തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലും മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. തിരുവനന്തപുരത്തും കൊല്ലത്തും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി നഗരത്തില്‍ ശക്തമായ മഴമൂലം നിരവധി മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് ജില്ലാ കളക്ടർ വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂർ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, മലപ്പുറം (ഓറഞ്ച് അലേർട്ട്: അടുത്ത മൂന്ന് മണിക്കൂർ മാത്രം) ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മിതമായ മഴയും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും ഉണ്ടാകാം. മറ്റ് എല്ലാ ജില്ലകളിലും വരും മണിക്കൂറുകളിൽ മിതമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
തിരുവനന്തപുരം കാട്ടാക്കടയിൽ കെഎസ്ആർടിസി ബസിനു മുകളിൽ മരം വീണ് കണ്ടക്ടർക്ക് പരിക്ക്. തലസ്ഥാന നഗരിയിലെ കഴക്കൂട്ടത്തും കടയ്ക്കാവൂരിലും മഴയിൽ മരങ്ങൾ കടപുഴകി വീണതായി റിപ്പോർട്ട്.
തിരുവനന്തപുരം-ചെന്നൈ സൂപ്പർഫാസ്റ്റ് ട്രെയിൻ വർക്കലയിലും ഇൻ്റർസിറ്റി എക്സ്പ്രസ് മുരുക്കുംപുഴയിലും കന്യാകുമാരി-പുനലൂർ പാസഞ്ചർ കഴക്കൂട്ടത്തും വഞ്ചിനാട് കഴക്കൂട്ടം ഔട്ടറിലും തിരുവനന്തപുരം-കൊല്ലം പാസഞ്ചർ കൊച്ചുവേളിയിലും ഒരുമണിക്കൂറിലേറെ നിർത്തിയതായി റിപ്പോർട്ടുണ്ട്.
