മലപ്പുറം: ഭര്‍ത്താവിന്റെ അതിരുവിട്ട പീഡനം സഹിക്കവയ്യാതെ യുവതി ആത്മഹത്യ ചെയ്തു. മലപ്പുറം എളങ്കൂരിലാണ് വിഷ്ണുജ എന്ന യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തത്. കാര്യങ്ങൾ വളരെ ധൈര്യത്തോടെ കൈകാര്യം ചെയ്തിരുന്ന വിഷ്ണുജ ഇങ്ങനെ ജീവിതം അവസാനിപ്പിക്കുമെന്ന് അവരുടെ സുഹൃത്തുക്കൾ പോലും വിശ്വസിച്ചിട്ടില്ല.
സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവരുന്നു. ഭർത്താവ് പ്രബിൻ വിഷ്ണുജയെ അമിതമായി ശാരീരിക പീഡനം നടത്താറുണ്ടെന്ന് സുഹൃത്ത് പറയുന്നു. വിഷ്ണുജയുടെ വാട്ട്‌സ്ആപ്പ് പ്രബിന്റെ ഫോണുമായി ബന്ധിപ്പിച്ചിരുന്നതിനാല്‍ ഫോണിലൂടെ പോലും തന്റെ ബുദ്ധിമുട്ടുകള്‍ മറ്റുള്ളവരുമായി പങ്കു വെയ്ക്കാന്‍ വിഷ്ണുജക്ക് സാധിക്കുമായിരുന്നില്ലെന്നും സുഹൃത്ത് പറഞ്ഞു.
അതേസമയം, കേസിൽ ഭർതൃവീട്ടുകാരുടെ മൊഴികൾ പോലീസ് രേഖപ്പെടുത്തും. ആത്മഹത്യ ചെയ്ത വിഷ്ണുജയുടെ കുടുംബം നൽകിയ പരാതിയിൽ ഭർതൃവീട്ടുകാർക്കെതിരെയും ആരോപണങ്ങളുണ്ട്.
ഇന്നലെ അറസ്റ്റ് ചെയ്ത ഭര്‍ത്താവ് പ്രബിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആത്മഹത്യാ പ്രേരണ, സ്ത്രീപീഡനം എന്നീ കുറ്റങ്ങളാണ് പ്രബിനെതിരെ ചുമത്തിയിട്ടുള്ളത്. വിഷ്ണുജയെ സൗന്ദര്യമില്ലെന്ന് പറഞ്ഞും സ്ത്രീധനത്തിന്റെ പേരിലും ഭര്‍ത്താവ് നിരന്തരം പീഡിപ്പിക്കുന്നുണ്ടായിരുന്നു എന്നാണ് പരാതി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് എളങ്കൂരിലെ ഭര്‍തൃവീട്ടില്‍ വിഷ്ണുജയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 2023 ലായിരുന്നു വിഷ്ണുജയും എളങ്കൂര്‍ സ്വദേശി പ്രബിനും തമ്മിലുള്ള വിവാഹം.