മേൽനോട്ടം വഹിച്ചു. ബസിൽ യാത്രക്കാരെ അമിതഭാരം കയറ്റിയിരുന്നില്ലെന്ന് എസ്എസ്പി പറഞ്ഞു.

പരിക്കേറ്റവരെ കുറിച്ച് അന്വേഷിക്കാൻ എസ്എസ്പിയും ജമ്മു ഡെപ്യൂട്ടി കമ്മീഷണറും ജിഎംസി ആശുപത്രി സന്ദർശിച്ചു.

അഖ്‌നൂരിലെ ബസ് അപകടം ഹൃദയഭേദകമാണെന്ന് അനുശോചന സന്ദേശത്തിൽ ലഫ്. ഗവര്‍ണ്ണര്‍ സിൻഹ പറഞ്ഞു. ജീവഹാനിയിൽ ഞാൻ അനുശോചനം രേഖപ്പെടുത്തുകയും, നികത്താനാവാത്ത നഷ്ടം താങ്ങാനുള്ള കരുത്ത് ദുഃഖിതരായ കുടുംബങ്ങൾക്ക് നൽകട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു. ദുരന്തബാധിതരായ കുടുംബങ്ങൾക്ക് ഭരണകൂടം സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ട്, കൂടാതെ പരിക്കേറ്റവർക്ക് ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കുന്നുണ്ട്.

Print Friendly, PDF & Email

Leave a Comment

More News