ഇടിമിന്നലേറ്റ് തൃശൂരില്‍ രണ്ട് പേർ മരിച്ചു

തൃശൂര്‍: ഇന്ന് (ശനിയാഴ്ച) രാവിലെ തൃശ്ശൂരിൽ ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു. വേളൂർ സ്വദേശി തോപ്പിൽ ഗണേശൻ (50), വലപ്പാട് കോതകുളം വേളേക്കാട് സുധീറിൻ്റെ ഭാര്യ നിമിഷ (42) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ തൃശൂർ ജില്ലയിൽ മിക്കയിടത്തും പേമാരിയും തുടർന്നുണ്ടായ ഇടിമിന്നലിലുമാണ് ഇരുവരും മരിച്ചത്.

വീടിൻ്റെ വരാന്തയിൽ ഇരിക്കുമ്പോഴാണ് ഗണേശന് ഇടിമിന്നലേറ്റത്. ഉടൻ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കുന്നതിനിടെയാണ് നിമിഷയ്ക്ക് ഇടിമിന്നലേറ്റത്. ഇടിമിന്നലിൻ്റെ ആഘാതത്തിൽ കുളിമുറിയുടെ ഭിത്തിയിൽ വിള്ളലുകൾ വീഴുകയും വൈദ്യുത കമ്പികളും ലൈറ്റുകളും തകരുകയും ചെയ്തു.

അതിനിടെ, ഒല്ലൂരിൽ റെയിൽവേ ട്രാക്കിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ട്രെയിൻ ഗതാഗതം താത്കാലികമായി തടസ്സപ്പെട്ടു. നാല് ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിലായി നിർത്തി. ട്രാക്ക് വൃത്തിയാക്കിയ ശേഷമാണ് ട്രെയിനുകൾ സർവീസ് പുനരാരംഭിച്ചത്. തൃശൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ സിഗ്നൽ സംവിധാനത്തിലും മഴയിൽ തകരാർ ഉണ്ടായതായി റിപ്പോർട്ട്.

തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസ്; എറണാകുളം-ബാംഗ്ലൂർ ഇൻ്റർസിറ്റി എക്സ്പ്രസ്; തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്; തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്‌സ്പ്രസ് എന്നിവ വിവിധ സ്റ്റേഷനുകളിൽ നിർത്തിവച്ചു. രാവിലെ 10.45ഓടെ സർവീസുകൾ പുനരാരംഭിച്ചു

ശനിയാഴ്ച പുലർച്ചെ പെയ്ത മഴയിൽ തൃശ്ശൂരിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കുന്നംകുളത്ത് മൂന്ന് മണിക്കൂറിനുള്ളിൽ 105 മില്ലീമീറ്ററും വെള്ളാനിക്കരയിൽ 83 മില്ലീമീറ്ററും പീച്ചിയിൽ 81 മില്ലീമീറ്ററും മഴ ലഭിച്ചു.

ഡ്രെയിനേജ് കനാലുകളെല്ലാം നിറഞ്ഞു കവിഞ്ഞു. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. പല വീടുകളിലും വെള്ളം കയറി.

 

Print Friendly, PDF & Email

Leave a Comment

More News