ഒയാസിസ് കമ്പനിക്ക് വേണ്ടി മദ്യനയത്തിൽ മാറ്റം വരുത്തി; അഴിമതി ആരോപണങ്ങൾ ശക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കൊച്ചി: പാലക്കാട് എലപ്പുള്ളി ബ്രൂവറി പദ്ധതിയിൽ അഴിമതി നടന്നുവെന്ന ആരോപണം പ്രതിപക്ഷം വീണ്ടും ശക്തമാക്കി. ഒയാസിസ് കമ്പനിക്കുവേണ്ടിയാണ് മദ്യനയം മാറ്റിയതെന്നും മന്ത്രി എം.ബി. രാജേഷിന്റെ വാദം പച്ചക്കള്ളമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പാലക്കാട് എലപ്പുള്ളിയിൽ മദ്യ ഫാക്ടറി നിർമ്മിക്കാൻ മന്ത്രി ഉയർത്തിയ ചീട്ടുകൊട്ടാരം തകർന്നു. മദ്യനയത്തിലെ മാറ്റത്തെക്കുറിച്ച് ഒരു സ്വകാര്യ കമ്പനി മാത്രമാണ് അറിഞ്ഞതെന്നും സതീശന്‍ പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ ക്ഷണപ്രകാരം ഒയാസിസ് കമ്പനി മദ്യ ഫാക്ടറി ആരംഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വാട്ടർ അതോറിറ്റിക്ക് സമർപ്പിച്ച അപേക്ഷയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് വി.ഡി. സതീശൻ പറഞ്ഞു. മദ്യനയം മാറുന്നതിന് മുമ്പ് കമ്പനിയുമായി കരാർ ഉണ്ടാക്കിയിരുന്നു. ഈ കമ്പനിക്ക് വേണ്ടി സർക്കാർ മദ്യനയം മാറ്റി. സർക്കാർ കമ്പനിയെ ക്ഷണിക്കുന്നതിന് മുമ്പ് കമ്പനിക്ക് ഐ.ഒ.സി. അനുമതി ലഭിച്ചിരുന്നില്ല.

2023ൽ പദ്ധതിക്ക് വെള്ളം ആവശ്യപ്പെട്ട് വാട്ടർ അതോറിറ്റിക്ക് കമ്പനി കത്ത് നൽകി. സർക്കാരിന്‍റെ ക്ഷണപ്രകാരമാണ് കമ്പനി ആരംഭിക്കുന്നതെന്ന് കത്തിൽ പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ അംഗീകാരം ലഭിക്കുന്നതിന് മുമ്പ് സർക്കാർ കമ്പനിയെ കേരളത്തിലേക്ക് ക്ഷണിച്ചു.

2023 ജൂണ്‍ 16നാണ് കമ്പനി വാട്ടര്‍ അതോറിറ്റിക്ക് കത്ത് നൽകിയത്. അതേദിവസം തന്നെ വാട്ടർ അതോറിറ്റി മറുപടി നൽകി. 2023ൽ കേരളത്തിൽ മദ്യനിർമാണ ശാല തുടങ്ങാൻ കമ്പനി ഐഒസിയിലും അപേക്ഷ നൽകി. കമ്പനിയും എക്സൈസ് മന്ത്രിയുമായി ഡീല്‍ നടന്നു. എംബി രാജേഷുമായി കെ കവിത ചര്‍ച്ച നടത്തിയെന്നും വിഡി സതീശൻ ആരോപിച്ചു.

 

Leave a Comment

More News